2 പത്രൊസ് 3:7-13

2 പത്രൊസ് 3:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്‍സരംപോലെയും ആയിരം സംവത്‍സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.

2 പത്രൊസ് 3:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ അഭക്തരായ മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാളിൽ, ഇപ്പോഴത്തെ ആകാശവും ഭൂമിയും അഗ്നിയിൽ വെന്തു വെണ്ണീറാക്കപ്പെടുന്നതിനുവേണ്ടി അതേ വചനത്താൽത്തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നു. പ്രിയപ്പെട്ടവരേ, കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങൾ മറക്കരുത്. ചിലർ കരുതുന്നതുപോലെ, തന്റെ വാഗ്ദാനം നിറവേറ്റുവാൻ കർത്താവു കാലവിളംബം വരുത്തുകയില്ല. എന്നാൽ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തിൽനിന്നു പിൻതിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീർഘകാലം ക്ഷമിക്കുന്നു. കർത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കൾ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും. പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങൾ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തിന്റെ ദിവസത്തിനുവേണ്ടി നിങ്ങൾ കാത്തിരിക്കുകയും അതിന്റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കൾ വെന്തുരുകും! എന്നാൽ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു.

2 പത്രൊസ് 3:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു. കർത്താവിന്‍റെ മടങ്ങിവരവിൻ്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും. ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കേണം? ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്‍റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ. എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായിട്ട് കാത്തിരിക്കുന്നു.

2 പത്രൊസ് 3:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.

2 പത്രൊസ് 3:7-13 സമകാലിക മലയാളവിവർത്തനം (MCV)

ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ തിരുവചനത്താൽത്തന്നെ സംരക്ഷിക്കപ്പെട്ടും ന്യായവിധിയുടെയും അഭക്തരുടെ നാശത്തിന്റെയും ദിവസത്തിൽ അഗ്നിക്കിരയാകാൻ സൂക്ഷിക്കപ്പെട്ടുമിരിക്കുന്നു. എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു. അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം. എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും. സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.