2 രാജാക്കന്മാർ 4:3-6
2 രാജാക്കന്മാർ 4:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു. അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
2 രാജാക്കന്മാർ 4:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എലീശ പറഞ്ഞു: “നീ പോയി അയൽക്കാരിൽനിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക. പിന്നീട് നീയും നിന്റെ പുത്രന്മാരും വീട്ടിൽ പ്രവേശിച്ച് വാതിൽ അടച്ച് പാത്രങ്ങളിൽ എണ്ണ പകരണം; നിറയുന്ന പാത്രങ്ങൾ മാറ്റി വയ്‍ക്കണം.” അവൾ പോയി തന്റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളിൽ പ്രവേശിച്ച് വാതിൽ അടച്ചു. അവർ കൊണ്ടുവന്ന പാത്രങ്ങളിൽ അവൾ എണ്ണ പകർന്നു. പാത്രങ്ങൾ നിറഞ്ഞപ്പോൾ പിന്നെയും പാത്രങ്ങൾ കൊണ്ടുവരാൻ അവൾ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരിൽ ഒരാൾ പറഞ്ഞ ഉടനെ പാത്രത്തിൽനിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു.
2 രാജാക്കന്മാർ 4:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് അവൻ: “നീ ചെന്നു നിന്‍റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു. അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
2 രാജാക്കന്മാർ 4:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു അവൻ: നീ ചെന്നു നിന്റെ അയല്ക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു. അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
2 രാജാക്കന്മാർ 4:3-6 സമകാലിക മലയാളവിവർത്തനം (MCV)
എലീശാ പറഞ്ഞു: “നിന്റെ അയൽക്കാരുടെ അടുക്കൽപോയി കഴിയുന്നത്രയും ഒഴിഞ്ഞ പാത്രങ്ങൾ കടംവാങ്ങുക; പാത്രങ്ങൾ കുറവായിപ്പോകരുത്. പിന്നെ, നീയും മക്കളും അകത്തു പ്രവേശിച്ച് വാതിലടയ്ക്കുക; അതിനുശേഷം, ഓരോ പാത്രത്തിലേക്കും കുപ്പിയിലുള്ള ഒലിവെണ്ണ പകരുക; ഓരോന്നും നിറയുമ്പോൾ അവ ഒരു ഭാഗത്തേക്ക് മാറ്റിവെക്കുക.” അവൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു പോയി, മക്കളെയുംകൂട്ടി അകത്തുകടന്നു വാതിലടച്ചു. കുട്ടികൾ പാത്രങ്ങൾ എടുത്തുകൊടുത്തുകൊണ്ടും അവൾ എണ്ണ പകർന്നുകൊണ്ടുമിരുന്നു. പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ “വേറെ ഒരെണ്ണംകൂടി കൊണ്ടുവരിക,” എന്ന് അവൾ തന്റെ മകനോടു പറഞ്ഞു. “ഇനിയും ഒരുപാത്രംപോലുമില്ല,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ എണ്ണയുടെ പ്രവാഹവും നിലച്ചു.