2 പത്രൊസ് 2:11-16

2 പത്രൊസ് 2:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരേ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്തവഷളത്തത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളയ്ക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ. അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു. അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിനു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.

2 പത്രൊസ് 2:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതേസമയം അവരെക്കാൾ ബലവും ശക്തിയും ഏറിയ മാലാഖമാർപോലും കർത്താവിന്റെ സന്നിധിയിൽ, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യർ വന്യമൃഗങ്ങളെപ്പോലെയാണ്; അവയെ മനുഷ്യർ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യർ പ്രാകൃതവാസനയനുസരിച്ചു വർത്തിക്കുന്നു. തങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവർ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങൾക്കു നേരിടുന്ന നാശം അവർക്കും സംഭവിക്കും. തങ്ങളുടെ അധർമത്തിന്റെ ഫലം അവർ അനുഭവിക്കും. പട്ടാപ്പകൽ തിന്നുകുടിച്ചു പുളയ്‍ക്കുന്നതിൽ അവർ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസൽക്കാരങ്ങളിൽ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടർ സമൂഹത്തിനു കറയും കളങ്കവുമാണ്. അവരുടെ കണ്ണുകൾ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാൻ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവർ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാൻ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു. അവർ ശാപത്തിന്റെ സന്തതികൾ! അവർ നേരായ മാർഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴി പിന്തുടരുകയും ചെയ്യുന്നു. ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു. എന്നാൽ അയാളുടെ പാപത്തിനു ശക്തമായ താക്കീതു കിട്ടി. സംസാരശേഷി ഇല്ലാത്ത കഴുത മനുഷ്യസ്വരത്തിൽ സംസാരിച്ച്, ആ പ്രവാചകന്റെ ഭ്രാന്തിനു കടിഞ്ഞാണിട്ടു.

2 പത്രൊസ് 2:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്‍റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളാകുന്ന ഉന്നതശക്തികളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. സ്വാഭാവികമായി പിടിപെട്ട് കൊല്ലപ്പെടുവാൻ സൃഷ്ടിക്കപ്പെട്ട ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെതന്നെ, അറിയാത്തതിനെക്കുറിച്ച് ദുഷിക്കയാൽ അവരും നശിച്ചുപോകും. അവരുടെ അനീതിയുടെ പ്രതിഫലം തന്നെ അവർക്ക് ഹാനിയായി ഭവിച്ചു. പട്ടാപ്പകൽ തിമിർത്തുല്ലസിക്കുന്നത് അവർ ആനന്ദപ്രദമായെണ്ണുന്നു. അവർ നിങ്ങളോടൊത്ത് ഭക്ഷണം കഴിക്കുമ്പോൾ കുടിച്ച് മദിച്ചുകൊണ്ട് വഞ്ചന പ്രവർത്തിക്കുന്നു. അവർ അശുദ്ധരും കളങ്കമുള്ളവരും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ടു രസിക്കുകയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും അസ്ഥിരരായ ദേഹികളെ തെറ്റിലേക്ക് വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട സന്തതികളാണ്. അവർ നേർവഴി വിട്ടുമാറി അനീതിയുടെ കൂലി കൊതിച്ചവനും ബെയോരിന്‍റെ മകനുമായ ബിലെയാമിന്‍റെ മാർഗ്ഗത്തെയാണ് പിന്തുടർന്നത്. എന്നാൽ അവനു തന്‍റെ അകൃത്യത്തിന് ശാസന കിട്ടി; സംസാരിക്കാത്ത കഴുത മനുഷ്യസ്വരത്തിൽ സംസാരിച്ചുകൊണ്ട് പ്രവാചകന്‍റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.

2 പത്രൊസ് 2:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ. അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു. അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.

2 പത്രൊസ് 2:11-16 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല. എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു. അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്. വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ! നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു. തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച് പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.