2 പത്രൊസ് 3:1-4

2 പത്രൊസ് 3:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.

2 പത്രൊസ് 3:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രിയപ്പെട്ടവരേ, ഇത് ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങൾ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സിൽ ശുദ്ധവിചാരങ്ങൾ ഉണർത്തുവാൻ ഞാൻ ശ്രമിക്കുകയാണ്. വിശുദ്ധപ്രവാചകന്മാർ മുൻകൂട്ടി അറിയിച്ച കാര്യങ്ങളും, കർത്താവും രക്ഷകനുമായവൻ നിങ്ങളുടെ അപ്പോസ്തോലന്മാർ മുഖേന നല്‌കിയ കല്പനയും നിങ്ങൾ അനുസ്മരിക്കണം. അധമവികാരങ്ങൾക്കു വിധേയരായി ജീവിക്കുന്ന മതനിന്ദകർ അന്ത്യനാളുകളിൽ വരുമെന്നുള്ളത് ആദ്യമായി നിങ്ങൾ മനസ്സിലാക്കണം. ‘അവിടുത്തെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? നമ്മുടെ പിതാക്കന്മാർ അന്തരിച്ചു കഴിഞ്ഞു. എന്നാൽ പ്രപഞ്ചസൃഷ്‍ടിമുതൽ സകലവും അന്നത്തെ സ്ഥിതിയിൽത്തന്നെ തുടരുന്നു’ എന്ന് അവർ പറയുന്നു.

2 പത്രൊസ് 3:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു. അവന്‍റെ പ്രത്യക്ഷതയാകുന്ന മടങ്ങിവരവിൻ്റെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ മരിച്ചശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്നു പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ.

2 പത്രൊസ് 3:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ. വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു. അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.

2 പത്രൊസ് 3:1-4 സമകാലിക മലയാളവിവർത്തനം (MCV)

പ്രിയരേ, ഞാൻ നിങ്ങൾക്കെഴുതുന്ന രണ്ടാംലേഖനമാണ് ഇത്. നിങ്ങളുടെ നിഷ്കപടമായ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്ന സ്മരണികയായിട്ടാണ് ഈ രണ്ട് ലേഖനങ്ങളും ഞാൻ എഴുതിയത്. വിശുദ്ധപ്രവാചകന്മാരിലൂടെ മുമ്പ് അറിയിച്ച തിരുവചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാരിലൂടെ നമ്മുടെ കർത്താവായ രക്ഷിതാവ് നൽകിയ കൽപ്പനയും നിങ്ങൾ അനുസ്മരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പരമപ്രധാനമായി നിങ്ങൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കുക: അന്ത്യകാലത്ത് പരിഹാസകർ സ്വന്തം ദുർമോഹങ്ങൾക്ക് അനുസൃതമായി പരിഹാസം വർഷിച്ചുകൊണ്ടു വരും. “കർത്താവ് വാഗ്ദാനംചെയ്ത ആ ‘ആഗമനം’ എവിടെ? പിതാക്കന്മാരുടെ കാലശേഷവും എല്ലാ കാര്യങ്ങളും ലോകസൃഷ്ടിയുടെ ആരംഭത്തിൽ ആയിരുന്നതുപോലെതന്നെ ഇപ്പോഴും തുടരുന്നല്ലോ” എന്ന് അവർ പറയും.