2 ശമൂവേൽ 11:1-11

2 ശമൂവേൽ 11:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിറ്റേ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു. ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിനു വർത്തമാനം അയച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിനു കല്പന അയച്ചു. ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി. ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു. ഊരീയാവ് ദാവീദിനോട്: പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജീവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അടുത്ത വസന്തത്തിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് യോവാബിനെയും തന്റെ സേവകരെയും എല്ലാ സൈനികരെയും ദാവീദു യുദ്ധത്തിനയച്ചു. അവർ അമ്മോന്യരെ തകർത്തു; രബ്ബാപട്ടണം വളഞ്ഞു. തത്സമയം ദാവീദു യെരൂശലേമിൽ പാർക്കുകയായിരുന്നു. ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. അപ്പോൾ അതിസുന്ദരിയായ ഒരു സ്‍ത്രീ കുളിക്കുന്നതു കണ്ടു. ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവൾ എലീയാമിന്റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി. അവളെ കൂട്ടിക്കൊണ്ടു വരാൻ ദാവീദ് ആളയച്ചു. അവൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവൾ വീട്ടിലേക്കു മടങ്ങിപ്പോയി. അവൾ ഗർഭിണിയായി. ആ വിവരം അവൾ ദാവീദിനെ ആളയച്ച് അറിയിച്ചു. ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കൽ അയയ്‍ക്കാൻ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കൽ അയച്ചു. ഊരിയാ വന്നപ്പോൾ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. ഊരിയാ കൊട്ടാരത്തിൽനിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാൾക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. എന്നാൽ ഊരിയാ വീട്ടിൽ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കൽ കിടന്നുറങ്ങി. ഊരിയാ വീട്ടിൽ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?” അയാൾ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടിൽ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.”

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടെ തന്‍റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്‍റെ മകളും ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്‍റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്‍റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു. ഊരീയാവ് തന്‍റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്‍റെയും പടജ്ജനത്തിന്‍റെയും സുഖവർത്തമാനവും യുദ്ധത്തിന്‍റെ വിവരവും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവിനോട്: “നീ വീട്ടിൽ ചെന്നു കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്‍റെ സമ്മാനം അവന്‍റെ പിന്നാലെ ചെന്നു. എന്നാൽ ഊരീയാവ് തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്‍റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു. ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്‍റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്‍റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങേയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി, രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു. ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു. ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക

2 ശമൂവേൽ 11:1-11 സമകാലിക മലയാളവിവർത്തനം (MCV)

അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു. അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു. “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു. ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു. പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി. എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല. “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!”

പങ്ക് വെക്കു
2 ശമൂവേൽ 11 വായിക്കുക