2 ശമൂവേൽ 16:1-4
2 ശമൂവേൽ 16:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു. രാജാവ് സീബയോട്: ഇത് എന്തിന് എന്നു ചോദിച്ചു. അതിനു സീബ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞ് മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നെ എന്നു പറഞ്ഞു. നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവൻ പറയുന്നു എന്നു പറഞ്ഞു. രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 16:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് മലമുകൾ കടന്നു കുറേദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനൽക്കാല ഫലങ്ങളും ഒരു തോൽക്കുടം വീഞ്ഞും അവൻ കൊണ്ടുവന്നിരുന്നു. ‘ഇതെല്ലാം എന്തിന്’ എന്നു രാജാവ് സീബയോടു ചോദിച്ചു. സീബ പറഞ്ഞു: “കഴുതകൾ അങ്ങയുടെ കുടുംബത്തിനു യാത്രചെയ്യാനും അപ്പവും പഴങ്ങളും അങ്ങയുടെ അനുചരർക്കു ഭക്ഷിക്കാനും വീഞ്ഞ് മരുഭൂമിയിലൂടെ നടന്നുതളരുമ്പോൾ കുടിക്കാനുമാണ്. “നിന്റെ യജമാനന്റെ മകൻ എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാൾ യെരൂശലേമിൽത്തന്നെ പാർക്കുന്നു; തന്റെ പിതാവിന്റെ സിംഹാസനം ഇസ്രായേല്യർ വീണ്ടെടുത്തു തനിക്കു നല്‌കുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.” രാജാവ് സീബയോടു പറഞ്ഞു: “മെഫീബോശെത്തിനുള്ളതെല്ലാം ഞാൻ നിനക്കു തരുന്നു.” സീബ മറുപടി നല്‌കി: “അങ്ങയുടെ വാത്സല്യം ഈ ദാസന്റെമേൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.”
2 ശമൂവേൽ 16:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്‍റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതളുമായി എതിരെ വരുന്നത് കണ്ടു. അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് അത്തിപഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു. രാജാവ് സീബയോട്: “ഇത് എന്തിന്?” എന്നു ചോദിച്ചു. അതിന് സീബാ: “കഴുതകൾ രാജാവിന്‍റെ കുടുംബക്കാർക്ക് കയറുവാനും, അപ്പവും വേനൽകാലത്തിലെ അത്തിപഴവും യൗവനക്കാർക്ക് കഴിക്കുവാനും, വീഞ്ഞ് മരുഭൂമിയിൽ മോഹാലസ്യപ്പെടുന്നവർക്ക് കുടിക്കുവാനും ആകുന്നു” എന്നു പറഞ്ഞു. “നിന്റെ യജമാനന്റെ മകൻ എവിടെ?” എന്നു രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ താമസിക്കുന്നു; എന്‍റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു. രാജാവ് സീബയോട്: “ഇതാ, മെഫീബോശെത്തിനുള്ള സകലവും നിനക്കുള്ളതാകുന്നു” എന്നു പറഞ്ഞു. അതിന് സീബാ: “എന്‍റെ യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്ക് ദയ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞു.
2 ശമൂവേൽ 16:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു. നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു. രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 16:1-4 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് ഒലിവുമല കടന്ന് അൽപ്പദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ കാര്യസ്ഥനായ സീബായെ കണ്ടുമുട്ടി. അദ്ദേഹം ദാവീദിനെ കാണുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ കോപ്പിട്ടതും ഭാരം കയറ്റിയതുമായ രണ്ടു കഴുതകളും ഉണ്ടായിരുന്നു. ആ കഴുതകളുടെ പുറത്ത് ഇരുനൂറ് അടയും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിപ്പഴക്കട്ടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. “നീ ഇവയെല്ലാം കൊണ്ടുവന്നതെന്തിന്?” എന്നു രാജാവ് സീബായോടു ചോദിച്ചു. സീബ മറുപടി പറഞ്ഞു: “കഴുതകൾ രാജാവിന്റെ കുടുംബാംഗങ്ങൾക്കു കയറുന്നതിനും, അടയും പഴവും അങ്ങയുടെ കൂടെയുള്ളവർക്കു തിന്നുന്നതിനും വീഞ്ഞ് മരുഭൂമിയിൽ തളർന്നുപോകുന്നവർക്കു തളർച്ച തീർക്കുന്നതിനുമാണ്.” അപ്പോൾ രാജാവു ചോദിച്ചു: “നിന്റെ യജമാനന്റെ പൗത്രൻ എവിടെ?” സീബാ അദ്ദേഹത്തോടു പറഞ്ഞു: “അദ്ദേഹം ജെറുശലേമിൽ പാർക്കുന്നു. കാരണം, ‘ഇന്ന് ഇസ്രായേൽഗൃഹം എന്റെ വലിയപ്പനായ ശൗലിന്റെ രാജത്വം എനിക്കു തിരികെത്തരും,’ എന്ന് അദ്ദേഹം പറയുന്നു.” അപ്പോൾ രാജാവു സീബായോട്: “മെഫീബോശെത്തിന് ഉണ്ടായിരുന്നതെല്ലാം ഇപ്പോൾ നിന്റേതാണ്” എന്നു പറഞ്ഞു. അതിനു സീബ: “എന്റെ യജമാനനായ രാജാവേ! അങ്ങയെ ഞാൻ ആദരപൂർവം നമിക്കുന്നു. അടിയന് എന്നും തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ!” എന്നു പറഞ്ഞു.