2 പത്രൊസ് 2:4-10

2 പത്രൊസ് 2:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം, ഗൊമോറാ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ച് ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കി വയ്ക്കയും അധർമികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്ത് അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെത്തന്നെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.

2 പത്രൊസ് 2:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗർത്തങ്ങളിൽ അന്ത്യവിധിനാൾവരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കുന്നു. പുരാതനലോകത്തെയും ദൈവം ഒഴിവാക്കിയില്ല. ദൈവഭയമില്ലാത്ത ജനത്തിന്മേൽ അവിടുന്നു പ്രളയം വരുത്തി. എന്നാൽ നീതിയുടെ വക്താവായ നോഹയെ വേറെ ഏഴുപേരോടുകൂടി ദൈവം കാത്തു രക്ഷിച്ചു. സോദോം ഗോമോറാ പട്ടണങ്ങളെ ചുട്ടുകരിച്ച് ദൈവം ന്യായം വിധിച്ചു. അവ ദൈവഭയമില്ലാത്ത ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നതിനു ദൃഷ്ടാന്തമായിത്തീർന്നു. ആ ദുഷ്ടജനത്തിന്റെ ഇടയിൽ ജീവിക്കുമ്പോൾ നീതിമാനായ ലോത്ത് അധർമികളായ അവരുടെ കാമാസക്തമായ ദുർവൃത്തികൾ ദിനംതോറും കാണുകയും കേൾക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു. ദൈവം അദ്ദേഹത്തെ വിടുവിച്ചു. തന്റെ ഭക്തജനങ്ങളെ പരീക്ഷയിൽനിന്നു രക്ഷിക്കുവാനും അധർമികളെ പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാൽ ആസക്തരായി ദൈവത്തിന്റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാൾവരെ സൂക്ഷിക്കുവാനും കർത്താവിന് അറിയാം. ധാർഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടർ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാൻ ശങ്കിക്കുന്നില്ല.

2 പത്രൊസ് 2:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ നരകത്തിലാക്കി, അന്ധതമസ്സിൽ ചങ്ങലയിട്ട് ന്യായവിധിയ്ക്കായി കാക്കുവാൻ ഏല്പിക്കുകയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയും എട്ടാമത്തവനുമായ നോഹയെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ച് ഉന്മൂലനാശത്താൽ ന്യായംവിധിച്ച് മേലാൽ ഭക്തികെട്ട് നടക്കുന്നവർക്ക് എന്ത് സംഭവിക്കുമെന്നുള്ളതിന് ഒരു ദൃഷ്ടാന്തമാക്കിവെക്കുകയും; അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്‍റെ നീതിയുള്ള മനസ്സിൽ നൊന്ത് അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവ് ഭക്തന്മാരെ പരീക്ഷയിൽനിന്ന് വിടുവിയ്ക്കുവാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ട് ജഡത്തെ അനുസരിച്ചുനടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാക്കുവാനും അറിയുന്നുവല്ലോ.

2 പത്രൊസ് 2:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.

2 പത്രൊസ് 2:4-10 സമകാലിക മലയാളവിവർത്തനം (MCV)

പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു. അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ പ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്. ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശംവരുത്തി; ഇവർ അഭക്തർക്കു ഭവിക്കാനിരിക്കുന്നവെക്ക് ഒരു നിദർശനമാണ്. എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു. നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു. പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം; പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്.