2 ശമൂവേൽ 12:1-10

2 ശമൂവേൽ 12:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകം ചെയ്‍വാൻ സ്വന്തആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരേ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കൈയിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാഥാൻപ്രവാചകനെ സർവേശ്വരൻ ദാവീദിന്റെ അടുക്കൽ അയച്ചു. പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ടാളുകൾ ഉണ്ടായിരുന്നു. ഒരാൾ ധനികനും അപരൻ ദരിദ്രനും. ധനികന് അനവധി ആടുമാടുകൾ ഉണ്ടായിരുന്നു. ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളർത്തിയ ഒരു പെണ്ണാട്ടിൻകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അതിനെ പോറ്റിവളർത്തി. അവന്റെ കുഞ്ഞുങ്ങളോടൊപ്പം അതു വളർന്നു. അവന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അതു തിന്നുകയും അവൻ കുടിക്കുന്നതിന്റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്റെ മടിയിൽ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു. ഒരു ദിവസം ധനികന്റെ ഭവനത്തിൽ ഒരു വഴിയാത്രക്കാരൻ വന്നു; അയാൾക്കുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ കൊല്ലാതെ ആ ധനികൻ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.” ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാൾ ഇനി ജീവിച്ചുകൂടാ; സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യംചെയ്തു പറയുന്നു; അവൻ വധശിക്ഷ അർഹിക്കുന്നു. നിർദ്ദയമായി ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് അവൻ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.” നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാൻ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കിൽ ഇവയിൽ കൂടുതലും ഞാൻ തരുമായിരുന്നു. പിന്നെ എന്തുകൊണ്ട് എന്റെ കല്പനകൾ അവഗണിച്ചു നീ ഈ തിന്മ പ്രവർത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി. ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യഹോവ നാഥാനെ ദാവീദിന്‍റെ അടുക്കൽ അയച്ചു. അവൻ അവന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്‍റെ അടുക്കലും അവന്‍റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവനുള്ള ആഹാരം തിന്നുകയും അവന്‍റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്‍റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്‍റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്‍റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്യുവാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുക്കുവാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ പിടിച്ച് തന്‍റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.” അപ്പോൾ ദാവീദിന്‍റെ കോപം ആ മനുഷ്യന്‍റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നു പറഞ്ഞു. നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കയ്യിൽനിന്ന് വിടുവിച്ചു. ഞാൻ നിനക്ക് നിന്‍റെ യജമാനന്‍റെ ഭവനത്തെയും നിന്‍റെ മാർവ്വിടത്തിലേക്ക് നിന്‍റെ യജമാനന്‍റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്ക് തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്ക് തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന്‍റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു. നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്‍റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക

2 ശമൂവേൽ 12:1-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു. “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.” അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.” അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’

പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക