2 ശമൂവേൽ 12:7-15

2 ശമൂവേൽ 12:7-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാഥാൻ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കൈയിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്ക് അനർഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരനു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തുതന്നെ നിന്റെ ഭാര്യമാരോടു കൂടെ ശയിക്കും. നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തുതന്നെ നടത്തും. ദാവീദ് നാഥാനോട്: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാൻ ദാവീദിനോട്: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞ് നാഥാൻ തന്റെ വീട്ടിലേക്കു പോയി. ഊരീയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിനു കഠിനരോഗം പിടിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:7-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാൻ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കിൽ ഇവയിൽ കൂടുതലും ഞാൻ തരുമായിരുന്നു. പിന്നെ എന്തുകൊണ്ട് എന്റെ കല്പനകൾ അവഗണിച്ചു നീ ഈ തിന്മ പ്രവർത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി. ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല. സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തിൽനിന്നു നിനക്ക് അനർഥമുണ്ടാകും. നിന്റെ കൺമുമ്പിൽവച്ചു നിന്റെ ഭാര്യമാരെ ഞാൻ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകൽ അവൻ അവരെ പ്രാപിക്കും. നീ ഇതു രഹസ്യമായി ചെയ്തു; എന്നാൽ ഞാൻ ഇതു സകല ഇസ്രായേലിന്റെയും മുമ്പിൽവച്ചു പട്ടാപ്പകൽ ചെയ്യിക്കും.” അപ്പോൾ ദാവീദു പറഞ്ഞു: “ഞാൻ സർവേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാൻ പറഞ്ഞു: “സർവേശ്വരൻ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും ഈ പ്രവൃത്തിയാൽ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്റെ മകൻ മരിച്ചുപോകും.” നാഥാൻ തന്റെ വീട്ടിലേക്കു മടങ്ങി. ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സർവേശ്വരന്റെ ശിക്ഷയാൽ രോഗിയായിത്തീർന്നു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:7-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കയ്യിൽനിന്ന് വിടുവിച്ചു. ഞാൻ നിനക്ക് നിന്‍റെ യജമാനന്‍റെ ഭവനത്തെയും നിന്‍റെ മാർവ്വിടത്തിലേക്ക് നിന്‍റെ യജമാനന്‍റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്ക് തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്ക് തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന്‍റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു. നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്‍റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്‍റെ കൺമുമ്പിൽവച്ച് ഞാൻ നിന്‍റെ ഭാര്യമാരെ എടുത്ത് നിന്‍റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നിന്‍റെ ഭാര്യമാരോടുകൂടി ശയിക്കും. നീ അത് രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്‍റെയും മുമ്പിൽവച്ച് സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നടത്തും.’” ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവസരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്‍റെ വീട്ടിലേക്ക് പോയി. ഊരീയാവിന്‍റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:7-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി. ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:7-15 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’ “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ” അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു. നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.” നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക