2 രാജാക്കന്മാർ 3:1-27
2 രാജാക്കന്മാർ 3:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയെയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു. എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെപ്പിടിച്ചു. മോവാബ്‍രാജാവായ മേശയ്ക്ക് അനവധി ആടുകളുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു. എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‍രാജാവ് യിസ്രായേൽരാജാവിനോടു മത്സരിച്ചു. ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് യിസ്രായേലിനെയൊക്കെയും എണ്ണിനോക്കി. പിന്നെ അവൻ: മോവാബ്രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ കൂടെ പോരുമോ എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിപ്പിച്ചു. അതിന് അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. നാം ഏതു വഴിയായി പോകേണം എന്ന് അവൻ ചോദിച്ചതിന്: എദോംമരുഭൂമിവഴിയായിത്തന്നെ എന്ന് അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ്, യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. അപ്പോൾ യിസ്രായേൽരാജാവ്: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു. അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടുണ്ട് എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു. എലീശാ യിസ്രായേൽരാജാവിനോട്: എനിക്കും നിനക്കും തമ്മിൽ എന്ത്? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന് യിസ്രായേൽരാജാവ് അവനോട്: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് യഹോവ അവരെ വിളിച്ചു വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു. അവൻ പറഞ്ഞത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും. ഇതു പോരാ എന്നു യഹോവയ്ക്കു തോന്നിയിട്ട് അവൻ മോവാബ്യരെയും നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ല വൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും. പിറ്റന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു. എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നു നിന്നു. രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരേയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി: അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളയ്ക്കു വരുവിൻ എന്ന് അവർ പറഞ്ഞു. അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്ന് മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു. പട്ടണങ്ങളെ അവർ ഇടിച്ചു, നല്ല നിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലിട്ടു നികത്തി, നീരുറവുകളെല്ലാം അടച്ചു, നല്ല വൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ല് അങ്ങനെതന്നെ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു. മോവാബ്‍രാജാവ് പട തനിക്ക് അതിവിഷമമായി എന്നു കണ്ടപ്പോൾ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധപാണികളെ കൂട്ടിക്കൊണ്ടുചെന്നു; എങ്കിലും സാധിച്ചില്ല. ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ട് അവർ അവനെ വിട്ടു സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
2 രാജാക്കന്മാർ 3:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ഭരണവർഷം ശമര്യയിൽ ആഹാബിന്റെ പുത്രനായ യെഹോരാം ഇസ്രായേലിന്റെ രാജാവായി; അയാൾ പന്ത്രണ്ടു വർഷം ഭരിച്ചു. യെഹോരാം സർവേശ്വരന് അനിഷ്ടമായി പ്രവർത്തിച്ചു; എങ്കിലും തന്റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവർത്തിച്ചില്ല. പിതാവ് നിർമ്മിച്ച ബാൽവിഗ്രഹം അയാൾ നീക്കിക്കളഞ്ഞു. എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യെരോബെയാമിന്റെ വഴികളിൽനിന്നു വിട്ടുമാറാതെ പാപപ്രവൃത്തികൾ ചെയ്തുപോന്നു. മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളർത്തിയിരുന്നു. അയാൾ വർഷംതോറും ഇസ്രായേൽരാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു. ആഹാബിന്റെ മരണശേഷം മോവാബുരാജാവ് ഇസ്രായേൽരാജാവിനോട് കലഹിച്ചു. അപ്പോൾ യെഹോരാം രാജാവ് ശമര്യയിൽനിന്നു വന്ന് ഇസ്രായേൽജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി. അയാൾ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിർത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാൻ അങ്ങയെപ്പോലെയും എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയും വർത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു. “നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു. അങ്ങനെ ഇസ്രായേൽരാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ അവർ സംഭരിച്ചിരുന്ന വെള്ളം തീർന്നു. സൈനികർക്കും അവരെ അനുഗമിച്ച മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഇല്ലാതെയായി. അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു: “കഷ്ടം! സർവേശ്വരൻ ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ.” യെഹോശാഫാത്ത് ചോദിച്ചു: “സർവേശ്വരന്റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്റെ പുത്രനുമായ എലീശ എന്നൊരാൾ ഉണ്ട്.” യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാർഥ പ്രവാചകൻതന്നെ.” അങ്ങനെ ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കൽ ചെന്നു. എലീശ ഇസ്രായേൽരാജാവിനാടു ചോദിച്ചു: “താങ്കൾ എന്തിന് എന്റെ അടുത്തു വന്നു? അങ്ങയുടെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കരുതോ” ഇസ്രായേൽരാജാവ് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങനെയല്ല, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ സർവേശ്വരൻ ഏല്പിക്കാൻ പോകുന്നു.” എലീശ പറഞ്ഞു: “ഞാൻ ആരാധിക്കുന്ന സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു: യെഹൂദാരാജാവായ യെഹോശാഫാത്തിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നത്; അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ നോക്കുകയോ പോലുമില്ലായിരുന്നു.” എലീശ തുടർന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്റെ അടുക്കൽ കൊണ്ടുവരിക.” ഗായകൻ വന്നു പാടിയപ്പോൾ സർവേശ്വരന്റെ ശക്തി എലീശയുടെമേൽ വന്നു. എലീശ പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങൾ ജലംകൊണ്ടു നിറയും. കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും; ഇത് സർവേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങൾ നിങ്ങൾ ആക്രമിക്കും. ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങൾ കല്ലുകൊണ്ടു മൂടും.” അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോൾ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു. രാജാക്കന്മാർ തങ്ങളെ ആക്രമിക്കാൻ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യർ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവർ അതിർത്തിയിൽ അണിനിരന്നു. മോവാബ്യർ രാവിലെ ഉണർന്നു നോക്കിയപ്പോൾ വെള്ളം രക്തംപോലെയിരിക്കുന്നതു കണ്ടു. അവർ പറഞ്ഞു: “ഇതു രക്തം തന്നെയാണ്; ആ രാജാക്കന്മാർ അന്യോന്യം യുദ്ധം ചെയ്ത് നശിച്ചിരിക്കുന്നു; നമുക്കു പോയി അവിടം കൊള്ളയടിക്കാം.” അങ്ങനെ അവർ ഇസ്രായേല്യരുടെ പാളയത്തിൽ എത്തി. തങ്ങളുടെ പാളയത്തിൽ എത്തിയ മോവാബ്യരെ ഇസ്രായേല്യർ ആക്രമിച്ച് ഓടിച്ചു; ഓടിപ്പോയവരെ അവർ പിന്തുടർന്ന് വെട്ടിക്കൊന്നു. പട്ടണങ്ങൾ അവർ തകർത്തു. നല്ല നിലങ്ങൾ കല്ലിട്ടു മൂടി; നീരുറവുകൾ അടച്ചു; ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തി; കീർഹരേശെത്ത് പട്ടണത്തിന്റെ കല്ലുകൾ മാത്രം ശേഷിച്ചു. കവിണക്കാർ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു. യുദ്ധം തനിക്ക് പ്രതികൂലമാണെന്നു മനസ്സിലാക്കിയ മോവാബ്‍രാജാവ് ആയുധധാരികളായ എഴുനൂറുപേരെ കൂട്ടിക്കൊണ്ട് എദോംരാജാവിന്റെ അണി മുറിച്ചു മുമ്പോട്ടു നീങ്ങാൻ ശ്രമം നടത്തി; എന്നാൽ അവർ വിജയിച്ചില്ല. അപ്പോൾ മോവാബ്‍രാജാവ് കിരീടാവകാശിയായ തന്റെ ആദ്യജാതനെ മതിലിന്മേൽ ദഹനയാഗമായി അർപ്പിച്ചു; ഇസ്രായേല്യർ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിൻവാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി.
2 രാജാക്കന്മാർ 3:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവൻ പന്ത്രണ്ടു വര്‍ഷം വാണു. തന്‍റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും, അവനും യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്‍റെ അപ്പൻ ഉണ്ടാക്കിയ ബാല്‍ വിഗ്രഹം അവൻ നീക്കിക്കളഞ്ഞു. എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളിൽ നിന്നു വിട്ടുമാറാതെ അവയിൽ തുടർന്നു. മോവാബ്‌രാജാവായ മേശായ്ക്ക് നിരവധി ആട്ടിൻകൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു. എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‌രാജാവ് യിസ്രായേൽ രാജാവിനോടു മത്സരിച്ചു. ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേൽ ജനത്തിന്‍റെ എണ്ണം എടുത്തു. പിന്നെ അവൻ: “മോവാബ്രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ എന്നോടൊപ്പം പോരുമോ?” എന്നു യെഹൂദാ രാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ” എന്നു പറഞ്ഞു. നാം ഏതു വഴിക്കു പോകേണം എന്നു അവൻ ചോദിച്ചതിന്: “ഏദോംമരുഭൂമി വഴിയായി തന്നെ” എന്നു അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. അപ്പോൾ യിസ്രായേൽ രാജാവ്: “അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്നു ചോദിച്ചു. അപ്പോൾ യിസ്രായേൽ രാജാവിന്‍റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിനു ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്‍റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്നു പറഞ്ഞു. “അവൻ യഹോവയുടെ അരുളപ്പാടു ഉള്ളവൻ” എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവും യെഹോശാഫാത്തും ഏദോംരാജാവും ഒരുമിച്ചു അവന്‍റെ അടുക്കൽ ചെന്നു. എലീശാ യിസ്രായേൽ രാജാവിനോട്: “എന്‍റെ അടുക്കൽ വരുവാൻ നിനക്കെന്തു കാര്യം? നീ നിന്‍റെ അപ്പന്‍റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുക്കൽ ചെല്ലുക” എന്നു പറഞ്ഞു. അതിന് യിസ്രായേൽ രാജാവ് അവനോട്: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കുവാൻ യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അതിന് എലീശാ: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാ രാജാവായ യെഹോശാഫാത്ത് നിന്നോടൊപ്പം ഇല്ലായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ശ്രദ്ധിക്കയോ ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെമേൽ വന്നു. അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും. ഇത് യഹോവയ്ക്കു നിസ്സാര കാര്യം അത്രേ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ല് വാരിയിട്ടു നശിപ്പിക്കയും ചെയ്യും.” പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം പെട്ടെന്നു ഏദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ടു നിറഞ്ഞു. എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്നു മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്‍റെ അതിർത്തിയിൽ ചെന്നുനിന്നു. രാവിലെ അവർ എഴുന്നേറ്റ് നോക്കിയപ്പോൾ സൂര്യപ്രകാശത്താൽ അവരുടെ മുൻപിലുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി: “അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി നശിച്ചിരിക്കുന്നു; ആകയാൽ മോവാബ്യരേ, കൊള്ളയിടുവാൻ വരുവിൻ” എന്നു അവർ പറഞ്ഞു. അങ്ങനെ അവർ യിസ്രായേൽപാളയത്തിൽ എത്തിയപ്പോൾ യിസ്രായേല്യർ മോവാബ്യരെ തോല്പിച്ചു ഓടിച്ചു. അവർ മോവാബ്യദേശത്തു കടന്നുചെന്ന് മോവാബ്യരിൽ അനേകം പേരെ കൊന്നുകളഞ്ഞു. അവർ പട്ടണങ്ങൾ ഇടിച്ചുകളഞ്ഞു; നല്ല നിലമെല്ലാം കല്ലുകൾ ഇട്ടു നശിപ്പിച്ചു; നീരുറവുകൾ അടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ടു നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു. മോവാബ്‌രാജാവ് യുദ്ധം അതികഠിനമായി എന്നു കണ്ടപ്പോൾ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധധാരികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും അവൻ അതിൽ വിജയിച്ചില്ല. ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ടു സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
2 രാജാക്കന്മാർ 3:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു. അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു. എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു. മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു. എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു. ആ കാലത്തു യെഹോരാംരാജാവു ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി. പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. നാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു. എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു. അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു. എലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു. അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ. നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും. ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും. പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു. എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു. രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി: അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു. അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു. പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു. മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധപാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല. ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
2 രാജാക്കന്മാർ 3:1-27 സമകാലിക മലയാളവിവർത്തനം (MCV)
ആഹാബിന്റെ മകനായ യോരാം, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിൽ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി അധികാരമേറ്റു; അദ്ദേഹം പന്ത്രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി. യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു. എന്നിരുന്നാലും, നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ച പാപങ്ങളെ അദ്ദേഹം അനുകരിച്ചു; അവയിൽനിന്ന് പിന്തിരിഞ്ഞതുമില്ല. മോവാബ് രാജാവായ മേശെ ആടുകളെ വളർത്തിയിരുന്നു. അദ്ദേഹം ഇസ്രായേൽരാജാവിന് ഒരുലക്ഷം ആട്ടിൻകുട്ടികളെയും ഒരുലക്ഷം ആട്ടുകൊറ്റന്മാരുടെ രോമവും കപ്പമായി നൽകണമായിരുന്നു. എന്നാൽ, ആഹാബിന്റെ നിര്യാണശേഷം മോവാബ് രാജാവ് ഇസ്രായേൽരാജാവായ യെഹോരാമിനെതിരേ മത്സരിച്ചു. ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി. അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?” യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.” “എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു. “ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി. അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി. “എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു. അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു. “യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി. എലീശ ഇസ്രായേൽരാജാവിനോട്: “നമുക്കുതമ്മിൽ പൊതുവായിട്ടു കാര്യമൊന്നുമില്ലല്ലോ. നിങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പ്രവാചകന്മാരുടെ അടുക്കലേക്കു പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് മറുപടി പറഞ്ഞു: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കുന്നതിനു യഹോവ ഞങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.” അപ്പോൾ എലീശാ: “ഞാൻ സേവിക്കുന്ന സർവശക്തനായ യഹോവയാണെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സാന്നിധ്യം നിന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി എലീശയുടെമേൽ വന്നു. അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക. യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും. യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും. കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.” പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു. ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി. മോവാബ്യസൈന്യം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ, സൂര്യപ്രകാശം വെള്ളത്തിന്മേൽ പതിച്ചിരുന്നു; അവരുടെനേരേയുള്ള വെള്ളം, രക്തംപോലെ ചെമന്നിരിക്കുന്നത് അവർ കണ്ടു. “ഹൊ! അതു രക്തമാണ്, ആ രാജാക്കന്മാരുടെ സൈന്യം പരസ്പരം പൊരുതി കൊന്നിട്ടുണ്ടായിരിക്കണം; അതിനാൽ, കൊള്ളയ്ക്കുവരിക,” എന്ന് അവർ വിളിച്ചുപറഞ്ഞു. എന്നാൽ, മോവാബ്യർ ഇസ്രായേൽ പാളയത്തിലെത്തിയപ്പോൾ അവർ മോവാബ്യരെ ആക്രമിച്ചു. അവർ പിൻചെന്നു മോവാബ്യദേശവും കടന്നാക്രമിച്ചു കൂട്ടക്കൊല നടത്തി. അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു. യുദ്ധഗതി തനിക്കെതിരായി തിരിയുന്നതു കണ്ടപ്പോൾ, മോവാബ് രാജാവ് എഴുനൂറ് വാൾക്കാരെയും കൂട്ടി യുദ്ധമുന്നണി ഭേദിച്ച് ഏദോംരാജാവിനെതിരേ മുന്നേറുന്നതിനുള്ള ഒരു ശ്രമംനടത്തി; പക്ഷേ, അവർ പരാജയപ്പെട്ടു. അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.