2 രാജാക്കന്മാർ 19:1-37

2 രാജാക്കന്മാർ 19:1-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്കൊക്കെയും നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടവാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾ നിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും. റബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരേ യുദ്ധംചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു. കൂശ്‍രാജാവായ തിർഹാക്ക തന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്. അശ്ശൂർരാജാക്കന്മാർ സകല ദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്‍രാജാവും അർപ്പാദ്‍രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ? ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അതു വിടർത്തി. ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നെ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ. ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻ നിമിത്തം എന്നോടു പ്രാർഥിച്ചതു ഞാൻ കേട്ടു. അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനമാവിത്: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ. നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാർപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും. ഞാൻ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു. ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. അതുകൊണ്ട് അവയിലെ നിവാസികൾ ദുർബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പേ കരിഞ്ഞുപോയ ധാന്യവും പോലെ ആയിത്തീർന്നു. എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു. എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും, നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും. എന്നാൽ ഇതു നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും. യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും. ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും. അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിന് എതിരേ വാടകോരുകയുമില്ല. അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്ന് യഹോവയുടെ അരുളപ്പാട്. അന്നുരാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു. അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ട് അരാരത്ത്ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവനു പകരം രാജാവായിത്തീർന്നു.

2 രാജാക്കന്മാർ 19:1-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സർവേശ്വരന്റെ ആലയത്തിൽ ചെന്നു. കൊട്ടാരവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യദർശിയായ ശെബ്നയെയും മുതിർന്ന പുരോഹിതന്മാരെയും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു. അവർ ഇപ്രകാരം പ്രവാചകനോടു പറയണമെന്നു രാജാവ് കല്പിച്ചിരുന്നു: “ഹിസ്ക്കീയാ പറയുന്നു: ഇന്നു കഷ്ടതയുടെയും ശകാരത്തിന്റെയും അപമാനത്തിന്റെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാൻ ശക്തിയില്ലാത്ത സ്‍ത്രീയെപ്പോലെയാണ് ഞങ്ങൾ. ജീവിക്കുന്ന ദൈവത്തെ നിന്ദിക്കാൻ റബ്-ശാക്കെയെ അവന്റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരിക്കുന്നു. അയാൾ പറഞ്ഞ വാക്കുകൾ അങ്ങയുടെ ദൈവമായ സർവേശ്വരൻ കേട്ടിരിക്കും; അവിടുന്ന് ആ വാക്കുകൾ നിമിത്തം അയാളെ ശിക്ഷിക്കുകയില്ലേ? അതുകൊണ്ട് അങ്ങ് അവശേഷിച്ചിരിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും.” രാജസേവകന്മാർ യെശയ്യായുടെ അടുക്കൽ എത്തി സന്ദേശമറിയിച്ചപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ. ഞാൻ അവന്റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവൻ സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവൻ വാളിന് ഇരയാകാൻ ഞാൻ ഇടയാക്കും.” റബ്-ശാക്കെ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാൾ കേട്ടിരുന്നു. എത്യോപ്യ രാജാവായ തിർഹാക്കാ തനിക്കെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോൾ അസ്സീറിയാരാജാവ് ഹിസ്ക്കീയാരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു: “യെരൂശലേം അസ്സീറിയാ രാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാൻ ഇടയാകരുത്. അസ്സീറിയാരാജാക്കന്മാർ ഈ രാജ്യങ്ങളോടെല്ലാം പ്രവർത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടില്ലേ. പിന്നെ നിനക്ക് എങ്ങനെ രക്ഷപെടാൻ കഴിയും? ഗോസാൻ, ഹാരാൻ, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും എന്റെ പൂർവികർ നശിപ്പിച്ചപ്പോൾ അവരുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്, അർപ്പാദ്, സെഫർവയീം, ഹേന, ഇവ്വാ എന്നീ നഗരങ്ങളിലെ രാജാക്കന്മാർ ഇപ്പോൾ എവിടെ?” ഹിസ്ക്കീയാ ദൂതന്മാരുടെ കൈയിൽനിന്നു കത്തു വാങ്ങി വായിച്ചശേഷം സർവേശ്വരന്റെ ആലയത്തിൽ പ്രവേശിച്ച് അത് അവിടുത്തെ സന്നിധിയിൽ വച്ചു. സർവേശ്വരനോട് ഇപ്രകാരം പ്രാർഥിച്ചു: “കെരൂബുകളിന്മേൽ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. സർവേശ്വരാ, കേൾക്കണമേ; തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കണമേ; ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സെൻഹേരീബിന്റെ വാക്കുകൾ കേൾക്കണമേ. സർവേശ്വരാ, അസ്സീറിയാരാജാക്കന്മാർ അനേകം ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചു എന്നതു സത്യമാണ്. അവരുടെ ദേവന്മാരെ അസ്സീറിയാക്കാർ അഗ്നിക്കിരയാക്കി, അവർ യഥാർഥത്തിൽ ദേവന്മാരായിരുന്നില്ലല്ലോ; അവ മരത്തിലും കല്ലിലും കൊത്തി ഉണ്ടാക്കിയ വിഗ്രഹങ്ങൾ മാത്രം ആയിരുന്നു. അതുകൊണ്ട് അവ നശിച്ചു. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അയാളുടെ കൈയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.” അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാ ഹിസ്കീയായ്‍ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെൻഹേരീബിനെക്കുറിച്ച് നീ ചെയ്ത പ്രാർഥന ഞാൻ കേട്ടിരിക്കുന്നു. അയാളെപ്പറ്റി സർവേശ്വരന്റെ അരുളപ്പാട് ഇതാണ്. കന്യകയായ സീയോൻപുത്രി, സെൻഹേരീബിനെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു; യെരൂശലേംനിവാസികൾ നിന്റെ പിന്നിൽനിന്നു പരിഹാസത്തോടെ തല കുലുക്കുന്നു. സെൻഹേരീബേ, നീ ആരെയാണ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തത്? ആരുടെ നേരെയാണ് നീ സ്വരം ഉയർത്തിയത്? ആരുടെ നേർക്കാണ് നീ ധിക്കാരത്തോടെ ദൃഷ്‍ടി ഉയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെതിരായിട്ടല്ലേ? നിന്റെ ഭൃത്യന്മാർവഴി നീ സർവേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാൻ പർവതശിഖരങ്ങളിൽ ലെബാനോന്റെ വിദൂരസങ്കേതങ്ങളിൽ കയറി അവിടെയുള്ള ഏറ്റവും ഉയർന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളിൽ, അതിന്റെ ഇടതൂർന്ന വനത്തിലേക്ക് ഞാൻ ചെന്നു. വിദേശങ്ങളിൽ ഞാൻ കിണറുകൾ കുഴിച്ച് അവയിലെ ജലം പാനം ചെയ്തു. എന്റെ ഉള്ളംകാലുകൊണ്ട് ഈജിപ്തിലെ സകല അരുവികളെയും വറ്റിച്ചു എന്നും നീ പറഞ്ഞു. “ഇതെല്ലാം ഞാൻ പണ്ടുതന്നെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? അവ ഇപ്പോൾ ഞാൻ നിറവേറ്റുന്നു. കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങളെ നീ തകർത്ത് നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കണം. അപ്പോൾ അതിലെ നിവാസികൾ മനഃശക്തി ക്ഷയിച്ച് പരിഭ്രാന്തരും ആകുലരും ആകും. അവർ വയലിലെ ചെടികൾപോലെയും ഇളംപുല്ലുപോലെയും വളരുംമുമ്പേ കരിഞ്ഞു പോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും. “നിന്റെ ഇരിപ്പും ഗമനാഗമനങ്ങളും എന്റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം. എന്നോടുള്ള നിന്റെ ക്രോധാവേശംകൊണ്ടും നിന്റെ അഹങ്കാരത്തെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നതുകൊണ്ടും നിന്റെ മൂക്കിൽ കൊളുത്തും നിന്റെ വായിൽ കടിഞ്ഞാണും ഇടും. നീ വന്ന വഴിയേ ഞാൻ നിന്നെ തിരിച്ച് അയയ്‍ക്കും.” യെശയ്യാ ഹിസ്കീയാരാജാവിനോടു പറഞ്ഞു: “ഇതു നിനക്കൊരു അടയാളമായിരിക്കും; ഈ വർഷവും അടുത്ത വർഷവും തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങൾ നീ ഭക്ഷിക്കും. മൂന്നാം വർഷം നീ വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ നട്ടു വളർത്തി അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും. യെഹൂദാഗൃഹത്തിൽ അവശേഷിക്കുന്നവർ ആഴത്തിൽ വേരൂന്നി ഫലം കായ്‍ക്കും. അവശേഷിക്കുന്നവരുടെ ഗണം യെരൂശലേമിൽനിന്ന്-സീയോൻമലയിൽനിന്ന്-പുറപ്പെടും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു. “അസ്സീറിയാ രാജാവിനെപ്പറ്റി സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കൂ: ‘അവൻ ഈ നഗരത്തിൽ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിച ധരിച്ചു മുന്നേറുകയോ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയോ ഇല്ല. അവൻ ഈ നഗരത്തിൽ പ്രവേശിക്കാതെ വന്ന വഴിയേ തന്നെ മടങ്ങിപ്പോകും’ എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു. എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് സംരക്ഷിക്കും.” അന്നു രാത്രിയിൽ സർവേശ്വരന്റെ ദൂതൻ അസ്സീറിയാപാളയത്തിൽ കടന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണർന്നു നോക്കുമ്പോൾ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു. പിന്നീട് അസ്സീറിയാരാജാവായ സെൻഹേരീബ് പിൻവാങ്ങി നിനെവേയിൽ പോയി പാർത്തു. ഒരു ദിവസം അയാൾ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും ചേർന്ന് അയാളെ വാളിനിരയാക്കി. അതിനുശേഷം അവർ അരാരത്തു ദേശത്തേക്ക് ഓടിപ്പോയി. അയാളുടെ മറ്റൊരു പുത്രൻ എസെർ-ഹദ്ദോൻ തുടർന്നു രാജാവായി.

2 രാജാക്കന്മാർ 19:1-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു. അവർ പ്രവാചകനോട് ഹിസ്കീയാവിന്‍റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂർ രാജാവ് അയച്ചു പറയിക്കുന്ന വാക്കുകൾ നിന്‍റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്കു പ്രതികാരംചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.” ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാർ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ നിങ്ങളുടെ യജമാനനോടു യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്‍റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ട് വീഴുമാറാക്കും.” റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർ രാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു. കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടു അവൻ പിന്നെയും ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: “നിങ്ങൾ യെഹൂദാ രാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്‍റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്‍റെ ദൈവം നിന്നെ ചതിക്കരുത്. അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്‍റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?” ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു തുറന്നുവച്ചു. ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചു പറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്‍റെ വാക്കു കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നേ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്‍റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർ രാജാവായ സൻഹേരീബിന്‍റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചതു ഞാൻ കേട്ടു. അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്‍റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു. നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്ക് വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്‍റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ. നിന്‍റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്‍റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്‍റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും. ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. അതുകൊണ്ട് അവയിലെ നിവാസികൾ ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, പുരപ്പുറത്തു വളരുന്ന പുല്ലും, വളർച്ചയെത്തുന്നതിന് മുമ്പ് കരിഞ്ഞുപോയ ധാന്യവുംപോലെ ആയി. എന്നാൽ നിന്‍റെ ഇരിപ്പും, നിന്‍റെ ഗമനവും ആഗമനവും, എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തും ഞാൻ അറിയുന്നു. എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും എന്‍റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും ഞാൻ എന്‍റെ കൊളുത്ത് നിന്‍റെ മൂക്കിലും എന്‍റെ കടിഞ്ഞാൺ നിന്‍റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും. എന്നാൽ ഇത് നിനക്കു അടയാളം ആകും; നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും. യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും. ഒരു ശേഷിപ്പ് യെരൂശലേമിൽ നിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.” അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്ക് വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്‍റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല. അവൻ വന്ന വഴിക്കു തന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാടു. അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തി അയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. അങ്ങനെ അശ്ശൂർ രാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു. അവൻ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്‍റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്‍റെ മകനായ ഏസെർ-ഹദ്ദോൻ അവനു പകരം രാജാവായി.

2 രാജാക്കന്മാർ 19:1-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാൾകൊണ്ടു വീഴുമാറാക്കും. റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂർരാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു. കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു. അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്‌ രാജാവും അർപ്പാദ്‌ രാജാവും സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നവെക്കു രാജാവായിരുന്നവനും എവിടെ? ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തു. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻനിമിത്തം എന്നോടു പ്രാർത്ഥിച്ചതു ഞാൻ കേട്ടു. അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതു: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ. നിന്റെ ദൂതന്മാർമുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാർപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും. ഞാൻ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു. ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. അതുകൊണ്ടു അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീർന്നു. എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു. എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും. എന്നാൽ ഇതു നിനക്കു അടയാളം ആകും; നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും. യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും. ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും. അതുകൊണ്ടു യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല. അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു. അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന്നു പകരം രാജാവായ്തീർന്നു.

2 രാജാക്കന്മാർ 19:1-37 സമകാലിക മലയാളവിവർത്തനം (MCV)

ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു. അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു. ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!” ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു. ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ” അശ്ശൂർരാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ യുദ്ധക്കളത്തിലെ അധിപനും ജെറുശലേമിൽനിന്ന് പിൻവാങ്ങി. അദ്ദേഹം മടങ്ങിച്ചെല്ലുമ്പോൾ രാജാവ് ലിബ്നായ്ക്കെതിരേ യുദ്ധംചെയ്യുന്നതായി കണ്ടു. കൂശ് രാജാവായ തിർഹാക്കാ തന്നോടു യുദ്ധംചെയ്യുന്നതിനായി വരുന്നുണ്ട് എന്ന വാർത്ത സൻഹേരീബിനു ലഭിച്ചിരുന്നു. അതിനാൽ അദ്ദേഹം വീണ്ടും തന്റെ സന്ദേശവുമായി ഹിസ്കിയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അദ്ദേഹത്തിന്റെ സന്ദേശം ഇപ്രകാരമായിരുന്നു: “യെഹൂദാരാജാവായ ഹിസ്കിയാവിനോടു പറയുക: ‘ജെറുശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുകയില്ല എന്നു പറഞ്ഞ്,’ നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ വഞ്ചിക്കരുത്; അശ്ശൂർരാജാക്കന്മാർ സകലരാജ്യങ്ങളെയും ഉന്മൂലനംചെയ്ത് അവയോടു ചെയ്തിരിക്കുന്നതെന്താണെന്ന് നീ തീർച്ചയായും കേട്ടിരിക്കും. ആ നിലയ്ക്ക് നീ വിടുവിക്കപ്പെടുമോ? എന്റെ പൂർവികർ നശിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളെ അവരുടെ ദേവന്മാർ വിടുവിച്ചിട്ടുണ്ടോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിവരിൽ ആരുടെയെങ്കിലും ദേവന്മാർക്ക് അതു കഴിഞ്ഞിട്ടുണ്ടോ? ഹമാത്തുരാജാവും അർപ്പാദുരാജാവും എവിടെ? ലായീർ സെഫർവയിം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാരും എവിടെ?” ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി. അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു. യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകൾ ശ്രദ്ധിക്കണേ! “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ രാഷ്ട്രങ്ങളെയും അവയുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു. ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!” അതിനുശേഷം ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കിയാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവായ സൻഹേരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു. അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “ ‘സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു; നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു. ആരെയാണു നീ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തത്? ആർക്കെതിരേയാണു നീ ശബ്ദമുയർത്തിയത്? നീ അഹന്തയോടെ കണ്ണുയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ! നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും വിജനമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു. അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച് അതിലെ വെള്ളം കുടിച്ചു. എന്റെ പാദതലങ്ങൾകൊണ്ട് ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു. “ ‘വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്; പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു നീ കേട്ടിട്ടില്ലേ? കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു. അതിലെ നിവാസികൾ ദുർബലരും ഭീതിപൂണ്ട് ലജ്ജിതരുമായിത്തീർന്നിരിക്കുന്നു. അവർ വയലിലെ പുല്ലും ഇളംപുൽനാമ്പും പുരപ്പുറത്തെ പുല്ലുംപോലെ വളരുംമുമ്പേ കരിഞ്ഞുപോയിരിക്കുന്നു. “ ‘എന്നാൽ നീ എവിടെ അധിവസിക്കുന്നെന്നും നിന്റെ പോക്കും വരവും എപ്പോഴൊക്കെയെന്നും എന്റെനേരേയുള്ള നിന്റെ കോപഗർജനവും ഞാൻ അറിയുന്നു. നീ എന്റെനേരേ ഉഗ്രകോപം കാട്ടിയിരിക്കയാലും നിന്റെ ഗർവം എന്റെ ചെവിയിൽ എത്തിയിരിക്കയാലും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ വായിലും ഇട്ട്, നീ വന്നവഴിയേതന്നെ ഞാൻ നിന്നെ മടക്കിക്കൊണ്ടുപോകും.’ “ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും: “ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും. രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും, എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ഒരിക്കൽക്കൂടി യെഹൂദാഗോത്രത്തിന്റെ ഒരു ശേഷിപ്പ് താഴേ വേരൂന്നി മീതേ ഫലം കായ്ക്കും. ജെറുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻപർവതത്തിൽനിന്ന് ഒരു രക്ഷിതഗണവും പുറപ്പെട്ടുവരും. സർവശക്തനായ യഹോവയുടെ തീക്ഷ്ണത അതു നിർവഹിക്കും. “ ‘അതിനാൽ, അശ്ശൂർരാജാവിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല; ഇവിടേക്ക് ഒരു അസ്ത്രംപോലും തൊടുക്കുകയില്ല. അയാൾ പരിചയുമായി ഇതിന്റെ മുമ്പിൽ വരികയോ ഇതിനെതിരേ സൈന്യത്തെക്കൊണ്ട് ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുകയോ ചെയ്യുകയില്ല. അയാൾ വന്നവഴിയായിത്തന്നെ മടങ്ങിപ്പോകും. അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല. എന്ന് യഹോവ അരുളിച്ചെയ്യുന്നു. എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് ഇതിനെ രക്ഷിക്കും.’ ” അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു! അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു. ഒരു ദിവസം അദ്ദേഹം തന്റെ ദേവനായ നിസ്‌രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാരായ അദ്രമെലെക്കും ശരേസറും അദ്ദേഹത്തെ വാളാൽ വെട്ടിക്കൊന്നു. അതിനുശേഷം അവർ അരാരാത്ത് ദേശത്തേക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ അദ്ദേഹത്തിനുപകരം രാജാവായി.