2 പത്രൊസ് 2:8-13

2 പത്രൊസ് 2:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മനസ്സിൽ നൊന്ത് അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെത്തന്നെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ. ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരേ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്തവഷളത്തത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളയ്ക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.

2 പത്രൊസ് 2:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം അദ്ദേഹത്തെ വിടുവിച്ചു. തന്റെ ഭക്തജനങ്ങളെ പരീക്ഷയിൽനിന്നു രക്ഷിക്കുവാനും അധർമികളെ പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാൽ ആസക്തരായി ദൈവത്തിന്റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാൾവരെ സൂക്ഷിക്കുവാനും കർത്താവിന് അറിയാം. ധാർഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടർ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാൻ ശങ്കിക്കുന്നില്ല. അതേസമയം അവരെക്കാൾ ബലവും ശക്തിയും ഏറിയ മാലാഖമാർപോലും കർത്താവിന്റെ സന്നിധിയിൽ, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യർ വന്യമൃഗങ്ങളെപ്പോലെയാണ്; അവയെ മനുഷ്യർ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യർ പ്രാകൃതവാസനയനുസരിച്ചു വർത്തിക്കുന്നു. തങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവർ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങൾക്കു നേരിടുന്ന നാശം അവർക്കും സംഭവിക്കും. തങ്ങളുടെ അധർമത്തിന്റെ ഫലം അവർ അനുഭവിക്കും. പട്ടാപ്പകൽ തിന്നുകുടിച്ചു പുളയ്‍ക്കുന്നതിൽ അവർ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസൽക്കാരങ്ങളിൽ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടർ സമൂഹത്തിനു കറയും കളങ്കവുമാണ്.

2 പത്രൊസ് 2:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവ് ഭക്തന്മാരെ പരീക്ഷയിൽനിന്ന് വിടുവിയ്ക്കുവാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ട് ജഡത്തെ അനുസരിച്ചുനടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാക്കുവാനും അറിയുന്നുവല്ലോ. ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്‍റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളാകുന്ന ഉന്നതശക്തികളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. സ്വാഭാവികമായി പിടിപെട്ട് കൊല്ലപ്പെടുവാൻ സൃഷ്ടിക്കപ്പെട്ട ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെതന്നെ, അറിയാത്തതിനെക്കുറിച്ച് ദുഷിക്കയാൽ അവരും നശിച്ചുപോകും. അവരുടെ അനീതിയുടെ പ്രതിഫലം തന്നെ അവർക്ക് ഹാനിയായി ഭവിച്ചു. പട്ടാപ്പകൽ തിമിർത്തുല്ലസിക്കുന്നത് അവർ ആനന്ദപ്രദമായെണ്ണുന്നു. അവർ നിങ്ങളോടൊത്ത് ഭക്ഷണം കഴിക്കുമ്പോൾ കുടിച്ച് മദിച്ചുകൊണ്ട് വഞ്ചന പ്രവർത്തിക്കുന്നു. അവർ അശുദ്ധരും കളങ്കമുള്ളവരും ആകുന്നു.

2 പത്രൊസ് 2:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ. ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.

2 പത്രൊസ് 2:8-13 സമകാലിക മലയാളവിവർത്തനം (MCV)

നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു. പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം; പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്. എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല. എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു. അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്.