2 രാജാക്കന്മാർ 6:8-23

2 രാജാക്കന്മാർ 6:8-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം അരാംരാജാവിന് യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട് എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചത്. ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സ് ഏറ്റവും കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു. യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശായോട്: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു. അതിന് അവൻ: വെട്ടിക്കളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വലിയൊരു വിരുന്നൊരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽപോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.

2 രാജാക്കന്മാർ 6:8-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സിറിയാരാജാവ് ഒരിക്കൽ ഇസ്രായേലിനോടു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു. തത്സമയം എലീശ ഇസ്രായേൽരാജാവിന്റെ അടുക്കൽ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാർ ആ സ്ഥലം ആക്രമിക്കാൻ വരുന്നുണ്ട്” എന്ന് അറിയിച്ചു. ഇസ്രായേൽരാജാവ് പ്രവാചകൻ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകൻ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാൾ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയിൽ ഇസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു. രാജഭൃത്യന്മാരിൽ ഒരാൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയിൽവച്ചു സംസാരിക്കുന്ന കാര്യങ്ങൾ പോലും ഇസ്രായേൽരാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.” “അവൻ എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി. അപ്പോൾ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവർ രാത്രിയിൽ പട്ടണം വളഞ്ഞു. പ്രവാചകന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോൾ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു. പ്രവാചകൻ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാൾ കൂടുതൽ ആളുകൾ നമ്മോടുകൂടെയുണ്ട്.” പിന്നീട് എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവന്റെ കണ്ണുകൾ തുറന്നാലും; ഇവൻ കാണട്ടെ.” അവിടുന്ന് അവന്റെ കണ്ണു തുറന്നു; എലീശയ്‍ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. സിറിയാക്കാർ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ അന്ധമാക്കണമേ.” എലീശയുടെ പ്രാർഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി. എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളിന്റെ അടുക്കലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകൻ അവരെ ശമര്യയിലേക്കു നയിച്ചു. അവർ ശമര്യയിൽ പ്രവേശിച്ചപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ ശമര്യയുടെ മധ്യത്തിലാണെന്നു അവർ മനസ്സിലാക്കി. ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാൻ ഇവരെ കൊന്നുകളയട്ടയോ?” പ്രവാചകൻ പറഞ്ഞു: “കൊല്ലരുത്, നിങ്ങൾ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങൾ കൊല്ലുമോ? അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുക്കുക; അവർ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോകട്ടെ.” ഇസ്രായേൽരാജാവ് അവർക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങൾ നല്‌കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവർ തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോയി. പിന്നീട് സിറിയൻ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല.

2 രാജാക്കന്മാർ 6:8-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്നു അവൻ തന്‍റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്കു യിസ്രായേൽ രാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്. ഇതു മൂലം അരാം രാജാവിന്‍റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്‍റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്നു ചോദിച്ചു. അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്നു പറഞ്ഞു. “നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്നു അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള തന്‍റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്‍റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും?” എന്നു ചോദിച്ചു. അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണു തുറക്കേണമേ” എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്‍റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. അരാമ്യർ അവന്‍റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്നു പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്‍റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്നു പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു. യിസ്രായേൽ രാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്‍റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്നു ചോദിച്ചു. അതിന് അവൻ: “കൊന്നുകളയരുത്; നിന്‍റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്‍റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്‍റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.

2 രാജാക്കന്മാർ 6:8-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽരാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു. ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു. അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു. യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു. അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.

2 രാജാക്കന്മാർ 6:8-23 സമകാലിക മലയാളവിവർത്തനം (MCV)

ഒരിക്കൽ അരാംരാജാവും ഇസ്രായേലുമായി യുദ്ധം ഉണ്ടായി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചശേഷം, “ഞാൻ ഇന്നയിന്ന സ്ഥലങ്ങളിൽ കൂടാരമടിക്കും” എന്നു തീരുമാനിച്ചു. എന്നാൽ ദൈവപുരുഷൻ ഇസ്രായേൽരാജാവിനോട്: “ആ സ്ഥലത്തുകൂടി കടന്നുപോകാതെ സൂക്ഷിക്കുക; അരാമ്യർ അവിടേക്കു ഇറങ്ങിവരുന്നുണ്ട്” എന്നു പറഞ്ഞയച്ചു. അതിനാൽ ഇസ്രായേൽരാജാവ്, ദൈവപുരുഷൻ സൂചിപ്പിച്ച സ്ഥലത്തു കടക്കാതെ സൂക്ഷിച്ചു. വീണ്ടും പലതവണ എലീശാ രാജാവിന് ഈ വിധം മുന്നറിയിപ്പു കൊടുത്തു. അതിനാൽ അദ്ദേഹം അവിടങ്ങളിലെല്ലാം സുരക്ഷിതനായിരുന്നു. ഇത് അരാംരാജാവിനെ കോപാകുലനാക്കി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരോട്: “നമ്മിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷക്കാരനെന്ന് നിങ്ങൾ പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു. “യജമാനനായ രാജാവേ! നമ്മിൽ ആരുമല്ല. ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്. അങ്ങ് ശയനഗൃഹത്തിൽ ഉച്ചരിക്കുന്ന വാക്കുകൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്,” എന്ന് അവരിലൊരാൾ പറഞ്ഞു. “പോയി, അയാളെവിടെയെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും,” എന്നു രാജാവു കൽപ്പിച്ചു. “അദ്ദേഹം ദോഥാനിലുണ്ട്,” എന്ന് രാജാവിനു വിവരംകിട്ടി. ഉടനെ അയാൾ കുതിരകളെയും രഥങ്ങളെയും വലിയൊരുകൂട്ടം സൈന്യത്തെയും അങ്ങോട്ടയച്ചു. അവർ രാത്രിയിൽച്ചെന്ന് ആ പട്ടണം വളഞ്ഞു. പിറ്റേന്നു പ്രഭാതത്തിൽ ദൈവപുരുഷന്റെ ഭൃത്യൻ ഉണർന്നു വെളിയിൽ വന്നപ്പോൾ കുതിരകളും രഥങ്ങളുമായി ഒരു സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതായിക്കണ്ടു. “അയ്യോ! യജമാനനേ! നാം എന്തുചെയ്യും?” എന്ന് അയാൾ നിലവിളിച്ചു. “ഭയപ്പെടേണ്ട; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികമാണ്,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. “യഹോവേ, ഇവൻ കാണുന്നതിനായി ഇവന്റെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ ആ ഭൃത്യന്റെ കണ്ണുതുറന്നു. ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതായി അയാൾ കണ്ടു. ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി. എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു. ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ “എന്റെ പിതാവേ! ഞാൻ ഇവരെ വെട്ടിക്കളയട്ടെ? ഇവരെ വെട്ടിക്കളയട്ടെ?” എന്നു എലീശയോടു ചോദിച്ചു. “അവരെ കൊല്ലരുത്. നിന്റെ സ്വന്തവാളും വില്ലുംകൊണ്ട് കീഴ്പ്പെടുത്തിയ ആളുകളെ നീ കൊല്ലുമോ? അവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകുന്നതിന് അവർക്ക് അപ്പവും വെള്ളവും കൊടുക്കുക,” എന്ന് എലീശാ പറഞ്ഞു. അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി വലിയൊരു വിരുന്നൊരുക്കി. അവർ തിന്നുകുടിച്ചു തൃപ്തരായശേഷം അദ്ദേഹം അവരെ യാത്രയാക്കി. അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ മടങ്ങിപ്പോയി. അങ്ങനെ അരാമിൽനിന്നുള്ള സൈന്യസമൂഹം അതിൽപ്പിന്നെ ഇസ്രായേൽദേശത്തേക്കു വരാതായി.