2 ശമൂവേൽ 1:1-25
2 ശമൂവേൽ 1:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്തശേഷം മൂന്നാം ദിവസം ഒരാൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്: ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് ഓടിപ്പോരുകയാകുന്നു എന്ന് അവൻ പറഞ്ഞു. ദാവീദ് അവനോട്: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന് അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്ന് ഉത്തരം പറഞ്ഞു. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞുവെന്നു ചോദിച്ചതിന് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞത്: ഞാൻ യദൃച്ഛയാ ഗിൽബോവപർവതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു; അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു. നീ ആരെന്ന് അവൻ എന്നോടു ചോദിച്ചതിന്: ഞാൻ ഒരു അമാലേക്യൻ എന്ന് ഉത്തരം പറഞ്ഞു. അവൻ എന്നോട്: നീ അടുത്തു വന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് ഞാൻ അടുത്തു ചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്ത് ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു. അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരൻ എന്നു ചോദിച്ചതിന്: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്ന് അവൻ ഉത്തരം പറഞ്ഞു. ദാവീദ് അവനോട്: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന് കൈയോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ എന്നു പറഞ്ഞു. പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി- അവൻ യെഹൂദാമക്കളെ ഈ ധനുർഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ! ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമികളുടെ കന്യകമാർ ഉല്ലസിക്കരുതേ; ഗിൽബോവപർവതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല; അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
2 ശമൂവേൽ 1:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗലിന്റെ മരണശേഷം അമാലേക്യരെ കൊന്നൊടുക്കിയ ദാവീദ് സിക്ലാഗിൽ തിരിച്ചെത്തി രണ്ടു ദിവസം അവിടെ പാർത്തു. മൂന്നാം ദിവസം ശൗലിന്റെ പാളയത്തിൽനിന്ന് ഒരു യുവാവു വസ്ത്രം പിച്ചിച്ചീന്തിയും തലയിൽ പൂഴി വാരിയിട്ടും ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. അവനോട്: “നീ എവിടെനിന്നു വരുന്നു” എന്നു ദാവീദു ചോദിച്ചപ്പോൾ, “ഇസ്രായേൽപാളയത്തിൽനിന്നു ഞാൻ ഓടിപ്പോന്നതാണ്” എന്ന് അവൻ മറുപടി പറഞ്ഞു. “എന്തുണ്ടായി? എന്നോടു പറയുക” എന്നു ദാവീദ് വീണ്ടും ചോദിച്ചു. “നമ്മുടെ സൈന്യം തോറ്റോടി, അവരിൽ അനേകം പേർ കൊല്ലപ്പെട്ടു; ശൗലും പുത്രനായ യോനാഥാനും സംഹരിക്കപ്പെട്ടു.” എന്ന് അവൻ പറഞ്ഞു. ദാവീദു പിന്നെയും ചോദിച്ചു: “ശൗലും യോനാഥാനും കൊല്ലപ്പെട്ടു എന്നു നീ എങ്ങനെ അറിഞ്ഞു?” അവൻ പറഞ്ഞു: “യദൃച്ഛയാ ഞാൻ ഗിൽബോവ മലയിലെത്തി; അവിടെ ശൗൽ കുന്തം ഊന്നി നില്‌ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കണ്ടു; അദ്ദേഹം എന്നെ വിളിച്ചു; ഞാൻ വിളികേട്ടു. ‘നീ ആരാണ്’ എന്നു തിരക്കിയപ്പോൾ ‘ഞാൻ ഒരു അമാലേക്യ’നെന്നു മറുപടി നല്‌കി. ‘വന്ന് എന്നെ കൊല്ലുക; ഞാൻ മരണവേദനയിലാണ്; ജീവൻ ഉണ്ടെന്നു മാത്രം’ എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ വധിച്ചു; വീണാലുടൻ അദ്ദേഹം മരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; അദ്ദേഹം ധരിച്ചിരുന്ന കിരീടവും തോൾവളയും ഞാൻ എടുത്തു; അവ ഇതാ ഞാൻ കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ ദാവീദ് തന്റെ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു. ശൗലും പുത്രനായ യോനാഥാനും സർവേശ്വരന്റെ ജനവും ഇസ്രായേൽകുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാൽ അവർ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവർ സന്ധ്യവരെ ഉപവസിച്ചു. “നീ എവിടത്തുകാരൻ” എന്നു ദാവീദ് ആ യുവാവിനോടു ചോദിച്ചു. “ഞാൻ നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു അമാലേക്യൻ” എന്നു യുവാവു പ്രതിവചിച്ചു. “സർവേശ്വരന്റെ അഭിഷിക്തനെ വധിക്കാൻ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നു ദാവീദ് ചോദിച്ചു. അദ്ദേഹം ഭൃത്യന്മാരിൽ ഒരാളെ വിളിച്ച് “അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. അയാൾ അമാലേക്യനെ വെട്ടിക്കൊന്നു. ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സർവേശ്വരന്റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.” ശൗലിനെയും അദ്ദേഹത്തിന്റെ പുത്രൻ യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി: യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലേ, നിന്റെ ഗിരികളിൽ മഹത്ത്വം നിഹനിക്കപ്പെട്ടു; ശക്തന്മാർ വീണുപോയതെങ്ങനെ? ഗത്തിൽ ഇതു ഘോഷിക്കരുത്; അസ്കലോൻ തെരുവുകളിൽ പ്രസിദ്ധമാക്കരുത്. ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കാതിരിക്കട്ടെ വിജാതീയപുത്രിമാർ ആർപ്പിടാതിരിക്കട്ടെ ഗിൽബോവാ ഗിരികളിൽ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ. അഗാധതയിൽനിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ. വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ. ശൗലിന്റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്. കൊല്ലപ്പെട്ടവരുടെ രക്തത്തിൽനിന്നും ശക്തന്മാരുടെ മേദസ്സിൽനിന്നും യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല. ശൗലിന്റെ വാൾ വൃഥാ പിൻവാങ്ങിയില്ല. ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു. ജീവിതത്തിലും മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനെക്കാൾ വേഗതയുള്ളവർ, സിംഹത്തെക്കാൾ ബലമേറിയവർ. ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിൻ. അവൻ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു ഉടയാടകളിൽ പൊന്നാഭരണം അണിയിച്ചു. യുദ്ധത്തിൽ വീരന്മാർ എങ്ങനെ നിലംപതിച്ചു? നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ
2 ശമൂവേൽ 1:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശൗലിന്‍റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തു. മൂന്നാംദിവസം ഒരു പുരുഷൻ തന്‍റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൗലിന്‍റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്‍റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു?” എന്നു ചോദിച്ചു. അതിന്: “ഞാൻ യിസ്രായേൽ പാളയത്തിൽ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്നു അവൻ പറഞ്ഞു. ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോടു പറയുക.” അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൗലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്നു ഉത്തരം പറഞ്ഞു. വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൗലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു. അതിന് വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗല്‍ തന്‍റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു. അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു. “നീ ആര്‍?“ എന്നു അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്നു ഉത്തരം പറഞ്ഞു. “അവൻ പിന്നെയും എന്നോട്: ‘ദയവായി എന്‍റെ അടുത്തുവന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. “അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്‍റെ യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.” ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി. കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു. ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ?” എന്നു ചോദിച്ചു. “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്നു അവന്‍ ഉത്തരം പറഞ്ഞു. ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്‍റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ?” എന്നു പറഞ്ഞു. പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്നു അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു. അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നിന്‍റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു. അതിനുശേഷം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി. അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ: “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ? ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. “ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്‍റെ വില്ല് പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല. “ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകന്മാരിലും വേഗതയുള്ളവർ, സിംഹങ്ങളിലും ശക്തിശാലികൾ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. “യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ? നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.
2 ശമൂവേൽ 1:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു. ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു. വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു. നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു. അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു. ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു. പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി - അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ! ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ, സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
2 ശമൂവേൽ 1:1-25 സമകാലിക മലയാളവിവർത്തനം (MCV)
ശൗലിന്റെ മരണശേഷം അമാലേക്യരെ തോൽപ്പിച്ചു മടങ്ങിയെത്തിയ ദാവീദ് തുടർന്നുള്ള രണ്ടു ദിവസങ്ങൾ സിക്ലാഗിൽ താമസിച്ചു. മൂന്നാംദിവസം ശൗൽ യുദ്ധംചെയ്തുകൊണ്ടിരുന്ന പാളയത്തിൽനിന്ന് ഒരു മനുഷ്യൻ ദുഃഖസൂചകമായി വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടിയെത്തി. ദാവീദിന്റെ മുമ്പിലെത്തി അയാൾ അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു. “നീ എവിടെനിന്നു വരുന്നു,” എന്നു ദാവീദ് ചോദിച്ചു. “ഞാൻ ഇസ്രായേല്യരുടെ പാളയത്തിൽനിന്നു രക്ഷപ്പെട്ടു വരികയാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു. “എന്താണു സംഭവിച്ചത്? എന്നോടു പറയുക,” എന്നു ദാവീദ് കൽപ്പിച്ചു. ആ മനുഷ്യൻ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അവരിൽ അനേകർ മരിച്ചുവീണു; ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി!” ദാവീദ് ആ ചെറുപ്പക്കാരനോട്: “ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി എന്നവിവരം നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു. അദ്ദേഹം പിന്നിലേക്കു തിരിഞ്ഞുനോക്കി, എന്നെ കണ്ടു; എന്നെ വിളിച്ചു. ‘അടിയൻ ഇതാ,’ എന്നു ഞാൻ ഉത്തരം പറഞ്ഞു. “ ‘നീ ആര്?’ അദ്ദേഹം എന്നോടു ചോദിച്ചു.” “ ‘ഒരു അമാലേക്യൻ,’ എന്നു ഞാൻ മറുപടി പറഞ്ഞു. “അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘എന്നോടടുത്തുവന്നു നിൽക്കുക; എന്നെ കൊല്ലുക! ഞാൻ മരണത്തിന്റെ അതിവേദനയിൽ ആണ്; എന്നിട്ടും ജീവൻ അറ്റുപോകുന്നില്ല.’ “അതുകേട്ടു ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ കൊന്നു. തന്റെ വീഴ്ചയ്ക്കുശേഷം അദ്ദേഹം പിന്നെ ജീവിക്കുകയില്ല എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം തലയിൽ അണിഞ്ഞിരുന്ന കിരീടവും കൈയിൽ അണിഞ്ഞിരുന്ന വളയും ഞാനെടുത്ത് എന്റെ യജമാനനായ അങ്ങേക്കുവേണ്ടി ഇതാ കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ ദാവീദും കൂടെയുണ്ടായിരുന്ന സകലരും തങ്ങളുടെ വസ്ത്രം പറിച്ചുകീറി. അവർ ശൗലിനെയും അദ്ദേഹത്തിന്റെ മകൻ യോനാഥാനെയും യഹോവയുടെ സൈന്യത്തെയും ഇസ്രായേൽ രാഷ്ട്രത്തെയുംകുറിച്ച്—അവർ വാളാൽ വീണുപോയതുകൊണ്ട്—കരഞ്ഞു വിലപിച്ചു സന്ധ്യവരെ ഉപവസിച്ചു. വസ്തുത വന്നറിയിച്ച ആ ചെറുപ്പക്കാരനോട്, “നീ എവിടത്തുകാരൻ?” എന്നു ദാവീദ് ചോദിച്ചു. “ഒരു അന്യദേശക്കാരന്റെ മകൻ; അമാലേക്യൻ,” എന്ന് അയാൾ മറുപടി പറഞ്ഞു. ദാവീദ് അയാളോടു ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ നശിപ്പിക്കുന്നതിനുവേണ്ടി സ്വന്തം കരമുയർത്താൻ നീ ഭയപ്പെടാതിരുന്നതെന്തുകൊണ്ട്?” അതിനുശേഷം ദാവീദ് തന്റെ ഭൃത്യന്മാരിൽ ഒരുവനെ വിളിച്ച്, “ചെന്ന് അവനെ വെട്ടിക്കളയുക!” എന്ന് ആജ്ഞാപിച്ചു. അയാൾ ചെന്ന് ആ അമാലേക്യനെ വെട്ടിവീഴ്ത്തി; അയാൾ മരിച്ചു. ദാവീദ് അവനോട്, “ ‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു. ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു. വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു: “ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി; വീരന്മാർ വീണുപോയതെങ്ങനെ! “ഗത്തിൽ അതു പ്രസ്താവിക്കരുത്, അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്; ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ; പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ. “ഗിൽബോവ ഗിരിനിരകളേ, നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ, തട്ടുതട്ടായ വയലുകളും നിങ്ങളിൽ ഇല്ലാതെപോകട്ടെ. കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്, ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല. “നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല. ശൗലും യോനാഥാനും; അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു. മരണത്തിലും അവർ വേർപിരിഞ്ഞില്ല! അവർ കഴുകന്മാരിലും വേഗമേറിയവർ, സിംഹങ്ങളിലും ബലശാലികൾതന്നെ! “ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ! അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു. “വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ.