2 രാജാക്കന്മാർ 23:1-30

2 രാജാക്കന്മാർ 23:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം രാജാവ് ആളയച്ചു; അവർ യെഹൂദായിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടി വരുത്തി. രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകല നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവു തൂണിനരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചു നടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവയെ ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിനു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽ വച്ചു ചുട്ടു പൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളൂ. ആരും തന്റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിനകത്തുള്ള നാഥാൻ-മേലെക് എന്ന ഷണ്ഡന്റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവ് തകർത്ത് അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു. യെരൂശലേമിനെതിരേ നാശപർവതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി. അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറച്ചു. അത്രയുമല്ല, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു. എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ചു കല്ലറകളിൽനിന്ന് അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് അത് അശുദ്ധമാക്കിക്കളഞ്ഞു. ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്ത് എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: അതു യെഹൂദായിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു. അപ്പോൾ അവൻ: അത് ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുത് എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി. യഹോവയെ കോപിപ്പിക്കേണ്ടതിനു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു. അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെമേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അനന്തരം രാജാവ് സകല ജനത്തോടും: ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു. യിസ്രായേലിനു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല. യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഈ പെസഹ ആചരിച്ചു. ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകല മ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു. അവനെപ്പോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല. എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കോപഹേതുക്കളും നിമിത്തം യെഹൂദായുടെ നേരേ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ: ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്റെ സന്നിധിയിൽ നിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേംനഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരേ ഫ്രാത്ത്നദിക്കു പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരേ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവച്ചു കൊന്നുകളഞ്ഞു. അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അഭിഷേകം കഴിപ്പിച്ച് അവന്റെ അപ്പനു പകരം രാജാവാക്കി.

2 രാജാക്കന്മാർ 23:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സർവേശ്വരമന്ദിരത്തിൽ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങൾ അവരെല്ലാം കേൾക്കെ രാജാവ് വായിച്ചു. രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സർവാത്മനാ പാലിച്ച് സർവേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തിൽ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയിൽ പങ്കുചേർന്നു. ബാലിനും അശേരായ്‍ക്കും വാനഗോളങ്ങൾക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങൾ സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ മഹാപുരോഹിതനായ ഹില്‌ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതിൽകാവല്‌ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോൻതാഴ്‌വരയിൽവച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളിൽ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അർപ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങൾക്കും ധൂപം അർപ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു. ദേവാലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോൻതോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി. ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകൾ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്‍ത്രീകൾ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകൾ നെയ്തിരുന്നത്. യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതൽ ബേർ-ശേബവരെ ഉണ്ടായിരുന്നതും ധൂപാർപ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു. പൂജാഗിരികളിലെ പുരോഹിതന്മാർ യെരൂശലേമിലുള്ള സർവേശ്വരന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യാൻ വന്നില്ല. എന്നാൽ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേർക്കാത്ത അപ്പം അവർ ഭക്ഷിച്ചു. ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി. സർവേശ്വരന്റെ ആലയത്തിനടുത്ത് ഷണ്ഡനായ നാഥാൻ-മേലെക്കിന്റെ വസതിക്കു സമീപം, ദേവാലയത്തിലേക്കുള്ള പ്രവേശനദ്വാരത്തിൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങൾ അദ്ദേഹം നീക്കംചെയ്യുകയും സൂര്യരഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തു. ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമ്മിച്ചിരുന്ന ബലിപീഠങ്ങളും സർവേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിൽ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തു പൊടിയാക്കി കിദ്രോൻതോട്ടിൽ ഒഴുക്കി. ഇസ്രായേൽരാജാവായ ശലോമോൻ, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികൾ രാജാവു മലിനപ്പെടുത്തി. അദ്ദേഹം വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തുകയും അവ സ്ഥാപിച്ചിരുന്ന സ്ഥലങ്ങൾ മനുഷ്യരുടെ അസ്ഥികൾകൊണ്ടു നിറയ്‍ക്കുകയും ചെയ്തു. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ പുത്രൻ യെരോബെയാം ബേഥേലിൽ പണിതിരുന്ന ബലിപീഠവും പൂജാഗിരികളും രാജാവ് ഇടിച്ചുനിരത്തി; പൂജാഗിരിയും അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. യോശീയാ തിരിഞ്ഞുനോക്കിയപ്പോൾ മലയിൽ ഉണ്ടായിരുന്ന ചില ശവക്കല്ലറകൾ കണ്ടു. അവയിൽനിന്ന് രാജാവ് അസ്ഥികൾ എടുപ്പിച്ച് പ്രവാചകൻ മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തിൽവച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി. അടുത്തുണ്ടായിരുന്ന ഒരു സ്മാരകം കണ്ട് “ഇത് ആരുടേതാണെന്നു” രാജാവ് ചോദിച്ചു. ആ പട്ടണവാസികൾ പറഞ്ഞു: “അങ്ങ് ബേഥേലിലെ ബലിപീഠത്തിനെതിരെ ഇപ്പോൾ ചെയ്ത കാര്യങ്ങളെപ്പറ്റി മുമ്പുതന്നെ പ്രവചിച്ചിരുന്ന യെഹൂദായിലെ പ്രവാചകന്റെ ശവകുടീരമാണിത്. രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്റെ അസ്ഥികൾ മാത്രമല്ല ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളും അവർ ഇളക്കിയില്ല. സർവേശ്വരനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേൽരാജാക്കന്മാർ ശമര്യപട്ടണങ്ങളിൽ നിർമ്മിച്ചിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളും യോശീയാ നശിപ്പിച്ചു. ബേഥേലിൽ ചെയ്തതുപോലെ അവിടെയും ചെയ്തു. പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളിൽ വച്ചുതന്നെ വെട്ടിക്കൊല്ലുകയും മനുഷ്യരുടെ അസ്ഥികൾ അവിടെവച്ചു ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി. നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യോശീയാ ജനത്തോടു കല്പിച്ചു. ഇസ്രായേലിൽ ഭരണം നടത്തിയിരുന്ന ന്യായാധിപന്മാരുടെ കാലംമുതൽ ഏതെങ്കിലും ഇസ്രായേൽരാജാവിന്റെയോ യെഹൂദാരാജാവിന്റെയോ കാലത്ത് ഇതുപോലെ പെസഹ ആചരിച്ചിട്ടില്ല. യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വർഷം യെരൂശലേമിൽ സർവേശ്വരനു പെസഹ ആചരിച്ചു. ഹില്‌ക്കീയാപുരോഹിതൻ സർവേശ്വരന്റെ ആലയത്തിൽനിന്നു കണ്ടെത്തിയ നിയമപുസ്തകത്തിൽ അടങ്ങിയിരുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ആഭിചാരകരെയും ശകുനക്കാരെയും കുലദൈവങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദ്യയിലും യെരൂശലേമിലുമുള്ള സകല മ്ലേച്ഛതകളെയും യോശീയാ നീക്കിക്കളഞ്ഞു. യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികൾമൂലം യെഹൂദായ്‍ക്കെതിരെയുള്ള സർവേശ്വരന്റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല. അവിടുന്നു കല്പിച്ചു: “ഇസ്രായേലിനെപ്പോലെ യെഹൂദായെയും എന്റെ മുമ്പിൽനിന്ന് ഞാൻ നീക്കിക്കളയും; ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെയും എന്റെ നാമം ഇവിടെ ആയിരിക്കും എന്നു ഞാൻ പ്രസ്താവിച്ച ആലയത്തെയും ഞാൻ പരിത്യജിക്കും.” യോശീയായുടെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയിൽവച്ചു നെബോ യോശീയായെ വധിച്ചു. യോശീയായുടെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ മെഗിദ്ദോയിൽനിന്നും യെരൂശലേമിൽ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. പിന്നീട് ജനം യോശീയായുടെ പുത്രൻ യെഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.

2 രാജാക്കന്മാർ 23:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം രാജാവ് ആളയച്ചു യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്‍റെ അടുക്കൽ കൂട്ടിവരുത്തി. രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനവും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവ തീ കൊണ്ടു ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽ നിന്നു യെരൂശലേമിനു പുറത്ത് കിദ്രോൻതോട്ടിലേക്കു കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവച്ച് ചുട്ടു പൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്‍റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും വരുത്തി, ഗിബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി; പട്ടണത്തിലേക്കുള്ള പ്രവേശനദ്വാരത്തിന്‍റെ ഇടത്തുഭാഗത്ത് നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിലേക്ക് പ്രവേശിച്ചില്ല. അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു. ആരും തന്‍റെ മകനെയോ മകളെയോ മോലെക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനസ്ഥലത്ത് വളപ്പിനകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്‍റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന് പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങൾ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ട് ചുട്ടുകളഞ്ഞു. യെഹൂദാരാജാക്കന്മാർ ആഹാസിന്‍റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും മനശ്ശെ യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും രാജാവ് തകർത്ത് അവിടെനിന്ന് നീക്കി അവയുടെ പൊടി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു. യെരൂശലേമിനെതിരെ, നാശപർവ്വതത്തിന്‍റെ വലത്തുഭാഗത്ത്, യിസ്രായേൽ രാജാവായ ശലോമോൻ, സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്ത് ദേവിക്കും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്‍ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി. അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു; അവ നിന്നിരുന്ന സ്ഥലങ്ങൾ മനുഷ്യാസ്ഥികൾകൊണ്ടു നിറച്ചു. അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു. എന്നാൽ യോശീയാവ് തിരിഞ്ഞുനോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ചു കല്ലറകളിൽ നിന്ന് അസ്ഥികളെ എടുപ്പിച്ചു; ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ അസ്ഥികൾ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് യാഗപീഠം അശുദ്ധമാക്കിക്കളഞ്ഞു. “ഞാൻ കാണുന്ന ആ സ്മാരകസ്തംഭം എന്ത്?” എന്നു അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: “അത് യെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങൾ ബേഥേലിലെ യാഗപീഠത്തെക്കുറിച്ച് മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്‍റെ കല്ലറയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ അവൻ: “അതിരിക്കട്ടെ; അവന്‍റെ അസ്ഥികൾ ആരും അനക്കരുത്” എന്നു കല്പിച്ചു. അങ്ങനെ അവർ അവന്‍റെ അസ്ഥികളും ശമര്യയിൽനിന്നു വന്ന പ്രവാചകന്‍റെ അസ്ഥികളും വിട്ടേച്ചു പോയി. യഹോവയെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു; ബേഥേലിൽ അവൻ ചെയ്തതുപോലെ അവയോടും ചെയ്തു. അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയെല്ലാം ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെമേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അനന്തരം രാജാവ് സകലജനത്തോടും: “ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് പെസഹ പെരുന്നാള്‍ ആചരിപ്പിൻ” എന്നു കല്പിച്ചു. യിസ്രായേലിനു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതൽ യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലം വരെ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല. യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഇപ്രകാരം പെസഹ ആചരിച്ചു. ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്‍റെ വചനങ്ങൾ അനുസരിച്ച് യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നശിപ്പിക്കയും ഗൃഹബിംബങ്ങളും മറ്റു വിഗ്രഹങ്ങളും യെഹൂദാ ദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളും നീക്കിക്കളയുകയും ചെയ്തു. അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരം യഹോവയിലേക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, അതിനുശേഷം എഴുന്നേറ്റിട്ടുമില്ല. എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കാര്യങ്ങളും നിമിത്തം യെഹൂദായുടെനേരെ ജ്വലിച്ച തന്‍റെ മഹാകോപത്തിന്‍റെ ഉഗ്രത വിട്ടുമാറാതെ യഹോവ: “ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്‍റെ സന്നിധിയിൽനിന്ന് നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും ‘എന്‍റെ നാമം അവിടെ ഇരിക്കും’ എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും” എന്നു യഹോവ കല്പിച്ചു. യോശീയാവിന്‍റെ മറ്റ് വൃത്താന്തങ്ങളും അവന്‍റെ ചെയ്തികളും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്‍റെ കാലത്ത് മിസ്രയീം രാജാവായ ഫറവോൻ-നെഖോ അശ്ശൂർ രാജാവിന്‍റെ സഹായത്തിനായി ഫ്രാത്ത് നദിയുടെ തീരത്തേക്ക് പുറപ്പെട്ടു; യോശീയാരാജാവ് അവന്‍റെനേരെ ചെന്നു; നെഖോ അവനെ കണ്ടിട്ട് മെഗിദ്ദോവിൽവച്ച് യോശീയാവിനെ കൊന്നുകളഞ്ഞു. അവന്‍റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുവന്ന് അവന്‍റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്‍റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ട് വന്ന് അഭിഷേകം ചെയ്തു അവന്‍റെ അപ്പനു പകരം രാജാവാക്കി.

2 രാജാക്കന്മാർ 23:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി. രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു. ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു. യെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി. അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു. അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു. എന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു. ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവൻ ചോദിച്ചു. അതിന്നു ആ പട്ടണക്കാർ അവനോടു: അതു യെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു. അപ്പോൾ അവൻ: അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി. യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു. അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ടു യെരൂശലേമിലക്കു മടങ്ങിപ്പോന്നു. അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു. യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല. യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവെക്കു ഈ പെസഹ ആചരിച്ചു. ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു. അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല. എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ: ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവെച്ചു കൊന്നുകളഞ്ഞു. അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നു പകരം രാജാവാക്കി.

2 രാജാക്കന്മാർ 23:1-30 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി. യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു. താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു. അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി. വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു. യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു. ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു. ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അദ്ദേഹം മലിനമാക്കി. യഹോവയുടെ ആലയത്തിന്റെ പടിവാതിൽക്കൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു നിവേദിച്ചിരുന്ന അശ്വബിംബങ്ങൾ യോശിയാവ് നീക്കിക്കളഞ്ഞു. ആ ബിംബങ്ങൾ ദൈവാലയാങ്കണത്തിനകത്ത് നാഥാൻ-മെലെക്ക് എന്നു പേരുള്ള ഉദ്യോഗസ്ഥന്റെ മുറിയുടെ സമീപത്തായിരുന്നു. സൂര്യനു നിവേദിക്കപ്പെട്ടിരുന്ന രഥങ്ങളും യോശിയാവ് ചുട്ടുകളഞ്ഞു. ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു. ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവിയായ അസ്തരോത്തിനും മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനുംവേണ്ടി ജെറുശലേമിന്റെ കിഴക്ക് വിനാശത്തിന്റെ കുന്നിൽ തെക്കുഭാഗത്തു പണിതിരുന്ന ക്ഷേത്രങ്ങളും രാജാവ് മലിനപ്പെടുത്തി. യോശിയാവ് ആചാരസ്തൂപങ്ങൾ ഉടച്ചു, അശേരാപ്രതിഷ്ഠകളെ വെട്ടിമുറിച്ചു; അവ നിന്നിരുന്ന പ്രദേശങ്ങൾ അദ്ദേഹം മനുഷ്യാസ്ഥികൾകൊണ്ടു മൂടി. മാത്രവുമല്ല, നെബാത്തിന്റെ മകൻ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചവനായ യൊരോബെയാം, ബേഥേലിൽ നിർമിച്ചിരുന്ന ക്ഷേത്രവും ബലിപീഠവുംകൂടി അദ്ദേഹം ഇടിച്ചുകളഞ്ഞു. അദ്ദേഹം ക്ഷേത്രം തീവെച്ചു നശിപ്പിച്ചശേഷം തകർത്തു പൊടിയാക്കി; അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി. പിന്നെ രാജാവ്: “ഞാൻ അവിടെ കാണുന്ന സ്മാരകസ്തംഭം എന്താണ്?” എന്നു ചോദിച്ചു. “യെഹൂദ്യയിൽനിന്നു വന്ന് ബേഥേലിലെ യാഗപീഠത്തെക്കുറിച്ചും അങ്ങ് ചെയ്തിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയിച്ച ദൈവപുരുഷന്റെ ശവകുടീരമാണത്,” എന്ന് നഗരവാസികളായ ജനങ്ങൾ പറഞ്ഞു. “അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു. ഇസ്രായേൽരാജാക്കന്മാർ പണിയിച്ചുകൊണ്ട് യഹോവയുടെ കോപം ജ്വലിക്കാനിടയായ ക്ഷേത്രങ്ങൾ ശമര്യയിലെ മലകളിലെ പട്ടണങ്ങളിലും ഉണ്ടായിരുന്നു. ബേഥേലിൽ ചെയ്തതുപോലെതന്നെ യോശിയാരാജാവ് ഇവിടെയും അവയെല്ലാം തകർത്ത്, നീക്കിക്കളഞ്ഞു. ആ ക്ഷേത്രങ്ങളിലെ സകലപുരോഹിതന്മാരെയും യോശിയാവ് യാഗപീഠത്തിന്മേൽവെച്ചു കൊന്നു; അവയുടെമേൽ മനുഷ്യാസ്ഥികളെ ദഹിപ്പിച്ചു. പിന്നെ അദ്ദേഹം ജെറുശലേമിലേക്കു മടങ്ങിപ്പോന്നു. അതിനുശേഷം രാജാവു സകലജനത്തോടും: “ഉടമ്പടിയുടെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹാ ആചരിക്കുക” എന്നു കൽപ്പിച്ചു. ഇസ്രായേലിനെ നയിച്ച ന്യായാധിപന്മാരുടെ കാലംമുതൽ ഇസ്രായേൽരാജാക്കന്മാരുടെയോ യെഹൂദാരാജാക്കന്മാരുടെയോ കാലത്തെങ്ങും ഈ വിധത്തിൽ ഒരു പെസഹാ ആചരിച്ചിരുന്നില്ല. യോശിയാരാജാവിന്റെ പതിനെട്ടാംവർഷത്തിലാണ് ജെറുശലേമിൽ യഹോവയ്ക്ക് ഈ പെസഹാ ആചരിച്ചത്. ഇതു കൂടാതെ യോശിയാവ് വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ഗൃഹദേവന്മാരെയും ബിംബങ്ങളെയും, യെഹൂദ്യയിലും ജെറുശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശ്ശേഷം നശിപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് ഹിൽക്കിയാപുരോഹിതൻ കണ്ടെടുത്ത ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരുന്ന നിയമങ്ങൾ പ്രമാണിക്കുന്നതിനാണ് അദ്ദേഹം ഇതു ചെയ്തു. മോശയുടെ ന്യായപ്രമാണങ്ങളെല്ലാം അനുസരിച്ച് പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടി യഹോവയിലേക്കു തിരിഞ്ഞ യോശിയാവിനെപ്പോലുള്ള ഒരു രാജാവ് അദ്ദേഹത്തിനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല. അതിനാൽ യഹോവ അരുളിച്ചെയ്തു: “ഇസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ ഞാൻ യെഹൂദ്യയെയും എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയും. ഞാൻ തെരഞ്ഞെടുത്ത പട്ടണമായ ജെറുശലേമിനെയും, ‘എന്റെ നാമം അവിടെ സ്ഥാപിതമായിരിക്കും’ എന്നു ഞാൻ കൽപ്പിച്ച ഈ ദൈവാലയത്തെയും ഞാൻ തള്ളിക്കളയും.” യോശിയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? യോശിയാവ് രാജാവായിരിക്കുമ്പോൾ ഈജിപ്റ്റിലെ രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിനോടു യുദ്ധംചെയ്യുന്നതിന് യൂഫ്രട്ടീസ് നദീപ്രദേശത്തേക്കു പുറപ്പെട്ടു. യോശിയാരാജാവ് യുദ്ധത്തിൽ അദ്ദേഹത്തെ എതിരിടുന്നതിനായി ചെന്നു. എന്നാൽ മെഗിദ്ദോവിൽവെച്ച് നെഖോ അദ്ദേഹത്തെ എതിരിട്ട് കൊന്നുകളഞ്ഞു. യോശിയാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് ജെറുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തു.