2 ശമൂവേൽ 13:1-39 - Compare All Versions
2 ശമൂവേൽ 13:1-39 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിനു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. തന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോനു പ്രയാസം തോന്നി. എന്നാൽ അമ്നോനു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. അവൻ അവനോട്: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോട്: എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു. യോനാദാബ് അവനോട്: നീ രോഗം നടിച്ച് കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാൺമാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചു തന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാൺമാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കൈയിൽനിന്ന് എടുത്തു ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു. ഉടനെ ദാവീദ് അരമനയിൽ താമാറിന്റെ അടുക്കൽ ആളയച്ചു. നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു. താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു. ഉരുളിയോടെ എടുത്ത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. അപ്പോൾ അമ്നോൻ താമാറിനോട്: ഞാൻ നിന്റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു. അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോട്: സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൾ അവനോട്: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ. എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു. എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു. പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്ന് അമ്നോൻ അവളോടു പറഞ്ഞു; അവൾ അവനോട്: അങ്ങനെയരുത്; നീ എന്നോടു ചെയ്ത മറ്റേ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല. അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോട്: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടച്ചുകളക എന്നു പറഞ്ഞു. അവൾ നിലയങ്കി ധരിച്ചിരുന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു. അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കൈയുംവച്ചു നിലവിളിച്ചുംകൊണ്ടു നടന്നു. അവളുടെ സഹോദരനായ അബ്ശാലോം അവളോട്: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു. ദാവീദുരാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു. എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാറിനെ അമ്നോൻ അവമാനിച്ചതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു. രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു. രാജാവ് അബ്ശാലോമിനോട്: വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു. അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവ് അവനോട്: അവൻ പോരുന്നത് എന്തിന് എന്നു പറഞ്ഞു. എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു. എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോട്: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു. അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി. അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിനു വർത്തമാനം എത്തി. അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവർ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിർണയം കാൺമാൻ ഉണ്ടായിരുന്നു. ആകയാൽ രാജകുമാരന്മാരൊക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവ് ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ. എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തി നോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോട്: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്ക് ഒത്തുവല്ലോ എന്നു പറഞ്ഞു. അവൻ സംസാരിച്ചു തീർന്നപ്പോഴേക്കും രാജകുമാരന്മാർ വന്ന് ഉറക്കെ കരഞ്ഞു. രാജാവും സകല ഭൃത്യന്മാരും വാവിട്ടുകരഞ്ഞു. എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു. എന്നാൽ ദാവീദുരാജാവ് അബ്ശാലോമിനെ കാൺമാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.
2 ശമൂവേൽ 13:1-39 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്റെ മകനായ അബ്ശാലോമിന് താമാർ എന്ന സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അദ്ദേഹത്തിനു മറ്റൊരു ഭാര്യയിൽ പിറന്ന മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്ന് അമ്നോനു തോന്നി. അവളോടുള്ള പ്രേമാതിരേകത്താൽ അവൻ രോഗിയായിത്തീർന്നു. അമ്നോന് ദാവീദിന്റെ ജ്യേഷ്ഠസഹോദരനായ ശിമെയയുടെ പുത്രൻ യോനാദാബ് എന്നൊരു സ്നേഹിതൻ ഉണ്ടായിരുന്നു. അവൻ വലിയ സൂത്രശാലി ആയിരുന്നു. അവൻ അമ്നോനോടു ചോദിച്ചു: “നീ രാജപുത്രനായിട്ടും ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചു വരുന്നതെന്ത്? എന്നോടു പറഞ്ഞുകൂടേ?” അമ്നോൻ അയാളോടു പറഞ്ഞു: “അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് എനിക്കു പ്രേമം ആണ്.” യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്റെ പിതാവു നിന്നെ കാണാൻ വരുമ്പോൾ ‘എന്റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്റെ അടുക്കൽ അയയ്‍ക്കണം; ഞാൻ കാൺകെ എന്റെ മുമ്പിൽ വച്ചുതന്നെ അവൾ ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.” അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാൻ വന്നപ്പോൾ അവൻ പറഞ്ഞു: “എനിക്കു ഭക്ഷണം നല്‌കാൻ എന്റെ സഹോദരിയായ താമാറിനെ അയയ്‍ക്കണം. അവൾ എന്റെ മുമ്പിൽവച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.” അതനുസരിച്ച് ദാവീദ് താമാറിന്റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.” അങ്ങനെ താമാർ അവളുടെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു. അവൻ കിടക്കുകയായിരുന്നു. അവൾ മാവെടുത്തു കുഴച്ച് അവൻ കാൺകെത്തന്നെ അടയുണ്ടാക്കി. അവൾ അട വറചട്ടിയിൽ നിന്നെടുത്ത് അവനു കൊടുത്തു. എന്നാൽ അവൻ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാൻ പറയുക” എന്ന് അമ്നോൻ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി. അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “നിന്റെ കൈയിൽനിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.” താമാർ അടയുമായി തന്റെ സഹോദരൻ അമ്നോന്റെ മുറിയിൽ ചെന്നു. അവൾ അതു കൊണ്ടുചെന്നപ്പോൾ അവൻ അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്റെ കൂടെ കിടക്കുക” എന്ന് അവൻ പറഞ്ഞു. അവൾ മറുപടി നല്‌കി “അരുതേ, സഹോദരാ, എന്നെ അപമാനിക്കരുതേ; ഇതു ഇസ്രായേലിൽ നിഷിദ്ധമാണല്ലോ. ഈ വഷളത്തം പ്രവർത്തിക്കരുതേ. ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തി നടക്കും. നീ ഇസ്രായേലിലെ വഷളന്മാരിൽ ഒരുവനായിത്തീരുമല്ലോ. അതുകൊണ്ട് രാജാവിനോടു പറയുക; അവിടുന്ന് എന്നെ അങ്ങേക്ക് നല്‌കാതിരിക്കുകയില്ല.” എന്നാൽ അവൻ അവളുടെ വാക്കു ശ്രദ്ധിച്ചില്ല. അവളെക്കാൾ ശക്തിയുണ്ടായിരുന്നതുകൊണ്ട് അവൻ ബലം പ്രയോഗിച്ച് അവളെ പ്രാപിച്ചു. ഇതു കഴിഞ്ഞപ്പോൾ അമ്നോൻ അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാൾ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോൻ അവളോടു പറഞ്ഞു. അവൾ അവനോട് പറഞ്ഞു: “അങ്ങനെയരുത്. നീ എന്നോട് ചെയ്ത തെറ്റിനെക്കാൾ ഭയങ്കരമാണ് എന്നെ പറഞ്ഞയയ്‍ക്കുന്നത്.” എന്നാൽ അവൻ അത് അവഗണിച്ചു. അവൻ തന്റെ ഭൃത്യനെ വിളിച്ചു പറഞ്ഞു: “ഇവളെ എന്റെ മുമ്പിൽനിന്നു പുറത്തിറക്കി വാതിൽ അടയ്‍ക്കൂ.” അവിവാഹിതകളായ രാജകുമാരിമാർ ധരിക്കുന്ന നീണ്ടകൈയുള്ള ഉടുപ്പായിരുന്നു താമാർ ധരിച്ചിരുന്നത്. ഭൃത്യൻ അവളെ പുറത്തിറക്കി വാതിൽ അടച്ചു. താമാർ തലയിൽ ചാരം വിതറി; താൻ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയിൽ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി. അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോൾ: “അമ്നോൻ നിന്നെ അപമാനപ്പെടുത്തിയോ? എന്റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവൻ നിന്റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ താമാർ ദുഃഖിച്ച് ഏകാകിനിയായി പാർത്തു. ദാവീദുരാജാവ് ഈ വിവരം അറിഞ്ഞപ്പോൾ അത്യന്തം കോപിഷ്ഠനായി. അബ്ശാലോം ഗുണമാകട്ടെ ദോഷമാകട്ടെ യാതൊന്നും അമ്നോനോടു പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനപ്പെടുത്തിയതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു. രണ്ടു വർഷങ്ങൾ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാൽ-ഹാസോരിൽ വച്ച് തന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു. അദ്ദേഹം രാജസന്നിധിൽ ചെന്നു പറഞ്ഞു: “എന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിൽ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.” രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാൽ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിർബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേർന്നു. അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കിൽ എന്റെ സഹോദരൻ അമ്നോൻ വരാൻ അനുവദിച്ചാലും.” “അവൻ എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു. എങ്കിലും അബ്ശാലോം നിർബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാൻ രാജാവ് അനുവദിച്ചു. “അമ്നോൻ വീഞ്ഞു കുടിച്ചു മത്തനാകുമ്പോൾ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാൻ പറയും; അപ്പോൾ അവനെ നിങ്ങൾ കൊല്ലണം. നിങ്ങൾ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങൾ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു. അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാർ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവർകഴുതപ്പുറത്തു കയറി അതിശീഘ്രം പോയി. അവർ ഓടിപ്പോകുമ്പോൾതന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാർത്ത ദാവീദ് കേട്ടു. അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രൻ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതൽ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്. അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാർത്ത അങ്ങു വിശ്വസിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.” ഇതിനിടയ്‍ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവൽഭടന്മാരിൽ ഒരാൾ കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാൻ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാർ വരുന്നുണ്ട്.” അയാൾ പറഞ്ഞുതീർന്നപ്പോഴേക്കും രാജകുമാരന്മാർ സ്ഥലത്തെത്തി. അവർ ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു. അബ്ശാലോമാകട്ടെ അവിടെനിന്ന് ഓടി അമ്മീഹൂദിന്റെ പുത്രനും ഗെശൂരിലെ രാജാവുമായ തല്മായിയുടെ അടുക്കൽ ചെന്നു. ദാവീദ് അമ്നോനെ ഓർത്തു ദിവസങ്ങളോളം ദുഃഖിച്ചുകൊണ്ടിരുന്നു. ഗെശൂരിലേക്ക് ഓടിപ്പോയ അബ്ശാലോം മൂന്നു വർഷം അവിടെ പാർത്തു. അമ്നോൻ മരിച്ചതിലുള്ള ദുഃഖം അടങ്ങിയപ്പോൾ ദാവീദുരാജാവ് അബ്ശാലോമിനെ കാണാൻ അതിയായി ആഗ്രഹിച്ചു.
2 ശമൂവേൽ 13:1-39 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതിന്‍റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്യുവാൻ അമ്നോന് പ്രയാസം തോന്നി. എന്നാൽ അമ്നോന് ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട്: “എന്റെ സഹോദരനായ അബ്ശാലോമിന്‍റെ സഹോദരിയായ താമാറിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്‍റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്നു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക.” അങ്ങനെ അമ്നോൻ രോഗംനടിച്ച് കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ടു വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു. ഉടനെ ദാവീദ് അരമനയിൽ താമാറിന്റെ അടുക്കൽ ആളയച്ച്: “നിന്‍റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു. താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു. ഉരുളിയോടെ എടുത്ത് അത് അവന്‍റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്‍റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്‍റെ അടുക്കൽനിന്ന് പുറത്തുപോയി. അപ്പോൾ അമ്നോൻ താമാറിനോട്: “ഞാൻ നിന്‍റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു. അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്‍റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു. അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ. എന്‍റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറയുക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു. എന്നാൽ അവൻ, അവളുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവൻ ആയതുകൊണ്ട് ബലാല്ക്കാരം ചെയ്തു അവളോടുകൂടി ശയിച്ചു. പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്നു അമ്നോൻ അവളോടു പറഞ്ഞു. അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾക്കാൻ മനസ്സുണ്ടായില്ല. അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളയുക” എന്നു പറഞ്ഞു. അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുക പതിവായിരുന്നു. അവന്‍റെ ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു. അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി. അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്‍റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്‍റെ സഹോദരനല്ലയോ? ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു. ദാവീദ് രാജാവ് ഈ കാര്യം കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു. എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാറിനെ അമ്നോൻ ബലാല്ക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു. രണ്ടു വർഷം കഴിഞ്ഞ് അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാർ എല്ലാവരെയും ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടി വരേണമേ” എന്നപേക്ഷിച്ചു. രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു. അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നത് എന്തിന്?” എന്നു പറഞ്ഞു. എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാർ എല്ലാവരെയും അവനോടുകൂടെ അയച്ചു. എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്നു ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലേണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു. അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്‍റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി. അവർ വഴിയിൽ ആയിരിക്കുമ്പോൾ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല” എന്നു ദാവീദിന് വാർത്ത എത്തി. അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികിൽ നിന്നു. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാറിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസംമുതൽ അബ്ശാലോമിന്‍റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു. ആകയാൽ രാജകുമാരന്മാർ എല്ലാവരും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.” എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെ തന്നെ” എന്നു പറഞ്ഞു. അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു. എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ തൽമായിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്‍റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു. എന്നാൽ ദാവീദ് രാജാവ് അബ്ശാലോമിനെ കാണാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.
2 ശമൂവേൽ 13:1-39 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു. തന്റെ സഹോദരിയായ താമാർനിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‌വാൻ അമ്നോന്നു പ്രയാസം തോന്നി. എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. അവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു. യോനാദാബ് അവനോടു: നീ രോഗംനടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചുതന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽനിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽ വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു. ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു. താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചുതന്നേ വടകളായി ചുട്ടു. ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു. അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതേ. എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു. എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാല്ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു. പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു; അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല. അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു. അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു. അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു. അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു. ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു. എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു. രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു. രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു. അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു. എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു. എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചു കൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു. അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി. അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വർത്തമാനം എത്തി. അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു. ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള. എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു. അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു. എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു. എന്നാൽ ദാവീദ് രാജാവു അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.
2 ശമൂവേൽ 13:1-39 MCV (സമകാലിക മലയാളവിവർത്തനം)
കുറച്ചുനാൾ കഴിഞ്ഞ് ദാവീദിന്റെ മകനായ അമ്നോൻ താമാറിൽ അനുരക്തനായി. താമാർ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരിയും അതീവസുന്ദരിയും ആയിരുന്നു. തന്റെ സഹോദരി താമാറിൽ ആസക്തനായിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയായിരുന്നു. അതിനാൽ അവളോടു വല്ലതും ചെയ്യുന്നത് അയാൾക്കു പ്രയാസമായിരുന്നു. അമ്നോന്, യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രനായിരുന്നു. യോനാദാബ് ഏറ്റവും തന്ത്രശാലിയുമായിരുന്നു. അയാൾ അമ്നോനോട്: “രാജകുമാരാ, അങ്ങ് നാൾ കഴിയുന്തോറും ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്തുകൊണ്ട്? എന്നോടു പറയുകയില്ലേ?” എന്നു ചോദിച്ചു. “എന്റെ സഹോദരൻ അബ്ശാലോമിന്റെ പെങ്ങൾ താമാറിൽ എനിക്കു പ്രേമം ഉണ്ടായിരിക്കുന്നു,” എന്ന് അമ്നോൻ അയാളോടു പറഞ്ഞു. യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’ ” അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!” അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.” അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു. പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി. അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു. എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു. “അരുതേ! എന്റെ സഹോദരാ!” അവൾ കേണപേക്ഷിച്ചു. “എന്നെ നിർബന്ധിക്കരുതേ! ഇങ്ങനെ ഒരു കാര്യം ഇസ്രായേലിൽ പാടില്ലല്ലോ! ഈ ദുഷ്കൃത്യം ചെയ്യരുതേ. ഞാൻ ഈ അപമാനം എവിടെച്ചെന്നു തീർക്കും? അങ്ങും ഇസ്രായേലിലെ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ! ദയവായി ഇക്കാര്യം രാജാവിനോടു പറഞ്ഞാലും; അദ്ദേഹം എന്നെ അങ്ങേക്കു വിവാഹംകഴിച്ചുതരാതിരിക്കുകയില്ല.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവളെക്കാൾ കായബലം ഏറിയവനായതിനാൽ അയാൾ അവളെ ബലാൽക്കാരംചെയ്തു. പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു. വാസ്തവത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നതിനെക്കാൾ അധികമായി അവളെ വെറുത്തു. “എഴുന്നേറ്റു പുറത്തുപോകൂ,” അമ്നോൻ അവളോടു പറഞ്ഞു. അവൾ അയാളോടു പറഞ്ഞു: “അരുത് സഹോദരാ, എന്നെ പുറത്താക്കുന്നത് അങ്ങ് എന്നോട് ഇപ്പോൾ ചെയ്ത ഈ ദോഷത്തെക്കാൾ വലിയ തെറ്റായിരിക്കും.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. “ഈ സ്ത്രീയെ പുറത്താക്കി വാതിൽ അടച്ചുകളക,” എന്ന് അയാൾ തന്റെ ഭൃത്യനോട് ആജ്ഞാപിച്ചു. അതിനാൽ അമ്നോന്റെ ഭൃത്യൻ അവളെ പിടിച്ചു പുറത്താക്കി കതകും അടച്ചു. അതിമനോഹരമായ ഒരു നിലയങ്കിയാണ് അവൾ ധരിച്ചിരുന്നത്. അന്ന് ഇസ്രായേലിൽ കന്യകകളായ രാജകുമാരിമാർ ധരിക്കാറുള്ളത് അത്തരത്തിലുള്ള അങ്കിയായിരുന്നു. താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന അലംകൃതവസ്ത്രവും കീറി; തലയിൽ കൈവെച്ച് ഉച്ചത്തിൽ വിലപിച്ചുകൊണ്ട് കടന്നുപോയി. അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു. ദാവീദ് രാജാവ് ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി. അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു. രണ്ടു വർഷങ്ങൾക്കുശേഷം, എഫ്രയീം നാടിന്റെ അതിരിങ്കലുള്ള ബാൽ-ഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവമായിരുന്നു. സകലരാജകുമാരന്മാരെയും അദ്ദേഹം അതിനു ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെയും അടുത്തുവന്ന്, “അങ്ങയുടെ ഈ ദാസന്റെ ആടുകളുടെ രോമം കത്രിക്കുന്നവർ വന്നെത്തിയിരിക്കുന്നു. ദയവായി രാജാവും സേവകരും ആഘോഷങ്ങളിൽ സംബന്ധിക്കണേ!” എന്നപേക്ഷിച്ചു. “വേണ്ടാ, എന്റെ മകനേ!” രാജാവു മറുപടി പറഞ്ഞു: “ഞങ്ങളെല്ലാവരുംകൂടി വരേണ്ടതില്ല. അതു നിനക്കു ഭാരമായിരിക്കും.” എങ്കിലും അബ്ശാലോം അദ്ദേഹത്തെ നിർബന്ധിച്ചു. എന്നിട്ടും അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്നാൽ തന്റെ ആശിസ്സുകൾ നേർന്നു. അപ്പോൾ അബ്ശാലോം പറഞ്ഞു. “അങ്ങു വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരൻ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ!” രാജാവ് അയാളോടു ചോദിച്ചു: “അവനെന്തിനു നിന്റെകൂടെ വരണം?” എന്നാൽ അബ്ശാലോം അദ്ദേഹത്തെ വളരെ നിർബന്ധിച്ചു. അതിനാൽ ദാവീദ് അമ്നോനെയും മറ്റു രാജകുമാരന്മാരെയും അയാളോടൊപ്പം അയച്ചു. അബ്ശാലോം തന്റെ ഭൃത്യന്മാരോട്: “ശ്രദ്ധിക്കുക, അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുന്ന സമയത്ത് ‘അമ്നോനെ അടിച്ചുകൊല്ലുക’ എന്നു ഞാൻ നിങ്ങളോടു പറയും. അപ്പോൾ നിങ്ങൾ അവനെ കൊല്ലണം. ഭയപ്പെടേണ്ടതില്ല; ഞാനല്ലേ നിങ്ങൾക്കു കൽപ്പന തരുന്നത്? ബലവും ധീരതയും കാണിക്കുക” എന്നു പറഞ്ഞു. അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി. അവർ മാർഗമധ്യേ ആയിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചെന്നും അവരിൽ ഒരുത്തൻപോലും ശേഷിച്ചിട്ടില്ല” എന്നും ഒരു വാർത്ത ദാവീദിനു ലഭിച്ചു. രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി വെറും നിലത്തുകിടന്നു; അദ്ദേഹത്തിന്റെ സേവകരും വസ്ത്രംകീറിക്കൊണ്ട് ചുറ്റും നിന്നു. എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു. അങ്ങയുടെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടുവെന്ന വാർത്ത എന്റെ യജമാനനായ രാജാവ് ഗണ്യമാക്കരുതേ! അമ്നോൻമാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ.” ഇതിനിടെ അബ്ശാലോം ഓടിപ്പോയിരുന്നു. കാവൽക്കാരൻ തലയുയർത്തിനോക്കി; പടിഞ്ഞാറുഭാഗത്ത് അനവധി ആളുകൾ മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നതു കണ്ടു. ഉടൻതന്നെ കാവൽക്കാരൻ രാജാവിനെ വിവരം അറിയിച്ചു, “ഹൊറൊനായിംവഴി മലഞ്ചെരിവിലൂടെ ഒരുകൂട്ടം പുരുഷന്മാർ വരുന്നത് ഞാൻ കണ്ടു.” ഉടനെ യോനാദാബു രാജാവിനോട്: “ഇതാ, അടിയൻ പറഞ്ഞതുപോലെ സംഭവിച്ചല്ലോ! രാജകുമാരന്മാർ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അയാൾ സംസാരിച്ചുതീർന്നപ്പോൾത്തന്നെ രാജകുമാരന്മാർ ഉറക്കെ നിലവിളിച്ചുകൊണ്ട് വന്നെത്തി. രാജാവും അദ്ദേഹത്തിന്റെ സകലസേവകരും അതിദുഃഖത്തോടെ കരഞ്ഞു. എന്നാൽ അബ്ശാലോം ഓടിപ്പോയി ഗെശൂർരാജാവും അമ്മീഹൂദിന്റെ മകനുമായ തൽമായിയുടെ അടുക്കലെത്തി. എന്നാൽ ദാവീദ് രാജാവ് തന്റെ മകനായ അമ്നോനെ ഓർത്ത് വളരെ ദിവസങ്ങൾ വിലപിച്ചു. അബ്ശാലോം ഓടിപ്പോയി ഗെശൂരിൽ എത്തിയശേഷം, മൂന്നുവർഷം അവിടെ താമസിച്ചു. അമ്നോന്റെ മരണംകാരണം ദാവീദുരാജാവിനുണ്ടായ ദുഃഖത്തിന് ആശ്വാസം വന്നിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം അബ്ശാലോമിനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചു.