2 ശമൂവേൽ 12:1-31

2 ശമൂവേൽ 12:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകം ചെയ്‍വാൻ സ്വന്തആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരേ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കൈയിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്ക് അനർഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരനു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തുതന്നെ നിന്റെ ഭാര്യമാരോടു കൂടെ ശയിക്കും. നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തുതന്നെ നടത്തും. ദാവീദ് നാഥാനോട്: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാൻ ദാവീദിനോട്: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞ് നാഥാൻ തന്റെ വീട്ടിലേക്കു പോയി. ഊരീയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിനു കഠിനരോഗം പിടിച്ചു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു. അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ട് അരികെ നിന്നു; എന്നാൽ അവനു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല. എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല കേടും വരുത്തും എന്ന് അവർ പറഞ്ഞു. ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്ന് അവർ പറഞ്ഞു. ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു അവൻ ഭക്ഷിച്ചു. അവന്റെ ഭൃത്യന്മാർ അവനോട്: നീ ഈ ചെയ്തിരിക്കുന്നതെന്ത്? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു. അതിന് അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവനു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. അവൻ നാഥാൻപ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവനു യെദീദ്യാവ് എന്നു പേർ വിളിച്ചു. എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബായോടു പൊരുതി രാജനഗരം പിടിച്ചു. യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബായോടു പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു. ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിനു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിനു നേരേ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു. അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബായിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു. അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു. അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ ഈർച്ചവാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ട് ഇഷ്‍ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെതന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാഥാൻപ്രവാചകനെ സർവേശ്വരൻ ദാവീദിന്റെ അടുക്കൽ അയച്ചു. പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ടാളുകൾ ഉണ്ടായിരുന്നു. ഒരാൾ ധനികനും അപരൻ ദരിദ്രനും. ധനികന് അനവധി ആടുമാടുകൾ ഉണ്ടായിരുന്നു. ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളർത്തിയ ഒരു പെണ്ണാട്ടിൻകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അതിനെ പോറ്റിവളർത്തി. അവന്റെ കുഞ്ഞുങ്ങളോടൊപ്പം അതു വളർന്നു. അവന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അതു തിന്നുകയും അവൻ കുടിക്കുന്നതിന്റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്റെ മടിയിൽ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു. ഒരു ദിവസം ധനികന്റെ ഭവനത്തിൽ ഒരു വഴിയാത്രക്കാരൻ വന്നു; അയാൾക്കുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ കൊല്ലാതെ ആ ധനികൻ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.” ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാൾ ഇനി ജീവിച്ചുകൂടാ; സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യംചെയ്തു പറയുന്നു; അവൻ വധശിക്ഷ അർഹിക്കുന്നു. നിർദ്ദയമായി ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് അവൻ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.” നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാൻ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കിൽ ഇവയിൽ കൂടുതലും ഞാൻ തരുമായിരുന്നു. പിന്നെ എന്തുകൊണ്ട് എന്റെ കല്പനകൾ അവഗണിച്ചു നീ ഈ തിന്മ പ്രവർത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി. ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല. സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തിൽനിന്നു നിനക്ക് അനർഥമുണ്ടാകും. നിന്റെ കൺമുമ്പിൽവച്ചു നിന്റെ ഭാര്യമാരെ ഞാൻ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകൽ അവൻ അവരെ പ്രാപിക്കും. നീ ഇതു രഹസ്യമായി ചെയ്തു; എന്നാൽ ഞാൻ ഇതു സകല ഇസ്രായേലിന്റെയും മുമ്പിൽവച്ചു പട്ടാപ്പകൽ ചെയ്യിക്കും.” അപ്പോൾ ദാവീദു പറഞ്ഞു: “ഞാൻ സർവേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാൻ പറഞ്ഞു: “സർവേശ്വരൻ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും ഈ പ്രവൃത്തിയാൽ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്റെ മകൻ മരിച്ചുപോകും.” നാഥാൻ തന്റെ വീട്ടിലേക്കു മടങ്ങി. ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സർവേശ്വരന്റെ ശിക്ഷയാൽ രോഗിയായിത്തീർന്നു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാർഥിച്ചു. അദ്ദേഹം രാത്രി മുഴുവൻ നിലത്തുതന്നെ കിടന്നു. രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാൻ കൊട്ടാരത്തിലെ പ്രമാണിമാർ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല. ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാൻ ദാസന്മാർ ഭയപ്പെട്ടു. അവർ തമ്മിൽ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോൾപോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.” ഭൃത്യന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവർ പറഞ്ഞു. ഉടൻ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തിൽ ചെന്നു സർവേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തിൽ മടങ്ങിവന്നു. അദ്ദേഹത്തിന്റെ കല്പനപ്രകാരം അവർ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു. ഭൃത്യന്മാർ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോൾ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?” രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു. സർവേശ്വരൻ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാൻ ആശിച്ചു. ഇപ്പോഴാകട്ടെ അവൻ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാൻ എനിക്കു കഴിയുമോ? എനിക്ക് അവന്റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.” ദാവീദു തന്റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവൾ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോൻ എന്നു പേരിട്ടു. സർവേശ്വരൻ അവനെ സ്നേഹിച്ചു; സർവേശ്വരൻ നിയോഗിച്ചതനുസരിച്ചു നാഥാൻപ്രവാചകൻ അവന് യദീദ്യാ എന്നു പേർ വിളിച്ചു. അമ്മോന്റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി. അയാൾ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാൻ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു; അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.” ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായിൽ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു. അവരുടെ ദേവനായ മിൽക്കോവിന്റെ തലയിൽനിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. അതിന്മേൽ ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സിൽ അണിഞ്ഞു. പട്ടണത്തിൽനിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളിൽ ഏർപ്പെടുത്തി. ഇഷ്‍ടികച്ചൂളയിൽ അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികൾ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യഹോവ നാഥാനെ ദാവീദിന്‍റെ അടുക്കൽ അയച്ചു. അവൻ അവന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്‍റെ അടുക്കലും അവന്‍റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവനുള്ള ആഹാരം തിന്നുകയും അവന്‍റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്‍റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്‍റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്‍റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്യുവാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുക്കുവാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ പിടിച്ച് തന്‍റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.” അപ്പോൾ ദാവീദിന്‍റെ കോപം ആ മനുഷ്യന്‍റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നു പറഞ്ഞു. നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കയ്യിൽനിന്ന് വിടുവിച്ചു. ഞാൻ നിനക്ക് നിന്‍റെ യജമാനന്‍റെ ഭവനത്തെയും നിന്‍റെ മാർവ്വിടത്തിലേക്ക് നിന്‍റെ യജമാനന്‍റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്ക് തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്ക് തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന്‍റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു. നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്‍റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്‍റെ കൺമുമ്പിൽവച്ച് ഞാൻ നിന്‍റെ ഭാര്യമാരെ എടുത്ത് നിന്‍റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നിന്‍റെ ഭാര്യമാരോടുകൂടി ശയിക്കും. നീ അത് രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്‍റെയും മുമ്പിൽവച്ച് സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നടത്തും.’” ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവസരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്‍റെ വീട്ടിലേക്ക് പോയി. ഊരീയാവിന്‍റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കുകയും അകത്ത് കടന്ന് രാത്രിമുഴുവനും നിലത്ത് കിടക്കുകയും ചെയ്തു. അവന്‍റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കുവാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തുചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടുകൂടി ഭക്ഷണം കഴിച്ചതുമില്ല. എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിക്കുവാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല ദോഷം വരുത്തും” എന്നു അവർ പറഞ്ഞു. ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്‍റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്നു അവർ പറഞ്ഞു. ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്‍റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്‍റെ മുമ്പിൽവച്ചു; അവൻ ഭക്ഷിച്ചു. അവന്‍റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു. അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്‍റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്‍റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്നു അവളോടുകൂടി ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ നാഥാൻ പ്രവാചകൻമുഖാന്തരം ഒരു സന്ദേശം അയച്ചു; യഹോവ അവനെ സ്നേഹിക്കുകയാൽ ശലോമോനു യെദീദ്യാവ് എന്നു പേർവിളിച്ചു. എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബായോട് പൊരുതി രാജനഗരം പിടിച്ചു. യോവാബ് ദാവീദിന്‍റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ രബ്ബായോട് പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു. ആകയാൽ ഞാൻ നഗരം പിടിച്ചിട്ട് കീർത്തി എനിക്ക് ആകാതിരിക്കേണ്ടതിന് നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക” എന്നു പറയിച്ചു. അങ്ങനെ ദാവീദ് ജനത്തെ എല്ലാവരെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു യുദ്ധം ചെയ്തു അതിനെ പിടിച്ചു. അവൻ അവരുടെ രാജാവിന്‍റെ കിരീടം അവന്‍റെ തലയിൽനിന്ന് എടുത്തു; അതിന്‍റെ തൂക്കം ഒരു താലന്തു പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അത് ദാവീദിന്‍റെ തലയിൽവച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു. രബ്ബായിലും ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി. ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു. ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു. അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല. എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കു തന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു. ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു. ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽ വെച്ചു അവൻ ഭക്ഷിച്ചു. അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു. അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കിവരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു. എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു. യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു. ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു. അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു. അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു. അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-31 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു. “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.” അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.” അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’ “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ” അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു. നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.” നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു. അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു. തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു. “അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു. ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!” അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.” അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ് എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു. ഈ സമയത്ത് യോവാബ് അമ്മോന്യരുടെ രബ്ബയ്ക്കെതിരേ പൊരുതി രാജകീയ കോട്ട പിടിച്ചെടുത്തു. അപ്പോൾ യോവാബ് ദൂതന്മാരെ അയച്ചു ദാവീദിനോടു പറയിച്ചു. “ഞാൻ രബ്ബയ്ക്കെതിരേ പൊരുതി അതിന്റെ ജലസംഭരണികൾ കൈവശപ്പെടുത്തിയിരിക്കുന്നു, അതിനാൽ ഇപ്പോൾ ശേഷമുള്ള പടയെക്കൂട്ടി നഗരത്തെ വളഞ്ഞ് അങ്ങുതന്നെ അതിനെ പിടിച്ചടക്കിയാലും! അല്ലാത്തപക്ഷം ഞാൻ അതിനെ പിടിച്ചടക്കുകയും അത് എന്റെ പേരിൽ അറിയപ്പെടുകയും ചെയ്യാൻ ഇടയാകുമല്ലോ!” അതിനാൽ ദാവീദ് സകലസൈന്യത്തെയുംകൂട്ടി രബ്ബയിലേക്കു ചെന്നു; അതിനെ ആക്രമിച്ചു കീഴടക്കി. ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. അവിടത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക