2 രാജാക്കന്മാർ 3:16-20

2 രാജാക്കന്മാർ 3:16-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പറഞ്ഞത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഈ താഴ്‌വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും. ഇതു പോരാ എന്നു യഹോവയ്ക്കു തോന്നിയിട്ട് അവൻ മോവാബ്യരെയും നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ല വൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും. പിറ്റന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

2 രാജാക്കന്മാർ 3:16-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എലീശ പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങൾ ജലംകൊണ്ടു നിറയും. കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും; ഇത് സർവേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങൾ നിങ്ങൾ ആക്രമിക്കും. ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങൾ കല്ലുകൊണ്ടു മൂടും.” അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോൾ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു.

2 രാജാക്കന്മാർ 3:16-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും. ഇത് യഹോവയ്ക്കു നിസ്സാര കാര്യം അത്രേ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ല് വാരിയിട്ടു നശിപ്പിക്കയും ചെയ്യും.” പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്‍റെ സമയത്തു വെള്ളം പെട്ടെന്നു ഏദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

2 രാജാക്കന്മാർ 3:16-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്‌വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും. ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും. പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

2 രാജാക്കന്മാർ 3:16-20 സമകാലിക മലയാളവിവർത്തനം (MCV)

അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക. യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും. യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും. കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.” പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു.