2 രാജാക്കന്മാർ 21:1-18

2 രാജാക്കന്മാർ 21:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേർ. എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. തന്റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു. യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവസൈന്യത്തിനും ബലിപീഠങ്ങൾ പണിതു; അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായുള്ളതു പലതും ചെയ്തു. ഈ ആലയത്തിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന് അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു. എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു. ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ: യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പേ ഉണ്ടായിരുന്ന അമോര്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദായെയും പാപം ചെയ്യിക്കയാലും യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവിരണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർഥം ഞാൻ യെരൂശലേമിനും യെഹൂദായ്ക്കും വരുത്തും. ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ്ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടയ്ക്കയും തുടച്ചശേഷം അതു കമഴ്ത്തിവയ്ക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടച്ചുകളയും. എന്റെ അവകാശത്തിന്റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും. അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ. അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവനു പകരം രാജാവായി.

2 രാജാക്കന്മാർ 21:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനശ്ശെ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ അമ്പത്തഞ്ചുവർഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. സർവേശ്വരൻ ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുഷ്ഠിച്ച് അവിടുത്തെ മുമ്പിൽ അദ്ദേഹം തിന്മ പ്രവർത്തിച്ചു. തന്റെ പിതാവായ ഹിസ്ക്കീയാ നശിപ്പിച്ച പൂജാഗിരികൾ അദ്ദേഹം വീണ്ടും പണിതു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ബാലിനു ബലിപീഠങ്ങൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകൾ സ്ഥാപിക്കുകയും ചെയ്തു. വാനഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഞാൻ എന്റെ നാമം യെരൂശലേമിൽ സ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തിൽ അദ്ദേഹം ബലിപീഠങ്ങൾ പണിതു. സർവേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിലും വാനഗോളങ്ങൾക്കു ബലിപീഠങ്ങൾ ഉണ്ടാക്കി. അദ്ദേഹം സ്വന്തപുത്രനെ അവിടെ ബലിയായി അഗ്നിയിൽ ഹോമിച്ചു. അദ്ദേഹം ശകുനം നോക്കുകയും ലക്ഷണം പറയിക്കുകയും മന്ത്രവാദവും ആഭിചാരവും നടത്തുന്നവരെ നിയമിക്കുകയും ചെയ്തു. അങ്ങനെ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ പ്രകോപിപ്പിച്ചു. താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ സ്ഥാപിച്ചു. ഈ ആലയത്തെക്കുറിച്ച് അവിടുന്നു ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഇങ്ങനെ അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും. ഞാൻ ഇസ്രായേലിനു നല്‌കിയിരുന്ന കല്പനകളും എന്റെ ദാസനായ മോശ അവർക്കു നല്‌കിയിരുന്ന നിയമങ്ങളും അവർ ശ്രദ്ധാപൂർവം അനുഷ്ഠിച്ചാൽ അവർക്കു നല്‌കിയ ദേശം വിട്ട് അവർ വീണ്ടും അലഞ്ഞു തിരിയാൻ ഞാൻ ഇടവരുത്തുകയില്ല.” എന്നാൽ ആ കല്പനകൾ അവർ കേട്ടനുസരിച്ചില്ല; ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തതിനെക്കാൾ കൂടുതൽ തിന്മ പ്രവർത്തിക്കാൻ മനശ്ശെ അവരെ പ്രേരിപ്പിച്ചു. തന്റെ ദാസന്മാരായ പ്രവാചകരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തു: “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കുന്നു. അമോര്യർ ചെയ്തതിലും അധികം തിന്മകൾ പ്രവർത്തിക്കുകയും യെഹൂദ്യയെക്കൊണ്ടു വിഗ്രഹാരാധന നടത്തിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്റെയും യെഹൂദായുടെയും മേൽ അനർഥം വരുത്തും; അതു കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും. ശമര്യയെ അളക്കുന്നതിന് ഉപയോഗിച്ച അളവുനൂലുകൊണ്ടും ആഹാബ്ഗൃഹത്തെ അളന്ന തൂക്കുകട്ടകൊണ്ടും ഞാൻ യെരൂശലേമിനെ അളക്കും. തുടച്ചു വൃത്തിയാക്കി കമഴ്ത്തിവച്ചിരിക്കുന്ന പാത്രംപോലെ യെരൂശലേമിനെ ഞാൻ ശൂന്യമാക്കും. ഞാൻ എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവരെ ഉപേക്ഷിച്ചു ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു കൊടുക്കും; ശത്രുക്കൾക്ക് അവർ ഇരയും കൊള്ളമുതലും ആയിത്തീരും. ഈജിപ്തിൽനിന്നു പുറപ്പെട്ട ദിവസംമുതൽ ഇന്നുവരെയും അവർ എനിക്ക് അനിഷ്ടമായവിധം പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചുവല്ലോ.” മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സർവേശ്വരനു ഹിതകരമല്ലാത്തവിധം പ്രവർത്തിച്ചതുകൂടാതെ യെരൂശലേമിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു. മനശ്ശെയുടെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പാപപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. കൊട്ടാരത്തിലെ ഉദ്യാനത്തിൽ-ഉസ്സയുടെ തോട്ടത്തിൽ-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ ആമോൻ രാജാവായി.

2 രാജാക്കന്മാർ 21:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേരായിരുന്നു. എന്നാൽ യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛതകൾ അനുകരിച്ച് അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു. തന്‍റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞ പൂജാഗിരികൾ അവൻ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽ രാജാവായ ആഹാബിനെപ്പോലെ ഒരു അശേരാപ്രതിഷ്ഠ നടത്തി ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. യെരൂശലേമിൽ ഞാൻ എന്‍റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു. യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിനും ബലിപീഠങ്ങൾ പണിതു; അവൻ തന്‍റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും, മുഹൂർത്തം നോക്കുകയും, ആഭിചാരം പ്രയോഗിക്കയും, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. ഇങ്ങനെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായതു പലതും ചെയ്തു. “ഈ ആലയത്തിലും, യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും” എന്നു യഹോവ ദാവീദിനോടും അവന്‍റെ മകനായ ശലോമോനോടും അരുളിച്ചെയ്ത യെരൂശലേമിലെ ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ സ്ഥാപിച്ചു. “എന്‍റെ സകല കല്പനകളും എന്‍റെ ദാസനായ മോശെ അവരോട് കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന് അവർ ശ്രദ്ധിച്ചാൽ ഇനി യിസ്രായേൽ ജനത്തിന്‍റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തദേശം വിട്ട് അലയുവാൻ ഇടവരുത്തുകയില്ല” എന്നു യഹോവ കല്പിച്ചിരുന്നു. എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നശിപ്പിച്ച ജനതകളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു. ആകയാൽ യഹോവ, പ്രവാചകന്മാരായ തന്‍റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ: “യെഹൂദാ രാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്തതിനേക്കാൾ അധികം ദോഷമായ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്‍റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദാജനത്തെ പാപം ചെയ്യിക്കയാലും കേൾക്കുന്ന ഏതൊരുവന്‍റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിനും യെഹൂദായ്ക്കും വരുത്തും. ഞാൻ യെരൂശലേമിന്‍റെ മീതെ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്‍റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ തളിക തുടെച്ചശേഷം അത് കമഴ്ത്തിവെക്കുന്നതു പോലെ ഞാൻ യെരൂശലേമിനെ തുടച്ചുകളയും. എന്‍റെ അവകാശത്തിന്‍റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകല ശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും. അവരുടെ പിതാക്കന്മാർ മിസ്രയീമിൽ നിന്ന് പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായത് ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നെ.” അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായതു ചെയ്യേണ്ടതിന് മനശ്ശെ യെഹൂദയെ പ്രേരിപ്പിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഉടനീളം കുറ്റമില്ലാത്ത രക്തം ഏറ്റവും അധികം ചിന്തി. മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്‍റെ പാപവും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്‍റെ അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോൻ അവനു പകരം രാജാവായി.

2 രാജാക്കന്മാർ 21:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ. എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു. യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു; അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു. ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു. എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു. ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ: യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും. ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും. എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും. അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ. അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.

2 രാജാക്കന്മാർ 21:1-18 സമകാലിക മലയാളവിവർത്തനം (MCV)

മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു. ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു. തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. “ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു. “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും,” എന്ന് യഹോവ ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും കൽപ്പിച്ച അതേ ആലയത്തിൽ, മനശ്ശെ താൻ കൊത്തിയുണ്ടാക്കിയ അശേരാപ്രതിഷ്ഠ സ്ഥാപിച്ചു. “ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള സകലകാര്യങ്ങളും അനുഷ്ഠിക്കുന്നതിലും എന്റെ ദാസനായ മോശ അവർക്കു നൽകിയിട്ടുള്ള ന്യായപ്രമാണം അനുസരിക്കുന്നതിലും അവർ ശ്രദ്ധയുള്ളവരായിരുന്നാൽമാത്രം മതി, എങ്കിൽ അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തിരിക്കുന്ന ഈ ദേശംവിട്ട് ഇസ്രായേല്യരുടെ പാദങ്ങൾ അലയുന്നതിന് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല,” എന്നും യഹോവ കൽപ്പിച്ചിരുന്നു. എന്നാൽ ജനം അതു ചെവിക്കൊണ്ടില്ല; യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ അവരെ പിഴച്ച വഴികളിലേക്കു നയിച്ചു. അതിനാൽ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന ഇപ്രകാരം അരുളിച്ചെയ്തു: “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛപാപങ്ങൾ ചെയ്തിരിക്കുന്നു. അദ്ദേഹം തനിക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്ന അമോര്യരെക്കാളും അധികം തിന്മ പ്രവർത്തിക്കുകയും തന്റെ ബിംബങ്ങളെക്കൊണ്ട് യെഹൂദയെ പാപത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതിനെപ്പറ്റി കേൾക്കുന്ന ഏതൊരുവന്റെയും കാതുകൾ നടുങ്ങിപ്പോകത്തക്കവണ്ണമുള്ള നാശം ഞാൻ ജെറുശലേമിന്മേലും യെഹൂദയുടെമേലും വരുത്താൻപോകുന്നു. ശമര്യയ്ക്കെതിരേ ഉപയോഗിച്ച അളവുനൂലും ആഹാബുഗൃഹത്തിനെതിരേ ഉപയോഗിച്ച തൂക്കുകട്ടയുംകൊണ്ട് ഞാൻ ജെറുശലേമിനെ അളന്നുതൂക്കും. ഒരുവൻ ഒരു തളിക തുടച്ച് കമിഴ്ത്തിവെക്കുന്നതുപോലെ ഞാൻ ജെറുശലേമിനെ തുടച്ചുകളയും. ഞാൻ എന്റെ അവകാശത്തിലെ ശേഷിപ്പിനെ ഉപേക്ഷിച്ചുകളയുകയും അവരെ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. സകലശത്രുക്കളും അവരെ കൊള്ളയിടുകയും കവർച്ചനടത്തുകയും ചെയ്യും. കാരണം അവരുടെ പൂർവികർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടനാൾമുതൽ ഇന്നുവരെയും അവർ എന്റെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.” യെഹൂദാ യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിക്കാൻതക്കവണ്ണം അവരെക്കൊണ്ടു പാപം ചെയ്യിച്ചതുമാത്രവുമല്ല, ജെറുശലേമിനെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയ്ക്കാൻ മതിയാകുംവരെ നിഷ്കളങ്കരക്തം ചൊരിയുകകൂടെ മനശ്ശെ ചെയ്തിരിക്കുന്നു. മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളും അദ്ദേഹം ചെയ്ത പാപങ്ങൾ ഉൾപ്പെടെയുള്ള സകലപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.