2 രാജാക്കന്മാർ 9:1-7
2 രാജാക്കന്മാർ 9:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോടു പറഞ്ഞത്: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്കു പോക. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്ന് അവന്റെ സഹോദരന്മാരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോക. പിന്നെ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക. അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ചിരിക്കുന്നതു കണ്ട്: നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിപ്പാനുണ്ട് എന്ന് അവൻ പറഞ്ഞതിന്: ഞങ്ങൾ എല്ലാവരിലുംവച്ച് ആരോട് എന്ന് യേഹൂ ചോദിച്ചു. നിന്നോടുതന്നെ, നായകാ എന്ന് അവൻ ഉത്തരം പറഞ്ഞു. അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ച് അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകല ദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിനു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
2 രാജാക്കന്മാർ 9:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എലീശാപ്രവാചകൻ പ്രവാചകശിഷ്യന്മാരിൽ ഒരാളെ വിളിച്ചുപറഞ്ഞു: “നീ യാത്രയ്‍ക്കു തയ്യാറായി തൈലപ്പാത്രവുമെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോകുക. അവിടെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂവിനെ അന്വേഷിക്കണം. അവനെ കൂട്ടാളികളിൽനിന്നു മാറ്റി തനിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോകണം. അവന്റെ തലയിൽ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേൽരാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതിൽതുറന്ന് വേഗം ഓടിപ്പോരുക.” അതനുസരിച്ച് ആ പ്രവാചകശിഷ്യൻ രാമോത്ത്-ഗിലെയാദിലേക്കു പോയി. അവിടെ ചെന്നപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാൾ മറുപടി നല്‌കി. അവർ രണ്ടുപേരും ഉൾമുറിയിലേക്കു കടന്നു; പ്രവാചകശിഷ്യൻ തൈലം യേഹൂവിന്റെ തലയിൽ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ എന്റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു. നീ നിന്റെ യജമാനന്റെ ഭവനത്തെ, ആഹാസിന്റെ ഗൃഹത്തെത്തന്നെ നശിപ്പിക്കണം. അങ്ങനെ ഞാൻ എന്റെ പ്രവാചകന്മാരുടെയും ദാസന്മാരുടെയും രക്തത്തിന് ഈസേബെലിനോടു പകരം ചോദിക്കും.
2 രാജാക്കന്മാർ 9:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോകുക. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു കണ്ടെത്തി, കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോകുക. അതിന് ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക.” അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്നു അവൻ പറഞ്ഞു. അതിന്: “ഞങ്ങളിൽ ആരോട്?” എന്നു യേഹൂ ചോദിച്ചു. “നിന്നോട് തന്നെ, നായകാ” എന്നു അവൻ ഉത്തരം പറഞ്ഞു. യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹൂവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്‍റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
2 രാജാക്കന്മാർ 9:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉൾമുറിയിലേക്കു കൊണ്ടുപോക. പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക. അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു. അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
2 രാജാക്കന്മാർ 9:1-7 സമകാലിക മലയാളവിവർത്തനം (MCV)
പ്രവാചകനായ എലീശാ പ്രവാചകഗണത്തിൽനിന്ന് ഒരാളെ വിളിച്ച് അവനോടു പറഞ്ഞു: “നീ അര കെട്ടി ഈ തൈലപ്പാത്രവുമെടുത്ത് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക. നീ അവിടെയെത്തുമ്പോൾ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവന്റെ അടുക്കൽ ചെന്ന്, അവന്റെ കൂട്ടുകാരുടെ മധ്യേനിന്ന് അവനെ ഒറ്റയ്ക്ക് അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുക. അതിനുശേഷം തൈലപ്പാത്രമെടുത്ത് തൈലം അവന്റെ തലയിലൊഴിച്ചിട്ട്, ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം വാതിൽ തുറന്ന് ഓടിപ്പോരിക!” അങ്ങനെ ആ യുവപ്രവാചകൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. അദ്ദേഹം അവിടെയെത്തിയപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നതു കണ്ടു. “സൈന്യാധിപാ! എനിക്കങ്ങയോട് ഒരു സന്ദേശം അറിയിക്കാനുണ്ട്,” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോട്,” എന്ന് യേഹു ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. യേഹു എഴുന്നേറ്റു വീടിനുള്ളിലേക്കു കടന്നു. അപ്പോൾ ആ പ്രവാചകൻ യേഹുവിന്റെ തലയിൽ തൈലം ഒഴിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു. നിന്റെ യജമാനനായ ആഹാബുഗൃഹത്തെ നീ നശിപ്പിക്കണം; എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും, ഈസബേൽ ചൊരിഞ്ഞ യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഞാൻ പ്രതികാരംചെയ്യും.