2 രാജാക്കന്മാർ 25:5-24 - Compare All Versions

2 രാജാക്കന്മാർ 25:5-24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവച്ച് അവനോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി. അവർ രാജാവിനെ പിടിച്ചു രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവനു വിധി കല്പിച്ചു. അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ചിട്ട് രണ്ടു ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേമിൽ വന്നു. അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവച്ചു ചുട്ടുകളഞ്ഞു. അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി. എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി. യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷയ്ക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി. തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി. ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകല ഉപകരണങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു. ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ട് ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റേ സ്തംഭത്തിനും വലപ്പണിയും മറ്റും ഉണ്ടായിരുന്നു. അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി. നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചു പേരെയും ദേശത്തെ ജനത്തെ പടയ്ക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതു പേരെയും പിടിച്ചു കൊണ്ടുപോയി. ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ചുവച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി. ബാബേൽരാജാവ് ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മാഖാത്യന്റെ മകൻ യാസന്യാവ് എന്നിങ്ങനെ സകല സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു. ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്ത് അവരോട്: നിങ്ങൾ കൽദയരുടെ ദാസന്മാർ നിമിത്തം ഭയപ്പെടരുത്; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും.

പങ്ക് വെക്കു
2 രാജാക്കന്മാർ 25 MALOVBSI

2 രാജാക്കന്മാർ 25:5-24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ ബാബിലോണ്യസൈന്യം സിദെക്കീയാരാജാവിനെ പിന്തുടർന്ന് യെരീഹോ സമഭൂമിയിൽവച്ചു അയാൾക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. അയാൾ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു. സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. നെബുഖദ്നേസർരാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വർഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്റെ അകമ്പടിസേനാനായകനായ നെബൂസരദാൻ യെരൂശലേമിലെത്തി. അയാൾ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി. അയാളുടെകൂടെ ഉണ്ടായിരുന്ന സൈന്യം യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി. നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺരാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസരദാൻ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാൻ അയാൾ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു. സർവേശ്വരന്റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും വലിയ ജലസംഭരണിയും ബാബിലോണ്യർ ഇടിച്ചുതകർത്തു; ഓട്ടുകഷണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും തിരി തെളിക്കാനുള്ള കത്രികകളും താലങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന താമ്ര ഉപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകൻ കൊണ്ടുപോയവയിൽ ഉൾപ്പെട്ടിരുന്നു. സർവേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോൻ നിർമ്മിച്ച രണ്ടു സ്തംഭങ്ങൾ, ജലസംഭരണി, പീഠങ്ങൾ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിർണയിക്കാൻ കഴിയുമായിരുന്നില്ല. ഒരേ വലിപ്പമുള്ള രണ്ടു സ്തംഭത്തിൽ ഒന്നിന്റെ ഉയരം പതിനെട്ടു മുഴവും അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം മൂന്നു മുഴവും ആയിരുന്നു. ഓരോ മകുടത്തിന്റെ ചുറ്റും ഓടുകൊണ്ടു നിർമ്മിച്ച വലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭങ്ങൾക്കും ഒരുപോലെയായിരുന്നു. മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരിൽ രണ്ടാമനായ സെഫന്യായെയും വാതിൽകാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകൻ പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്റെ ഉപദേശകസമിതിയിലെ അഞ്ചു പേരെയും സൈന്യാധിപന്റെ കാര്യസ്ഥനെയും-ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് ഇവനാണ്-നഗരത്തിൽനിന്നു വേറെ അറുപതു പേരെയും കൂടി അയാൾ കൊണ്ടുപോയി. നെബൂസരദാൻ ഇവരെ രിബ്ലായിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. ബാബിലോൺരാജാവ് ഹമാത്തിലെ രിബ്ലായിൽവച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികൾ പ്രവാസികളായി പോകേണ്ടിവന്നു. ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദ്യയിൽ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്റെ പൗത്രനും അഹീക്കാമിന്റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്റെ അധിപതിയായി നിയമിച്ചു. ബാബിലോൺരാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രൻ ഇശ്മായേൽ, കാരേഹിന്റെ പുത്രൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ പുത്രൻ സെരായ്യാ, മാഖാത്യന്റെ പുത്രൻ യാസന്യാ എന്നിവർ അറിഞ്ഞപ്പോൾ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ചെന്നു. ഗെദല്യാ അവരോടും അവരുടെ സൈന്യങ്ങളോടും സത്യംചെയ്തു പറഞ്ഞു: “നിങ്ങൾ ബാബിലോണ്യസേവകന്മാരെ ഭയപ്പെടേണ്ടാ; സ്വദേശത്തു പാർത്തു ബാബിലോൺരാജാവിനെ സേവിക്കുക; അതായിരിക്കും നിങ്ങൾക്കു നല്ലത്.

പങ്ക് വെക്കു
2 രാജാക്കന്മാർ 25 MALCLBSI

2 രാജാക്കന്മാർ 25:5-24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോ സമഭൂമിയിൽവച്ച് അവനോടൊപ്പം എത്തി; അവന്‍റെ സൈന്യമെല്ലാം അവനെ വിട്ടു ചിതറിപ്പോയി. അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബേല്‍ രാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവനെ വിധി കല്പിച്ചു. അവർ സിദെക്കീയാവിന്‍റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്‍റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. അഞ്ചാം മാസം ഏഴാം തിയ്യതി, ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേല്‍ രാജാവിന്‍റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസർ-അദാൻ യെരൂശലേമിൽ വന്നു. അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവച്ചു ചുട്ടുകളഞ്ഞു. അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു. നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍ രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ കൊണ്ടുപോയി. എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി. യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്ക് കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷയ്ക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയും കൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി. ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകല ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു. ഒരു സ്തംഭത്തിന്‍റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള മകുടം താമ്രംകൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്‍റെയും ഉയരം മൂന്നു മുഴം; മകുടത്തിന്‍റെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രം കൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു. അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി. നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽനിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി. ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലയിൽ ബാബേല്‍ രാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു. ബാബേല്‍ രാജാവ് ഹമാത്ത് ദേശത്തിലെ രിബ്ലയിൽ വച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു. ബാബേല്‍ രാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി. ബാബേല്‍ രാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്നു നെഥന്യാവിന്‍റെ മകൻ യിശ്മായേൽ, കാരേഹിന്‍റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്‍റെ മകൻ സെരായ്യാവ്, മയഖാത്യന്‍റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പയിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു. ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബേല്‍ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും.”

പങ്ക് വെക്കു
2 രാജാക്കന്മാർ 25 IRVMAL

2 രാജാക്കന്മാർ 25:5-24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി. അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു. അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാങ്കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി. അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു. അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു. അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി. എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി. യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി. തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി. ശലോമോൻ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകലഉപകരണങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു. ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു. അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി. നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി. ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പോകേണ്ടിവന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി. ബാബേൽരാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവു, മാഖാത്യന്റെ മകൻ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു. ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു അവരോടു: നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുതു; ദേശത്തു പാർത്തു ബാബേൽ രാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും.

2 രാജാക്കന്മാർ 25:5-24 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ ബാബേൽസൈന്യം രാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു. അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. അതിനുശേഷം അവർ അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു. അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു. അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിൽ ഇടിച്ചുനിരത്തി. നഗരവാസികളിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷം ജനത മുഴുവനെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി. എന്നാൽ സൈന്യാധിപൻ മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി, ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി. യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം അവർ ബാബേലിലേക്കു കൊണ്ടുപോയി. ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി. ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങളും എന്നുവേണ്ടാ തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി. യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു. ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരമുള്ളതായിരുന്നു, ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം മൂന്നുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും ഇതുപോലെതന്നെ ആയിരുന്നു. മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും അംഗരക്ഷകസേനയുടെ നായകൻ തടവുകാരായി പിടിച്ചുകൊണ്ടുപോയി. നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ അഞ്ചുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു സൈനികരെയുംകൂടെ പിടിച്ചുകൊണ്ടുപോയി. സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി. ബാബേൽരാജാവായ നെബൂഖദ്നേസർ, താൻ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുപോരുന്ന ആളുകൾക്ക് അധിപതിയായി ശാഫാന്റെ പൗത്രനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നിയമിച്ചു. ബാബേൽരാജാവ് ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്ന് എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി. നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ മകൻ യോഹാനാനും നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായാവും മാഖാത്യന്റെ മകൻ യയസന്യാവും അവരുടെ ആളുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അപ്പോൾ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേലിലെ ഉദ്യോഗസ്ഥർനിമിത്തം ഭയപ്പെടരുത്; നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക.”

പങ്ക് വെക്കു
2 രാജാക്കന്മാർ 25 MCV