2 പത്രൊസ് 2:17-22
2 പത്രൊസ് 2:17-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. വഴിതെറ്റി നടക്കുന്നവരോട് ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു. തങ്ങൾതന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
2 പത്രൊസ് 2:17-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ മനുഷ്യർ വറ്റിയ നീരുറവുകളും കൊടുങ്കാറ്റിൽ പറന്നുപോകുന്ന മേഘങ്ങളുംപോലെ ആകുന്നു. അന്ധകാരത്തിന്റെ അടിത്തട്ടിലുള്ള സ്ഥലം അവർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. വഴിപിഴച്ചു ജീവിക്കുന്നവരിൽനിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവർ വശീകരിക്കുന്നു. തങ്ങൾതന്നെ വിനാശത്തിനു വിധേയരായിരിക്കെ, അവർ മറ്റുള്ളവർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഒരുവനെ ഏതൊന്നു പരാജയപ്പെടുത്തുന്നുവോ, അതിന് അവർ അടിമയാകുന്നു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞ് ലോകത്തിന്റെ മാലിന്യത്തിൽനിന്നു രക്ഷപെട്ടശേഷം, പിന്നെയും അതിൽ കുടുങ്ങി അതിന്റെ അധികാരത്തിൽ അമർന്നുപോകുന്നപക്ഷം അങ്ങനെയുള്ളവരുടെ അവസ്ഥ ആദ്യത്തേതിനെക്കാൾ ദയനീയമായിരിക്കും. നീതിയുടെ മാർഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയിൽനിന്നു പിന്തിരിയുന്നതിനെക്കാൾ അവർ ആ മാർഗം അറിയാതിരിക്കുകയായിരുന്നു നല്ലത്. ‘നായ് ഛർദിച്ചതുതന്നെ തിന്നുന്നു’ ‘കുളികഴിഞ്ഞ പന്നി വീണ്ടും ചെളിയിൽ കിടന്ന് ഉരുളുന്നു’. ഈ പഴഞ്ചൊല്ല് ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം യഥാർഥമായിത്തീർന്നിരിക്കുന്നു.
2 പത്രൊസ് 2:17-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെയുള്ള മനുഷ്യർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മേഘങ്ങളും പോലെയാകുന്നു; അവർക്കായി കൂരിരുട്ട് സംഗ്രഹിച്ച് വെച്ചിരിക്കുന്നു. വഴിതെറ്റി നടക്കുന്നവരിൽനിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്നവരെ ഇവർ വെറും വമ്പുപറഞ്ഞ് ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു. തങ്ങൾ തന്നെ നാശത്തിന്‍റെ അടിമകളായിരിക്കെ അവർ മറ്റുള്ളവർക്ക് സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുവനെ എന്ത് കീഴ്പെടുത്തുന്നുവോ അതിന് അവൻ അടിമയത്രേ. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്‍റെ മാലിന്യത്തിൽനിന്ന് രക്ഷപെട്ടവർ അതേ മാലിന്യത്തിലേക്കുതന്നെ വീണ്ടും തിരിച്ചുപോയാൽ അവരുടെ സ്ഥിതി ആദ്യത്തേതിനേക്കാൾ അധികം വഷളായിപ്പോയി. തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനേക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു. എന്നാൽ ‘സ്വന്ത ഛർദ്ദിയ്ക്ക് തിരിഞ്ഞ നായ’ എന്നും ‘കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി’ എന്നും ഉള്ള പഴഞ്ചൊല്ല് അവരെ സംബന്ധിച്ച് ശരിയാണ്.
2 പത്രൊസ് 2:17-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു. തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
2 പത്രൊസ് 2:17-22 സമകാലിക മലയാളവിവർത്തനം (MCV)
ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.” നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും. നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്. “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു” എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.