2 പത്രൊസ് 1:4-8
2 പത്രൊസ് 1:4-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. അതുനിമിത്തംതന്നെ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ. ഇവ നിങ്ങൾക്കുണ്ടായി വർധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
2 പത്രൊസ് 1:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയിൽനിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരായിത്തീരുവാനും ഈ വരങ്ങൾ ഇടയാക്കുന്നു. ഇക്കാരണത്താൽ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേർക്കുവാൻ സർവാത്മനാ ശ്രമിക്കുക. ഇവ നിങ്ങൾക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും.
2 പത്രൊസ് 1:4-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്‍റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ. ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
2 പത്രൊസ് 1:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ. ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
2 പത്രൊസ് 1:4-8 സമകാലിക മലയാളവിവർത്തനം (MCV)
ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും. ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക. ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും.