2 രാജാക്കന്മാർ 6:1-7
2 രാജാക്കന്മാർ 6:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രവാചകശിഷ്യന്മാർ എലീശായോട്: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങൾ യോർദ്ദാനോളം ചെന്ന് അവിടെനിന്ന് ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന് ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്ന് അവൻ പറഞ്ഞു. അവരിൽ ഒരുത്തൻ: ദയ ചെയ്ത് അടിയങ്ങളോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചതിനു പോരാം എന്ന് അവൻ പറഞ്ഞു. അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു. അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊൾക എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
2 രാജാക്കന്മാർ 6:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എലീശയുടെ കൂടെയുണ്ടായിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളുടെ പാർപ്പിടം വളരെ ചെറുതാണല്ലോ. യോർദ്ദാൻ കരയിൽ ചെന്ന് മരം വെട്ടിക്കൊണ്ടുവന്നു പാർപ്പിടം ഉണ്ടാക്കാൻ ഞങ്ങളെ അനുവദിച്ചാലും.” “പൊയ്‍ക്കൊൾക” എലീശ മറുപടി നല്‌കി. “സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരിൽ ഒരാൾ പ്രവാചകനോടു പറഞ്ഞു. “ഞാൻ വരാം” എലീശ പറഞ്ഞു. അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവർ യോർദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ, അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു. “അത് എവിടെയാണ് വീണത്” പ്രവാചകൻ ചോദിച്ചു. അവൻ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോൾ പ്രവാചകൻ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു. “അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
2 രാജാക്കന്മാർ 6:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു അങ്ങ് കാണുന്നുവല്ലോ. ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്തു ചെന്നു അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ചു കൊണ്ടുവന്നു ഞങ്ങൾക്കു വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്നു ചോദിച്ചു. “പോകുവിൻ” എന്നു അവൻ പറഞ്ഞു. അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്നു അപേക്ഷിച്ചതിന് “പോരാം” എന്നു അവൻ പറഞ്ഞു. അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്‍റെ കരയിൽ എത്തി മരം മുറിച്ചു. എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്നു അവൻ നിലവിളിച്ചു. “അത് എവിടെ വീണു?” എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു കോടാലി പൊങ്ങിവന്നു. “അത് എടുത്തുകൊള്ളുക” എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.
2 രാജാക്കന്മാർ 6:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങൾ യോർദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു. അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു. അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരം മുറിച്ചു. എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു. അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു. അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു.
2 രാജാക്കന്മാർ 6:1-7 സമകാലിക മലയാളവിവർത്തനം (MCV)
പ്രവാചകശിഷ്യന്മാർ എലീശയോട്: “നമ്മൾ ഒരുമിച്ചുകൂടുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്. ഞങ്ങൾ യോർദാനിലേക്കു ചെന്ന് ഓരോരുത്തനും ഓരോ മരം വെട്ടിക്കൊണ്ടുവന്ന് നമ്മൾക്ക് ഒരുമിച്ചുകൂടുന്നതിന് ഒരിടം ഉണ്ടാക്കാം” എന്നു പറഞ്ഞു. “പൊയ്ക്കൊള്ളൂ,” പ്രവാചകൻ അനുവാദം നൽകി. “ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!” അവരിൽ ഒരുവൻ ചോദിച്ചു. “പോരാം,” എന്ന് എലീശാ മറുപടികൊടുത്തു. അങ്ങനെ അദ്ദേഹം അവരോടൊപ്പംപോയി. അവർ യോർദാൻ നദിക്കരികിൽ ചെന്ന് മരം വെട്ടാൻ തുടങ്ങി. അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു. “അത് എവിടെയാണു വീണത്?” ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു. “അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.