2 ശമൂവേൽ 15:13-31
2 ശമൂവേൽ 15:13-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും: നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈയിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്ക് അനർഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിനു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു. രാജഭൃത്യന്മാർ രാജാവിനോട്: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു. അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; അവന്റെ സകല ഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറു പേരായ എല്ലാ ഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതെന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതെന്തിന്? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നെ പൊയ്ക്കൊൾക; നീ ഇന്നലെ വന്നതേയുള്ളൂ; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയുംകൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ. അതിന് ഇത്ഥായി രാജാവിനോട്: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു. ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി. സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറിച്ചെന്നു. രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാൺമാൻ എനിക്ക് ഇടയാകും. അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്ന് അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു. രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ. എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു. അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
2 ശമൂവേൽ 15:13-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതൻ ദാവീദിനെ അറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിലുള്ള തന്റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കിൽ നമ്മിലാരും അബ്ശാലോമിന്റെ കൈയിൽനിന്നു രക്ഷപെടുകയില്ല. അവൻ വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.” ഭൃത്യന്മാർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങൾ ശിരസ്സാവഹിച്ചുകൊള്ളാം.” പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു. രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്റെ അടുക്കൽ ചെന്നു നിന്നു. രാജാവിന്റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തിൽനിന്നു രാജാവിന്റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്റെ മുമ്പിലൂടെത്തന്നെ കടന്നുപോയി. ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ പാർക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ; ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്റെകൂടെ എന്തിന് അലയുന്നു? നിന്റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സർവേശ്വരൻ നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.” ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സർവേശ്വരന്റെയും അങ്ങയുടെയും നാമത്തിൽ ഞാനിതാ സത്യം ചെയ്യുന്നു.” “നീയും എന്റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി. ദാവീദിന്റെ അനുയായികൾ കടന്നുപോയപ്പോൾ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോൻതോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു. അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവർ പെട്ടകം താഴെവച്ചു. രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സർവേശ്വരന് എന്നിൽ പ്രസാദം തോന്നിയാൽ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കൽ കൂടി കാണാൻ എനിക്ക് അവസരം ലഭിക്കും. എന്നിൽ സർവേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കിൽ തിരുഹിതംപോലെ എന്നോടു പ്രവർത്തിക്കട്ടെ.” രാജാവ് പുരോഹിതനായ സാദോക്കിനോടു തുടർന്നു പറഞ്ഞു: “നിന്റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക. നിങ്ങളിൽനിന്നു വാർത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവിൽതന്നെ ഞാൻ താമസിക്കും.” അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാർത്തു. ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു. അബ്ശാലോമിന്റെ ഗൂഢാലോചനയിൽ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സർവേശ്വരനോടു പ്രാർഥിച്ചു: “സർവേശ്വരാ, അഹീഥോഫെലിന്റെ ആലോചന വ്യർഥമാക്കണമേ.”
2 ശമൂവേൽ 15:13-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്‍റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടിയാണ്” എന്നറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോട് കൂടെയുള്ള സകലഭൃത്യന്മാരോടും: “നാം എഴുന്നേറ്റ് ഓടിപ്പോകുക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്‍റെ കയ്യിൽനിന്ന് രക്ഷപ്പെടുകയില്ല; അവൻ പെട്ടെന്ന് വന്ന് നമ്മെ പിടിച്ച് നമുക്ക് അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് ക്ഷണത്തിൽ പുറപ്പെടുവിൻ” എന്നു പറഞ്ഞു. രാജഭൃത്യന്മാർ രാജാവിനോട്: “എന്‍റെ യജമാനനായ രാജാവിന്‍റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു. അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിക്കുവാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. ഇങ്ങനെ രാജാവ് പുറപ്പെട്ടു, ജനമെല്ലാം പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; അവന്റെ സകലഭൃത്യന്മാരും അവന്‍റെ സമീപത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്ന് പോന്നിരുന്ന അറുനൂറുപേരായ എല്ലാ ഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോട് പറഞ്ഞതെന്തെന്നാൽ: “നീയും ഞങ്ങളോടുകൂടി വരുന്നത് എന്തിന്? മടങ്ങിച്ചെന്ന് രാജാവിനോടുകൂടി പാർക്കുക; നീ പരദേശിയും നിന്‍റെ സ്വദേശത്തുനിന്ന് ഭ്രഷ്ടനും ആകുന്നുവല്ലോ; നീ ഇന്നലെ വന്നതേയുള്ളു; ഇന്ന് ഞാൻ നിന്നെ ഞങ്ങളോടുകൂടി അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ പോകുന്നു, എവിടേക്കെന്ന് അറിയുകയില്ല; നിന്‍റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോകുക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.” അതിന് ഇത്ഥായി രാജാവിനോട്: “യഹോവയാണ, എന്‍റെ യജമാനനായ രാജാവാണ, എന്‍റെ യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്ത് വന്നാലും അടിയനും ഇരിക്കും” എന്നു പറഞ്ഞു. ദാവീദ് ഇത്ഥായിയോട്: “നീ കൂടെ പോരുക” എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. ദേശത്തെല്ലായിടവും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമെല്ലാം മരുഭൂമിയിലേക്കുള്ള വഴിക്കുപോയി. സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെവച്ചു, ജനമെല്ലാം പട്ടണത്തിൽനിന്ന് കടന്നുതീർന്നതിനു ശേഷം അബ്യാഥാർ മലകയറി ചെന്നു. രാജാവ് സാദോക്കിനോട്: “ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്ക് തിരികെ കൊണ്ടുപോകുക; യഹോവയ്ക്ക് എന്നോട് കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാണുവാൻ എനിക്ക് ഇടയാകും. അല്ല, ‘എനിക്ക് നിന്നിൽ പ്രസാദമില്ല’ എന്നു അവിടുന്ന് കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; ദൈവം അവിടുത്തേക്ക് ഹിതമാകുംവണ്ണം എന്നോട് ചെയ്യട്ടെ” എന്നു പറഞ്ഞു. രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: “നീയൊരു ദർശകനല്ലേ? സമാധാനത്തോടെ പട്ടണത്തിലേക്ക് മടങ്ങിപ്പോകുക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിന്നോടുകൂടെ ഉണ്ടല്ലോ. നിങ്ങളിൽനിന്ന് വിവരം കിട്ടുന്നതുവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും” എന്നു പറഞ്ഞു. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്ന് കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമെല്ലാവരും തലമൂടി കരഞ്ഞുകൊണ്ട് കയറിച്ചെന്നു. അബ്ശാലോമിനോടുകൂടിയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
2 ശമൂവേൽ 15:13-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു. രാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു. അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക; നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ. അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു. ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി. സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു. രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും. അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു. രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ. എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു. അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
2 ശമൂവേൽ 15:13-31 സമകാലിക മലയാളവിവർത്തനം (MCV)
ഒരു സന്ദേശവാഹകൻ ജെറുശലേമിൽവന്ന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേൽജനതയുടെ കൂറ് അബ്ശാലോമിനോടുകൂടെ ആയിത്തീർന്നിരിക്കുന്നു.” അപ്പോൾ ദാവീദ് ജെറുശലേമിൽ തന്നോടുകൂടെയുണ്ടായിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: “വരിക! നമുക്ക് ഓടിപ്പോകാം. അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയില്ല. നമുക്ക് ഉടനെ പോകണം; അല്ലെങ്കിൽ അവൻ വേഗം കടന്നുവന്ന് നമ്മെ ജയിക്കുകയും നശിപ്പിക്കുകയും നഗരം വാളിനിരയാക്കുകയും ചെയ്യും!” രാജഭൃത്യന്മാർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ഇതാ യജമാനനായ രാജാവു തീരുമാനിക്കുന്നതുപോലെ ചെയ്യാൻ അടിയങ്ങൾ ഒരുക്കമാണ്.” അങ്ങനെ ദാവീദ് രാജാവ് തന്റെ സകലഗൃഹത്തോടുംകൂടി പുറപ്പെട്ടു. എന്നാൽ കൊട്ടാരം സൂക്ഷിക്കുന്നതിനായി അദ്ദേഹം പത്ത് വെപ്പാട്ടികളെ അവിടെ ആക്കിയിരുന്നു. അങ്ങനെ രാജാവു യാത്രയായി. സകലജനവും അദ്ദേഹത്തെ പിൻചെന്നു. അൽപ്പദൂരം പിന്നിട്ട് ഒരിടത്ത് അവർ നിന്നു. കെരീത്യരും പ്ളേത്യരും ഗത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്ന അറുനൂറു ഗിത്യരും ഉൾപ്പെടെ ജനമെല്ലാം രാജാവിന്റെ മുമ്പിലൂടെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു: “നീ ഞങ്ങളോടുകൂടെ വരുന്നതെന്തിന്? മടങ്ങിപ്പോയി രാജാവായ അബ്ശാലോമിനോടുകൂടെ പാർക്കുക. നീ ഒരു വിദേശി; സ്വന്തം ദേശത്തുനിന്നു വന്നുപാർക്കുന്നവൻ. നീ ഇന്നലെ വന്നു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലയുമാറാക്കുമോ? ഞാൻ എവിടേക്കു പോകുന്നു എന്നു നിശ്ചയമില്ല. അതിനാൽ നിന്റെ നാട്ടുകാരെയും ചേർത്ത് മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!” എന്നാൽ ഇത്ഥായി രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയാണെ, എന്റെ യജമാനനായ രാജാവാണെ, എന്റെ യജമാനനായ രാജാവ് എവിടെ ആയിരിക്കുന്നോ അവിടെത്തന്നെ—മരണമോ ജീവനോ എന്തു വന്നാലും—അടിയനും ആയിരിക്കും.” “ശരി, മുമ്പോട്ടു പൊയ്ക്കൊള്ളൂ,” എന്നു ദാവീദ് ഇത്ഥായിയോടു കൽപ്പിച്ചു. അങ്ങനെ ഗിത്യനായ ഇത്ഥായിയും തന്റെ സകല അനുയായികളോടും അവരുടെ കുടുംബങ്ങളോടുംകൂടെ കടന്നുപോയി. ജനമെല്ലാം കടന്നുപോകുമ്പോൾ ഗ്രാമവാസികൾ ഉച്ചത്തിൽ കരഞ്ഞു. രാജാവും കിദ്രോൻതോടു കടന്നു. ആ ജനമെല്ലാം മരുഭൂമിയിലേക്കു യാത്രതിരിച്ചു. സാദോക്കും അദ്ദേഹത്തോടുകൂടെയുള്ള ലേവ്യരും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ചുമന്നുകൊണ്ടുവന്നു. അവർ ദൈവത്തിന്റെ പേടകം ഇറക്കിവെച്ചു; ജനമെല്ലാം നഗരം കടന്നുതീരുന്നതുവരെ അബ്യാഥാർ യാഗങ്ങൾ അർപ്പിച്ചു. അപ്പോൾ രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പേടകം നഗരത്തിലേക്കു മടക്കിക്കൊണ്ടുപോകുക. യഹോവയുടെ ദൃഷ്ടിയിൽ എനിക്കു പ്രീതി ലഭിക്കുമെങ്കിൽ അവിടന്ന് എന്നെ തിരികെ വരുത്തുകയും പേടകത്തെയും തിരുനിവാസത്തെയും വീണ്ടും കാണാൻ എനിക്ക് ഇടയാകുകയും ചെയ്യും. എന്നാൽ ‘എനിക്കു നിന്നിൽ പ്രസാദമില്ല,’ എന്നാണ് അവിടന്ന് കൽപ്പിക്കുന്നതെങ്കിൽ, ഇതാ ഞാൻ ഒരുക്കം; അവിടത്തെ ഹിതംപോലെ എന്നോടു ചെയ്യട്ടെ!” പുരോഹിതനായ സാദോക്കിനോടു രാജാവു വീണ്ടും പറഞ്ഞു: “നീ ഒരു ദർശകനല്ലേ? നിന്റെ മകൻ അഹീമാസിനെയും അബ്യാഥാരിന്റെ മകൻ യോനാഥാനെയും കൂട്ടി സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങിപ്പോകുക. നീയും അബ്യാഥാരും നിങ്ങളോടൊപ്പം രണ്ടു പുത്രന്മാരെയും കൂട്ടിക്കൊള്ളുക. നിങ്ങളിൽനിന്ന് വിവരം ലഭിക്കുംവരെ ഞാൻ മരുഭൂമിയിലെ കടവിങ്കൽ കാത്തുനിൽക്കും.” അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പേടകം ജെറുശലേമിലേക്കു തിരികെ കൊണ്ടുപോയി അവിടെ താമസിച്ചു. എന്നാൽ ദാവീദ് ഒലിവുമലയിലേക്കു യാത്രതുടർന്നു. അദ്ദേഹം തല മൂടിയും നഗ്നപാദനായും കരഞ്ഞുകൊണ്ടു യാത്രചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സകലജനവും, അവർ കടന്നുപോകുമ്പോൾ തലമൂടി വിലപിച്ചുകൊണ്ടിരുന്നു. അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടി. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ ഭോഷത്തമാക്കിത്തീർക്കണമേ,” എന്നു ദാവീദ് പ്രാർഥിച്ചു.