2 ശമൂവേൽ 11:6-27
2 ശമൂവേൽ 11:6-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിനു കല്പന അയച്ചു. ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി. ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു. ഊരീയാവ് ദാവീദിനോട്: പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജീവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു. പിറ്റന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവൻ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു. രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കൈയിൽ കൊടുത്തയച്ചു. എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്ന് എഴുതിയിരുന്നു. അങ്ങനെ തന്നെ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കിയിട്ട് ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്ത് ഊരീയാവെ നിർത്തി. പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പടവെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരീയാവും മരിച്ചു. പിന്നെ യോവാബ് ആ യുദ്ധവർത്തമാനമൊക്കെയും ദാവീദിനോട് അറിയിപ്പാൻ ആളയച്ചു. അവൻ ദൂതനോടു കല്പിച്ചത് എന്തെന്നാൽ: നീ യുദ്ധ വർത്തമാനമൊക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു: നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്നു പടവെട്ടിയത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ? യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരികല്ലിൻപിള്ള അവന്റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത് എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക. ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു. ദൂതൻ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി. അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു. അതിനു ദാവീദ് ദൂതനോട്: ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരേ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞ് അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു. ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു.
2 ശമൂവേൽ 11:6-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കൽ അയയ്‍ക്കാൻ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കൽ അയച്ചു. ഊരിയാ വന്നപ്പോൾ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. ഊരിയാ കൊട്ടാരത്തിൽനിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാൾക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. എന്നാൽ ഊരിയാ വീട്ടിൽ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കൽ കിടന്നുറങ്ങി. ഊരിയാ വീട്ടിൽ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?” അയാൾ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടിൽ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.” അപ്പോൾ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കിൽ നീ ഇന്നും ഇവിടെ പാർത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവൻ യെരൂശലേമിൽതന്നെ പാർത്തു. ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവൻ രാജസന്നിധിയിൽ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാൽ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയിൽ രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ പോയി കിടന്നു. അടുത്ത പ്രഭാതത്തിൽ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. അതിൽ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയിൽ നിർത്തണം. അവൻ വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങൾ പിൻവാങ്ങണം.” യോവാബ് പട്ടണം വളഞ്ഞപ്പോൾ ശത്രുക്കൾക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊരിയായെ നിർത്തി. ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്റെ പടയാളികളിൽ ചിലർ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തിൽ വധിക്കപ്പെട്ടു. യുദ്ധവാർത്ത അറിയിക്കാൻ യോവാബു ദാവീദിന്റെ അടുക്കൽ ആളയച്ചു; യോവാബ് ദൂതനോട് ഇപ്രകാരം കല്പിച്ചിരുന്നു: “യുദ്ധവാർത്ത എല്ലാം കേൾക്കുമ്പോൾ രാജാവിനു കോപം വന്നേക്കാം. രാജാവു നിന്നോടു, നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുനിന്നു പടവെട്ടിയതെന്ത്? ശത്രുക്കൾ മതിലിന്മേൽ നിന്നുകൊണ്ട് എയ്യുമെന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലേ? ഗിദെയോന്റെ പുത്രനായ അബീമേലെക്കിനെ കൊന്നത് എങ്ങനെയെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? തേബെസിൽവച്ച് ഒരു സ്‍ത്രീ മതിലിന്മേൽ നിന്നുകൊണ്ടു തിരികല്ലിൻപിള്ള അവന്റെമേൽ ഇട്ടതുകൊണ്ടല്ലേ? നിങ്ങൾ മതിലിനോട് ഇത്ര അടുത്തു ചെന്നത് എന്ത്? ഇങ്ങനെയെല്ലാം രാജാവു ചോദിക്കുമ്പോൾ അങ്ങയുടെ ഭൃത്യനായ ഊരിയായും മരിച്ചുപോയി എന്നു നീ പറയണം.” ദൂതൻ പോയി യോവാബ് പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു. അയാൾ ഇപ്രകാരം പറഞ്ഞു: “ശത്രുക്കൾ നമ്മെക്കാൾ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാൻ അവർ പുറത്തുവന്നു. എന്നാൽ നഗരവാതില്‌ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു. അപ്പോൾ മതിലിന്റെ മുകളിൽനിന്നു അവർ നമ്മുടെ നേർക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരിൽ ചിലർ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയായും മരിച്ചു.” ഇതു കേട്ട് ദാവീദ് ദൂതനോടു പറഞ്ഞു: “നീ യോവാബിനോടു പറയുക: ഭാരപ്പെടേണ്ടാ, ആരെല്ലാം യുദ്ധത്തിൽ മരിക്കുമെന്നു മുൻകൂട്ടി പറയാൻ ആർക്കും സാധ്യമല്ലല്ലോ; അതുകൊണ്ട് ആക്രമണം ശക്തിപ്പെടുത്തി പട്ടണത്തെ തകർത്തുകളയുക. ഇങ്ങനെ പറഞ്ഞു നീ യോവാബിനെ ധൈര്യപ്പെടുത്തണം.” മരണവാർത്ത കേട്ട് ഊരിയായുടെ ഭാര്യ ഭർത്താവിനെച്ചൊല്ലി വിലപിച്ചു. വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ കൊട്ടാരത്തിൽ വരുത്തി പാർപ്പിച്ചു. അവൾ രാജാവിന്റെ ഭാര്യയായിത്തീർന്നു. അവൾ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു സർവേശ്വരന് അനിഷ്ടമായി.
2 ശമൂവേൽ 11:6-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്‍റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു. ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്‍റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്‍റെ വിവരവും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവിനോട്: “നീ വീട്ടിൽ ചെന്നു കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. എന്നാൽ ഊരീയാവ് തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു. ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്‍റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്‍റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങേയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു. ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു തന്‍റെ യജമാനന്‍റെ ദാസന്മാരോടുകൂടി അവൻ തന്‍റെ കിടക്കയിൽ കിടന്നു. രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു. എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്നു അവൻ എഴുതിയിരുന്നു. അങ്ങനെ തന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നതിനിടയിൽ വീരന്മാർ നില്‍ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു. പട്ടണക്കാർ പുറപ്പെട്ടു യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്‍റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരീയാവും മരിച്ചു. പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ സന്ദേശവാഹകരെ അയച്ചു. അവൻ സന്ദേശവാഹകനോട് ഇങ്ങനെ കല്പിച്ചു: “നീ യുദ്ധവാർത്ത എല്ലാം രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന് കോപം ജ്വലിച്ച്, രാജാവ് ഇപ്രകാരം പറയും: ‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ? യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്‍? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്‍റെ പിള്ളക്കല്ല് അവന്‍റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോട് പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറയുക.’” സന്ദേശവാഹകൻ ചെന്നു യോവാബ് പറഞ്ഞയച്ച വാർത്തകളെല്ലാം ദാവീദിനെ അറിയിച്ചു. സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത്: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു. അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങേയുടെ ഭടന്മാരെ എയ്തു, രാജാവിന്‍റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങേയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.” അതിന് ദാവീദ് സന്ദേശവാഹകനോട്: “ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളയുക എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തണം” എന്നു കല്പിച്ചു. ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു. വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്‍റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.
2 ശമൂവേൽ 11:6-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു. ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു. ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു. പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു. രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു. എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്നു എഴുതിയിരുന്നു. അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിർത്തി. പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു. പിന്നെ യോവാബ് ആ യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു. അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു: നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽനിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ? യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക. ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു. ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കലോളം അവരെ പിന്തുടർന്നടുത്തുപോയി. അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു. അതിന്നു ദാവീദ് ദൂതനോടു: ഈ കാര്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു. ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
2 ശമൂവേൽ 11:6-27 സമകാലിക മലയാളവിവർത്തനം (MCV)
“ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു. ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു. പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി. എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല. “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!” അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു. ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല. പിറ്റേന്നു രാവിലെ ദാവീദ് യോവാബിന് ഒരു കത്തെഴുതി ഊരിയാവിന്റെ കൈവശം കൊടുത്തയച്ചു. അതിൽ അദ്ദേഹം എഴുതിയിരുന്നു: “ഊരിയാവിനെ അത്യുഗ്രമായ പോരാട്ടം നടക്കുന്നിടത്തു മുൻനിരയിൽ നിർത്തണം. അങ്ങനെ അവൻ വെട്ടേറ്റുവീണു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻവാങ്ങണം.” അതനുസരിച്ച് യോവാബ് നഗരത്തെ വളയുമ്പോൾ ശൂരരായ എതിരാളികൾ നിലയുറപ്പിച്ചിരിക്കുന്നു എന്നു ബോധ്യമുള്ള ഒരിടത്ത് ഊരിയാവിനെ നിയോഗിച്ചു. നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു. യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി. അദ്ദേഹം ദൂതന്മാരോടു പറഞ്ഞയച്ചു: “നിങ്ങൾ യുദ്ധത്തിന്റെ ഈ പൂർണവിവരണം രാജാവിനു നൽകിക്കഴിയുമ്പോൾ, രാജാവിന്റെ ക്രോധം ജ്വലിക്കും; അദ്ദേഹം നിങ്ങളോടു ചോദിച്ചെന്നുവരാം ‘നിങ്ങൾ നഗരത്തോട് ഇത്രയേറെ അടുത്തുചെന്നു പൊരുതിയതെന്തിന്? അവർ മതിലിന്മേൽനിന്ന് അമ്പെയ്യുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ? യെരൂബ്-ബേശെത്തിന്റെ മകനായ അബീമെലെക്കിനെ കൊന്നതാരാണ്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്റെ പിള്ള അയാളുടെമേൽ ഇട്ടതുകൊണ്ടല്ലേ അയാൾ തേബെസിൽവെച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്തിന്?’ ഇപ്രകാരം അദ്ദേഹം ചോദിച്ചാൽ, ‘അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്ന് അദ്ദേഹത്തോടു പറയണം.” ദൂതൻ പുറപ്പെട്ടു. അയാൾ വന്ന് യോവാബു പറഞ്ഞയച്ച കാര്യങ്ങളെല്ലാം ദാവീദിനോടു പറഞ്ഞു. ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു. അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.” ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു പറയുക, ‘ഇതുമൂലം നീ ദുഃഖിക്കരുത്; വാൾ അങ്ങും ഇങ്ങും നാശം വിതയ്ക്കും. നഗരത്തിനെതിരേ ആക്രമണം ശക്തിപ്പെടുത്തി അതിനെ നശിപ്പിക്കുക.’ യോവാബിനെ പ്രോത്സാഹിപ്പിക്കാൻ നീ ഈ വിധം പറയുക.” തന്റെ ഭർത്താവു മരിച്ചുപോയി എന്ന് ഊരിയാവിന്റെ ഭാര്യ കേട്ടപ്പോൾ അവൾ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു. വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ തന്റെ കൊട്ടാരത്തിൽ വരുത്തി. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. എന്നാൽ ദാവീദിന്റെ ഈ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായിത്തീർന്നു.