2 രാജാക്കന്മാർ 2:6-8

2 രാജാക്കന്മാർ 2:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സർവേശ്വരൻ എന്നോട് യോർദ്ദാനിലേക്കു പോകാൻ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ഇരുവരും യാത്ര തുടർന്നു. അവർ യോർദ്ദാൻനദിയുടെ അരികിൽ എത്തിയപ്പോൾ പ്രവാചകഗണത്തിൽപ്പെട്ട അമ്പതുപേർ വന്ന് അല്പം അകലെ മാറിനിന്നു. ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവർ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി.

2 രാജാക്കന്മാർ 2:6-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി. പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തുനിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു. അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.

2 രാജാക്കന്മാർ 2:6-8 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി. ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു. ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.