2 ശമൂവേൽ 16:5-12

2 ശമൂവേൽ 16:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദ്‍രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു. അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. ശിമെയി ശപിച്ചുംകൊണ്ട് ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവനു പകരമല്ലോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു. അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. അതിനു രാജാവ്: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത് എന്ന് ആർ ചോദിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്കും.

പങ്ക് വെക്കു
2 ശമൂവേൽ 16 വായിക്കുക

2 ശമൂവേൽ 16:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബഹൂരീമിൽ എത്തിയ ദാവീദുരാജാവ് ശൗലിന്റെ കുടുംബത്തിൽപ്പെട്ട ഗേരയുടെ പുത്രനായ ശിമെയി തന്നെ ശപിച്ചുകൊണ്ടു വരുന്നതു കണ്ടു. അവൻ രാജാവിന്റെയും ഭൃത്യന്മാരുടെയും നേർക്കു കല്ലെറിഞ്ഞു. രാജാവിന്റെ അനുയായികളും അംഗരക്ഷകരും രാജാവിന്റെ ഇടത്തും വലത്തുമായി നിന്നിരുന്നു. ശിമെയി രാജാവിനെ ശപിച്ചുപറഞ്ഞു: “കൊലപാതകീ, നീചാ, നീ അകലെപ്പോകൂ; ശൗലിന്റെ കുടുംബത്തെ വധിച്ചല്ലേ നീ രാജാവായത്? നീ അവരെ കൊന്നതിനു സർവേശ്വരൻ പ്രതികാരം ചെയ്തിരിക്കുന്നു. അവിടുന്നു രാജത്വം നിന്നിൽനിന്നെടുത്തു നിന്റെ മകനായ അബ്ശാലോമിനു നല്‌കി. ഘാതകാ, നിന്റെ നാശം അടുത്തിരിക്കുന്നു.” അപ്പോൾ സെരൂയായുടെ പുത്രനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ എന്തിനു ശപിക്കുന്നു? ഞാൻ അവന്റെ തല വെട്ടിക്കളയട്ടെ.” എന്നാൽ രാജാവു പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, ഇതിൽ നിങ്ങൾക്ക് എന്തു കാര്യം? അവൻ ശപിച്ചുകൊള്ളട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു സർവേശ്വരൻ കല്പിച്ചിട്ടുണ്ടെങ്കിൽ അതു തടയാൻ ആർക്കാണ് അവകാശം.” ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ സ്വന്തം മകൻതന്നെ എന്നെ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയെങ്കിൽ ഈ ബെന്യാമീൻഗോത്രക്കാരൻ ചെയ്യുന്നതിൽ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവൻ ശപിക്കട്ടെ; സർവേശ്വരൻ കല്പിച്ചതുകൊണ്ടാണ് അവൻ ശപിക്കുന്നത്. ഒരുവേള അവിടുന്ന് എന്റെ കഷ്ടത കണ്ട് അവന്റെ ശാപം അനുഗ്രഹമാക്കിയേക്കും.”

പങ്ക് വെക്കു
2 ശമൂവേൽ 16 വായിക്കുക

2 ശമൂവേൽ 16:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാവീദ്‌ രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്‍റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു. അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാർ എല്ലാവരും ദാവീദിന്‍റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ, പോകൂ, പോകൂ. ശൗല്‍ഗൃഹത്തിന്‍റെ രക്തമൊക്കെയും യഹോവ നിന്‍റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലയോ നീ രാജാവായത്; യഹോവ രാജത്വം നിന്‍റെ മകനായ അബ്ശാലോമിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കുകയാൽ ഇപ്പോൾ ഇതാ, നിന്‍റെ ദോഷത്തിന്‍റെ ഫലം നിനക്ക് വന്നു ഭവിച്ചിരിക്കുന്നു.” അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ എന്‍റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്നു അവന്‍റെ തല വെട്ടിക്കളയട്ടെ” എന്നു പറഞ്ഞു. അതിന് രാജാവ്: “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു യഹോവ അവനോട് കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത്? എന്നു ആര്‍ ശിമെയിയോട് ചോദിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീശായിയോടും തന്‍റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്‍റെ ദേഹത്തിൽനിന്നുതന്നെ പുറപ്പെട്ട മകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്‍റെ സങ്കടം നോക്കി ഇന്നത്തെ ഇവന്‍റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും.”

പങ്ക് വെക്കു
2 ശമൂവേൽ 16 വായിക്കുക

2 ശമൂവേൽ 16:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദ്‌രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു. അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു. അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.

പങ്ക് വെക്കു
2 ശമൂവേൽ 16 വായിക്കുക

2 ശമൂവേൽ 16:5-12 സമകാലിക മലയാളവിവർത്തനം (MCV)

ദാവീദുരാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഒരുവൻ പുറപ്പെട്ടുവന്നു. അയാൾ ഗേരയുടെ മകനും ശിമെയി എന്നു പേരുള്ളവനും ആയിരുന്നു; അയാൾ ദാവീദിനെ ശപിച്ചുംകൊണ്ടു കടന്നുവന്നു. അയാൾ രാജാവിനെയും രാജഭൃത്യന്മാരെയും കല്ലുവാരിയെറിഞ്ഞു; സകലപടയാളികളും പ്രത്യേക അംഗരക്ഷകരും ദാവീദിന്റെ വലത്തും ഇടത്തുമായി നീങ്ങുകയായിരുന്നു. ശപിക്കുന്നതിനിടയിൽ ശിമെയി പറഞ്ഞു: “കടന്നുപോകൂ, രക്തപാതകാ! കടന്നുപോകൂ, നീചാ! ശൗലിന്റെ ഗൃഹത്തിൽ നീ ചിന്തിയ രക്തത്തിനു യഹോവ പകരം ചെയ്തിരിക്കുന്നു; അദ്ദേഹത്തിനു പകരമാണല്ലോ നീ രാജാവായത്. യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിനു നൽകിയിരിക്കുന്നു. നീ രക്തം ചിന്തിയവനാണ്; അതിനാൽ നിനക്ക് അതിന്റെ ഫലം ലഭിച്ചിരിക്കുന്നു.” അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നല്ലോ! ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ?” എന്നു ചോദിച്ചു. എന്നാൽ രാജാവു പറഞ്ഞു: “സെരൂയയുടെ പുത്രന്മാരേ, നിങ്ങൾക്ക് ഇതിൽ എന്തുകാര്യം? അവൻ ശപിക്കട്ടെ. ‘ദാവീദിനെ ശപിക്കുക,’ എന്ന് യഹോവ അവനോടു കൽപ്പിച്ചിരിക്കുന്നു. പിന്നെ ‘നീ ഇതു ചെയ്യുന്നതെന്ത്?’ എന്നു ചോദിക്കാൻ ആർക്കാണ് അവകാശം?” പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ മാംസമായ എന്റെ സ്വന്തമകൻ എനിക്കു പ്രാണഹാനി വരുത്താൻ നോക്കുന്നു. പിന്നെ ഈ ബെന്യാമീന്യൻ ചെയ്യുന്നതിൽ എന്താണാശ്ചര്യം. അയാളെ വിടുക, അയാൾ ശപിക്കട്ടെ. അങ്ങനെ ചെയ്യാൻ യഹോവ അയാളോടു കൽപ്പിച്ചിരിക്കുന്നു. യഹോവ എന്റെ കഷ്ടതയെ കടാക്ഷിക്കുകയും ഇന്ന് എനിക്കു ലഭിക്കുന്ന ശാപത്തിനു പകരമായി അവിടത്തെ ഉടമ്പടിയുടെ അനുഗ്രഹം നൽകുകയും ചെയ്തേക്കാം!”

പങ്ക് വെക്കു
2 ശമൂവേൽ 16 വായിക്കുക