2 രാജാക്കന്മാർ 2:9-18

2 രാജാക്കന്മാർ 2:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാൻ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന് എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ട്: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോർദ്ദാനരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു. യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: ഏലീയാവിന്റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു. അവർ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ട്; അവർ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾ അയയ്ക്കരുത് എന്നു പറഞ്ഞു. അവർ അവനെ അത്യന്തം നിർബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നു ദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല. അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: പോകരുത് എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 2:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടെ എത്തിയപ്പോൾ ഏലിയാ എലീശയോടു ചോദിച്ചു: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.” ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കിൽ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കിൽ അതു ലഭിക്കുകയില്ല.” അവർ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മിൽ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. എലീശ അതുകണ്ടു. “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്റെ വസ്ത്രം രണ്ടായി കീറി. ഏലിയായിൽനിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോർദ്ദാൻനദിയുടെ തീരത്തു വന്നു. ഏലിയായുടെ ദൈവമായ സർവേശ്വരൻ എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു. യെരീഹോവിൽനിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോൾ ഏലിയായുടെ ചൈതന്യം അദ്ദേഹത്തിൽ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവർ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അവർ പറഞ്ഞു: “ബലശാലികളായ അമ്പതു പേർ ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാൻ അവരെ അനുവദിക്കണമേ. സർവേശ്വരന്റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോൾ എലീശ പറഞ്ഞു: “ആരെയും അയയ്‍ക്കേണ്ടാ.” അദ്ദേഹം അനുവാദം നല്‌കുന്നതുവരെ അവർ നിർബന്ധിച്ചു. അങ്ങനെ അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നു ദിവസം അന്വേഷിച്ചു നടന്നെങ്കിലും ഏലിയായെ കണ്ടെത്തിയില്ല. അവർ മടങ്ങിവന്നു യെരീഹോവിൽ പാർത്തിരുന്ന എലീശയെ കണ്ടു. “നിങ്ങൾ പോകേണ്ട എന്നു ഞാൻ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു.

2 രാജാക്കന്മാർ 2:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്‍റെ അടുത്തു നിന്ന് എടുക്കപ്പെടും മുമ്പെ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചു കൊൾക” എന്നു പറഞ്ഞു. അതിന് എലീശാ: “നിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെ മേൽ വരുമാറാകട്ടെ” എന്നു പറഞ്ഞു. അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്‍റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അതു സംഭവിക്കുകയില്ല” എന്നു പറഞ്ഞു. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ട്: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും” എന്നു നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്‍റെ വസ്ത്രം രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങി യോർദ്ദാനരികെ ചെന്നു നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു. യെരീഹോവിൽ അവനു അഭിമുഖമായി നിന്നിരുന്ന പ്രവാചകഗണം അവനെ കണ്ടിട്ട്: “ഏലീയാവിന്‍റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു. അവർ അവനോട്: “ഇതാ, അടിയങ്ങളോടുകൂടെ ശക്തന്മാരായ അമ്പതു പേർ ഉണ്ട്; അവർ ചെന്നു നിന്‍റെ യജമാനനെ അന്വേഷിക്കട്ടെ; ഒരുപക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു. അതിന് അവൻ: “നിങ്ങൾ അയക്കരുത്” എന്നു പറഞ്ഞു. അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: “എന്നാൽ അയച്ചുകൊള്ളുവിൻ” എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല. അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്‍റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: “പോകരുത് എന്നു ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?” എന്നു പറഞ്ഞു.

2 രാജാക്കന്മാർ 2:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. അതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു. യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു. അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു. അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല. അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 2:9-18 സമകാലിക മലയാളവിവർത്തനം (MCV)

അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു. “അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി. “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു. പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു. അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു. യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു. “അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു. അദ്ദേഹത്തിനു മുഷിവ് തോന്നുന്നതുവരെയും അവർ നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം, “അവരെ അയച്ചുകൊള്ളൂ” എന്നു പറഞ്ഞു. അവർ അൻപതുപേരെ അയച്ചു. അവർ മൂന്നുദിവസം തെരഞ്ഞെങ്കിലും ഏലിയാവിനെ കണ്ടെത്തിയില്ല. അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.