2 രാജാക്കന്മാർ 5:1-27
2 രാജാക്കന്മാർ 5:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരാംരാജാവിന്റെ സേനാപതിയായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്ന് ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോട്: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. അവൻ ചെന്നു തന്റെ യജമാനനോട്: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തുതരാം എന്ന് അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തും കൊണ്ടുചെന്നു; അതിൽ: ഈ എഴുത്ത് കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് എഴുതിയിരുന്നു. യിസ്രായേൽരാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു. യിസ്രായേൽരാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞത് എന്ത്? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്ന് അവൻ അറിയും എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശായുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു. അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻതന്നെ പുറത്തുവന്ന് അടുത്തുനിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർഥിച്ച് തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി. എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തുവന്ന് അവനോട്: പിതാവേ, പ്രവാചകൻ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു. അപ്പോൾ അവൻ ചെന്ന് ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയി; അവൻ ശുദ്ധനായിത്തീർന്നു. പിന്നെ അവൻ തന്റെ സകല പരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്ന് അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കൈയിൽനിന്ന് ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു. അതിന് അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്ന് പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല. അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർകഴുതച്ചുമടു മണ്ണ് അടിയനു തരുവിക്കേണമേ; അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല. ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്ന് എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. അവൻ അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ അവനെ വിട്ടു കുറെ ദൂരം പോയ ശേഷം ദൈവപുരുഷനായ എലീശായുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കൈയിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങുമെന്ന് പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽ നിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു. അതിന് അവൻ: സുഖം തന്നെ; ഇപ്പോൾ തന്നെ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടു പേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു. കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവച്ചിട്ട് ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു. പിന്നെ അവൻ അകത്തു കടന്ന് യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോട്: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്ന് അവൻ പറഞ്ഞു. അതിന് അവൻ: ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടുകൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്ന് അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
2 രാജാക്കന്മാർ 5:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നയമാൻ. അയാൾ മുഖാന്തരം സർവേശ്വരൻ സിറിയായ്‍ക്കു വിജയം നല്‌കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാൻ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു. സിറിയാക്കാർ ഒരിക്കൽ ഇസ്രായേലിൽ കവർച്ച നടത്തിയപ്പോൾ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയെ പരിചരിച്ചുപോന്നു; ഒരു ദിവസം അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയിൽ പാർക്കുന്ന പ്രവാചകന്റെ അടുക്കലേക്ക് എന്റെ യജമാനൻ പോയിരുന്നെങ്കിൽ അദ്ദേഹം എന്റെ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.” അങ്ങനെ നയമാൻ രാജാവിന്റെ അടുക്കൽ ചെന്ന് പെൺകുട്ടി പറഞ്ഞ കാര്യം അറിയിച്ചു. “ഞാൻ തരുന്ന കത്തുമായി ഇസ്രായേൽരാജാവിന്റെ അടുക്കലേക്ക് ഉടൻ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാൾ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ സ്വർണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു. അദ്ദേഹം കത്ത് ഇസ്രായേൽരാജാവിനെ ഏല്പിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.” കത്തു വായിച്ചപ്പോൾ ഇസ്രായേൽരാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ അയാൾ എന്നോട് ആവശ്യപ്പെടുന്നു; ഞാൻ മരണത്തിന്റെയും ജീവന്റെയുംമേൽ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാൻ അയാൾ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?” എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാൾ എന്റെ അടുക്കൽ വരട്ടെ; ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്നു ഞാൻ അയാളെ ബോധ്യപ്പെടുത്തും.” നയമാൻ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കൽ എത്തി. എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോർദ്ദാൻനദിയിൽ കുളിക്കുക; അപ്പോൾ നിന്റെ ശരീരം പൂർവസ്ഥിതിയിലായി നീ ശുദ്ധനാകും.” നയമാൻ കുപിതനായി മടങ്ങിപ്പോയി; അയാൾ സ്വയം പറഞ്ഞു: “അയാൾ എന്റെ അടുക്കൽ ഇറങ്ങിവന്ന് തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കുമെന്നും തന്റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാൻ വിചാരിച്ചു. ദമാസ്ക്കസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയിൽ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാൾ അവിടെനിന്നു മടങ്ങിപ്പോയി. എന്നാൽ ഭൃത്യന്മാർ അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകൻ പറഞ്ഞിരുന്നതെങ്കിൽ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കിൽ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോൾ അത് അനുസരിക്കേണ്ടതല്ലേ.” ഇതു കേട്ടു നയമാൻ പോയി പ്രവാചകൻ പറഞ്ഞതുപോലെ യോർദ്ദാൻനദിയിൽ ഏഴു പ്രാവശ്യം മുങ്ങി; അയാൾ പൂർണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിൻറേതുപോലെയായി. തന്റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്റെ മുമ്പിൽ നിന്നുകൊണ്ട് അയാൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയിൽ ഇല്ലെന്നു ഞാൻ ഇപ്പോൾ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനിൽനിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.” എന്നാൽ പ്രവാചകൻ പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാൻ ആരാധിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തു പറയുന്നു.” നയമാൻ നിർബന്ധിച്ചെങ്കിലും പ്രവാചകൻ വഴങ്ങിയില്ല. അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങനെയെങ്കിൽ രണ്ടു കഴുതപ്പുറത്തു കയറ്റാവുന്നത്ര മണ്ണ് തന്നാലും; അങ്ങയുടെ ദാസൻ ഇനിയും സർവേശ്വരനല്ലാതെ മറ്റൊരു ദൈവത്തിനും ഹോമയാഗമോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല. എന്നാൽ ഒരു കാര്യത്തിൽ മാത്രം അവിടുന്ന് എന്നോട് ക്ഷമിക്കട്ടെ! എന്റെ യജമാനന് അകമ്പടി സേവിച്ചു രിമ്മോൻക്ഷേത്രത്തിൽ ആരാധിക്കാൻ പോകുമ്പോൾ അദ്ദേഹത്തോടൊത്തു ഞാനും തല വണങ്ങേണ്ടി വരും; അതു സർവേശ്വരൻ എന്നോടു ക്ഷമിക്കട്ടെ.” “സമാധാനമായി പോകുക” എലീശ പറഞ്ഞു. അങ്ങനെ നയമാൻ കുറെ ദൂരം പോയി. അപ്പോൾ എലീശയുടെ ശിഷ്യൻ ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാൻ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ അയാളെ പറഞ്ഞയച്ചിരിക്കുന്നു; സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്യുന്നു: ഞാൻ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി നയമാനെ പിന്തുടർന്നു; തന്റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാൻ അവനെ സ്വീകരിക്കാൻ രഥത്തിൽനിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു. പ്രവാചകഭൃത്യൻ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാൽ എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകഗണത്തിൽപ്പെട്ട രണ്ടു യുവാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നു; അവർക്കു കൊടുക്കാൻ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‌കണമെന്ന് അപേക്ഷിക്കാൻ യജമാനൻ എന്നെ അയച്ചിരിക്കുന്നു.” “ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാൻ പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാർ വശം കൊടുത്തയച്ചു. അവർ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പിൽ നടന്നു. എലീശ പാർത്തിരുന്ന മലമുകളിൽ എത്തിയപ്പോൾ ഗേഹസി സഞ്ചികൾ അവരിൽനിന്നു വാങ്ങി വീട്ടിനുള്ളിൽ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു. അയാൾ അകത്ത് എലീശയുടെ മുമ്പിൽ ചെന്നപ്പോൾ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസൻ എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു. പ്രവാചകൻ പറഞ്ഞു: “ആ മനുഷ്യൻ രഥത്തിൽ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോൾ എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ? നയമാന്റെ കുഷ്ഠം നിന്നെയും നിന്റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കൽനിന്നു പോയി.
2 രാജാക്കന്മാർ 5:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അരാം രാജാവിന്‍റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യ പടയാളികൾ യിസ്രായേൽ ദേശത്തു കവർച്ച നടത്തിയപ്പോൾ ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോട്: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ പോയിരുന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്നു പറഞ്ഞു. നയമാൻ തന്‍റെ യജമാനനോട്: “യിസ്രായേൽ ദേശക്കാരിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു” എന്നു ബോധിപ്പിച്ചു. “നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തു തരാം” എന്നു അരാം രാജാവ് പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കൽ പൊന്നും പത്തു കൂട്ടം വസ്ത്രങ്ങളും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽ രാജാവിന്‍റെ അടുക്കൽ എഴുത്തും കൊണ്ടു ചെന്നു; അതിൽ: “ഈ എഴുത്ത് കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു എഴുതിയിരുന്നു. യിസ്രായേൽ രാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ?” എന്നു പറഞ്ഞു. യിസ്രായേൽ രാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: “നീ വസ്ത്രം കീറിക്കളഞ്ഞത് എന്തിന്? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്നു അവൻ അറിയും” എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടി എലീശയുടെ വീട്ടുവാതില്ക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്നു പറയിച്ചു. അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു അവിടെനിന്നും പുറപ്പെട്ടു; “അവൻ തന്നെ പുറത്തുവന്ന് എന്‍റെ അടുത്തുനിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ച് തന്‍റെ കൈ എന്‍റെ മീതെ ചലിപ്പിച്ച് കുഷ്ഠരോഗം സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളത്തെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ?” എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി. എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തുവന്ന് അവനോട്: “പിതാവേ, പ്രവാചകൻ ഒരു വലിയ കാര്യം നിന്നോട് കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: ‘കുളിച്ച് ശുദ്ധനാകുക’ എന്നു നിന്നോട് കല്പിച്ചാൽ എത്ര അധികം അനുസരിക്കേണ്ടതാണ്” എന്നു പറഞ്ഞു. അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായി തീർന്നു. പിന്നെ അവൻ തന്‍റെ പരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്ന് അവന്‍റെ മുമ്പിൽനിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു സമ്മാനം സ്വീകരിക്കണമേ” എന്നു പറഞ്ഞു. അതിന് അവൻ: “ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും സ്വീകരിക്കുകയില്ല” എന്നു പറഞ്ഞു. അവനെ നിർബ്ബന്ധിച്ചിട്ടും അവൻ ഒന്നും വാങ്ങിയില്ല. അപ്പോൾ നയമാൻ: “എന്നാൽ രണ്ടു കോവർകഴുതച്ചുമടു മണ്ണ് അടിയനു തരേണമേ; അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കുകയില്ല. ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ; എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്നതിനു യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.” അവൻ അവനോട്: “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. നയമാൻ എലീശയുടെ സമീപത്തു നിന്നു ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും” എന്നു പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്നു ചോദിച്ചു. അതിന് അവൻ: “സുഖം തന്നെ; ഇപ്പോൾ പ്രവാചക ഗണത്തില്‍ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരേണമേ എന്നു പറയാൻ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ദയവായി രണ്ടു താലന്തു വാങ്ങേണമേ” എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്‍റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു. കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു. പിന്നെ അവൻ അകത്ത് കടന്ന് യജമാനന്‍റെ മുമ്പിൽനിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്നു ചോദിച്ചു. “അടിയൻ എങ്ങും പോയില്ല” എന്നു അവൻ പറഞ്ഞു. അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്നു അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ടു പുറപ്പെട്ടുപോയി.
2 രാജാക്കന്മാർ 5:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അരാംരാജാവിന്റെ സേനാപതിയായ നയമാൻമുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു. യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു. യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്ക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു. അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി. എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരുകാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു. അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീർന്നു. പിന്നെ അവൻ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല. അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല. ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. അവൻ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നേയോ എന്നു ചോദിച്ചു. അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു. കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു. പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു. അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
2 രാജാക്കന്മാർ 5:1-27 സമകാലിക മലയാളവിവർത്തനം (MCV)
നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു. അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു. “എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു,” എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു. നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു. “നീ പോയിവരിക,” അരാംരാജാവ് പറഞ്ഞു. “ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം.” അങ്ങനെ തന്റെ കൈവശം പത്തു താലന്തു വെള്ളിയും ആറായിരം ശേക്കേൽ സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു. ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. “ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു,” എന്ന് അതിൽ എഴുതിയിരിക്കുന്നു. ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, “ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും.” അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു. “താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു. പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. “അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു. ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു. നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: “പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്” എന്നു ചോദിച്ചു. അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു. പിന്നെ നയമാനും അദ്ദേഹത്തിന്റെ സകലഭൃത്യന്മാരും ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്നു. നയമാൻ ദൈവപുരുഷന്റെമുമ്പിൽ നിന്നുകൊണ്ട്: “ഇസ്രായേലിൽ അല്ലാതെ ലോകത്തിൽ മറ്റെങ്ങും ഒരു ദൈവമില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദയവായി അങ്ങയുടെ ദാസനായ എന്നിൽനിന്ന് ഒരു സമ്മാനം സ്വീകരിക്കണേ!” എന്നു പറഞ്ഞു. “ഞാൻ സേവിച്ചു നിൽക്കുന്ന യഹോവയാണെ, ഞാൻ യാതൊരു സമ്മാനവും വാങ്ങുകയില്ല,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. നയമാൻ വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം നിരസിക്കുകയാണു ചെയ്തത്. അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങ് യാതൊന്നും സ്വീകരിക്കുകയില്ലെങ്കിൽ, രണ്ടു കോവർകഴുതകൾക്കു ചുമക്കാവുന്നത്ര മണ്ണു ദയവായി അടിയനു തരണമേ! അടിയൻ ഇനിമേലാൽ യഹോവയ്ക്കല്ലാതെ മറ്റൊരു ദേവനും ഹോമയാഗങ്ങളോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല. എന്നാൽ ഈ ഒരു കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കട്ടെ! എന്റെ യജമാനൻ എന്റെ കൈയിൽ താങ്ങിക്കൊണ്ടു രിമ്മോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കുമ്പിടുകയും ചെയ്യുമ്പോൾ ഞാനും അവിടെ കുമ്പിടേണ്ടതായിവരുന്നു. അക്കാര്യം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.” “സമാധാനത്തോടെ പോകുക,” എന്ന് എലീശാ പറഞ്ഞു. നയമാൻ അൽപ്പദൂരം യാത്രയായിക്കഴിഞ്ഞപ്പോൾ ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു. ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ” “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു. പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു. “അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു. എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.