2 പത്രൊസ് 1:1-4

2 പത്രൊസ് 1:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്: ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കുമാറാകട്ടെ. തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

2 പത്രൊസ് 1:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിയിലൂടെ, ഞങ്ങളോടൊപ്പം അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് യേശുക്രിസ്തുവിന്റെ ദാസനും അപ്പോസ്തോലനുമായ ശിമോൻപത്രോസ് എഴുതുന്നത്. ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങൾക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ. തന്റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികൾ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂർവം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയിൽനിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരായിത്തീരുവാനും ഈ വരങ്ങൾ ഇടയാക്കുന്നു.

2 പത്രൊസ് 1:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്: ദൈവത്തിന്‍റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്‍റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

2 പത്രൊസ് 1:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു: ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

2 പത്രൊസ് 1:1-4 സമകാലിക മലയാളവിവർത്തനം (MCV)

യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രോസ്, നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നീതിയിലൂടെ ഞങ്ങൾക്കു ലഭിച്ചതുപോലെയുള്ള അമൂല്യവിശ്വാസം ലഭിച്ചിട്ടുള്ളവർക്ക്, എഴുതുന്നത്: ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ. അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.