2 പത്രൊസ് 1:12-15

2 പത്രൊസ് 1:12-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇക്കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിവുള്ളതാണ്. നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾ ഉറച്ചു നില്‌ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാൻ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും. ഈ ശരീരത്തിൽ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങൾ ഓർമിപ്പിച്ച് നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്നു ഞാൻ കരുതുന്നു. എന്തെന്നാൽ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാൻ അറിയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്. ഇക്കാര്യങ്ങൾ എന്റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങൾ ഓർമിക്കുവാൻ തക്കവണ്ണം ഞാൻ പരിശ്രമിക്കും.

2 പത്രൊസ് 1:12-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്‍റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു. എന്‍റെ വേർപാടിൻ്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.

2 പത്രൊസ് 1:12-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു. നിങ്ങൾ അതു എന്റെ നിര്യാണത്തിന്റെശേഷം എപ്പോഴും ഓർത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.

2 പത്രൊസ് 1:12-15 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങളെ അഭ്യസിപ്പിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ സദാ ഓർമിപ്പിക്കാൻ ഞാൻ തൽപ്പരനാണ്. ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു. കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം. എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും.