2 ശമൂവേൽ 11:3-9

2 ശമൂവേൽ 11:3-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിനു വർത്തമാനം അയച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിനു കല്പന അയച്ചു. ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:3-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവൾ എലീയാമിന്റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി. അവളെ കൂട്ടിക്കൊണ്ടു വരാൻ ദാവീദ് ആളയച്ചു. അവൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവൾ വീട്ടിലേക്കു മടങ്ങിപ്പോയി. അവൾ ഗർഭിണിയായി. ആ വിവരം അവൾ ദാവീദിനെ ആളയച്ച് അറിയിച്ചു. ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കൽ അയയ്‍ക്കാൻ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കൽ അയച്ചു. ഊരിയാ വന്നപ്പോൾ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. ഊരിയാ കൊട്ടാരത്തിൽനിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാൾക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. എന്നാൽ ഊരിയാ വീട്ടിൽ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കൽ കിടന്നുറങ്ങി.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:3-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്‍റെ മകളും ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്‍റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്‍റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു. ഊരീയാവ് തന്‍റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്‍റെയും പടജ്ജനത്തിന്‍റെയും സുഖവർത്തമാനവും യുദ്ധത്തിന്‍റെ വിവരവും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവിനോട്: “നീ വീട്ടിൽ ചെന്നു കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്‍റെ സമ്മാനം അവന്‍റെ പിന്നാലെ ചെന്നു. എന്നാൽ ഊരീയാവ് തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:3-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു. ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:3-9 സമകാലിക മലയാളവിവർത്തനം (MCV)

അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു. “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു. ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു. പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി. എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക