2 രാജാക്കന്മാർ 18:13-37
2 രാജാക്കന്മാർ 18:13-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പത് താലന്ത് പൊന്നും പിഴ കല്പിച്ചു. ഹിസ്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു. ആ കാലത്ത് യെഹൂദാരാജാവായ ഹിസ്കീയാവ് യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടിളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്ത് അശ്ശൂർരാജാവിന് കൊടുത്തയച്ചു. എങ്കിലും അശ്ശൂർരാജാവ് തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരേ അയച്ചു; അവർ പുറപ്പെട്ട് യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു. അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു. റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: മഹാരാജാവായ അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്? യുദ്ധത്തിന് വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറുംവാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്? ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അതിന്മേൽ ഒരുത്തൻ ഊന്നിയാൽ അത് അവന്റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു. അല്ല, നിങ്ങൾ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചത്. ആകട്ടെ എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാൻ കഴിയുമെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു. അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു. റബ്-ശാക്കേ അവരോട്: നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു. അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്ക് കേൾപ്പിൻ. രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ അവനു കഴികയില്ല. യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്. ഹിസ്കീയാവിന് നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധി ചെയ്ത് എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ. പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്. ജാതികളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തൻ തന്റെ ദേശത്തെ എന്റെ കൈയിൽനിന്നു വിടുവിച്ചുവോ? എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു. ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.
2 രാജാക്കന്മാർ 18:13-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാവായ ഹിസ്ക്കീയായുടെ പതിനാലാം ഭരണവർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദ്യയിലെ കോട്ടകെട്ടി ഉറപ്പിച്ച പട്ടണങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി. അപ്പോൾ യെഹൂദാരാജാവായ ഹിസ്ക്കീയാ ലാഖീശിൽ അസ്സീറിയാരാജാവിന് ഇപ്രകാരം ഒരു സന്ദേശമയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി. എന്നെ വിട്ടു മടങ്ങിപ്പോയാലും. അങ്ങു നിശ്ചയിക്കുന്ന ഏതു പിഴയും ഞാൻ അടച്ചുകൊള്ളാം.” അസ്സീറിയാ രാജാവ് യെഹൂദാരാജാവായ ഹിസ്ക്കീയായ്‍ക്ക് മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വർണവും പിഴ കല്പിച്ചു. ഹിസ്ക്കീയാ സർവേശ്വരമന്ദിരത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയെല്ലാം എടുത്ത് അസ്സീറിയാരാജാവിനു കൊടുത്തു. ദേവാലയത്തിന്റെ വാതിലുകളിലും കട്ടിളകളിലും താൻതന്നെ പൊതിഞ്ഞിരുന്ന സ്വർണവും ഇളക്കിയെടുത്ത് അദ്ദേഹത്തിനു നല്‌കി. അസ്സീറിയാരാജാവ് ലാഖീശിൽനിന്നു തന്റെ പ്രധാന ഉദ്യോഗസ്ഥരായ തർഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാൻ യെരൂശലേമിലേക്ക് അയച്ചു. അവർ യെരൂശലേമിലെത്തി അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്റെ അടുത്ത് നിലയുറപ്പിച്ചു. ഹിസ്ക്കീയാരാജാവിനെ കാണണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ രാജധാനിവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീമും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും അവരുടെ അടുക്കൽ ചെന്നു. റബ്-ശാക്കേ അവരോടു പറഞ്ഞു: “ഹിസ്ക്കീയായോടു പറയുക; നിനക്ക് ഈ ധൈര്യം എവിടെനിന്നു കിട്ടി എന്നു മഹാനായ രാജാവ് ചോദിക്കുന്നു. യുദ്ധതന്ത്രവും ശക്തിയും കൊണ്ട് സാധിക്കേണ്ടത് വെറും പൊള്ളവാക്കുകൾകൊണ്ടു സാധിക്കാമെന്നാണോ നീ കരുതുന്നത്? ആരിൽ ആശ്രയിച്ചാണ് നീ എന്നെ എതിർക്കുന്നത്? ഈജിപ്താണല്ലോ നിന്റെ ആശ്രയം? അത് ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയിൽ അതു കുത്തിക്കയറും. തന്നിൽ ആശ്രയിക്കുന്നവർക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്. ഞങ്ങളുടെ ദൈവമായ സർവേശ്വരനിലാണ് ഞങ്ങൾ ആശ്രയിക്കുന്നതെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തിൽ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സർവേശ്വരന്റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്. എന്റെ യജമാനനായ അസ്സീറിയാരാജാവിനോട് വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികൾ എങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ഞാൻ രണ്ടായിരം കുതിരകളെ തരാം. രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ സേവകന്മാരിൽ ഏറ്റവും ചെറിയ ഒരു പടനായകനെയെങ്കിലും തോല്പിക്കാൻ കഴിയുമോ? സർവേശ്വരന്റെ സഹായം കൂടാതെയാണോ ഞാൻ ഈ രാജ്യത്തെ നശിപ്പിക്കാൻ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കാൻ അവിടുന്ന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.” അപ്പോൾ ഹില്‌ക്കീയായുടെ പുത്രൻ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കെയോടു പറഞ്ഞു: “ഞങ്ങളോട് അരാമ്യഭാഷയിൽ സദയം സംസാരിച്ചാലും; അതു ഞങ്ങൾക്കു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം നാം പറയുന്നതു കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എബ്രായഭാഷയിൽ സംസാരിക്കാതിരുന്നാലും.” റബ് -ശാക്കെ പ്രതിവചിച്ചു: “സ്വന്തം വിസർജനവസ്തുക്കൾ തിന്നാനും കുടിക്കാനും വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളിൽ ഇരിക്കുന്നത്. അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്? റബ്-ശാക്കെ നിവർന്നു നിന്നുകൊണ്ട് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു: “അസ്സീറിയാ മഹാരാജാവിന്റെ വാക്കുകൾ കേൾക്കുവിൻ, രാജാവു കല്പിക്കുന്നു; ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. നിങ്ങളെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ അവനു കഴിയുകയില്ല. സർവേശ്വരൻ നമ്മെ നിശ്ചയമായും രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് സർവേശ്വരനിൽ ആശ്രയിക്കാൻ ഹിസ്ക്കീയാ നിങ്ങൾക്ക് ഇടയാക്കാതിരിക്കട്ടെ. ഹിസ്ക്കീയാ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്?” അസ്സീറിയാരാജാവു കല്പിക്കുന്നു: “നിങ്ങൾ സമാധാന ഉടമ്പടി ചെയ്ത് എന്നോടു ചേരുക. അങ്ങനെ ചെയ്താൽ നിങ്ങൾ സ്വന്തം മുന്തിരിയുടെയും അത്തിയുടെയും ഫലം അനുഭവിക്കും; നിങ്ങൾ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും. പിന്നീട് ഞാൻ വന്നു നിങ്ങളെ ഈ ദേശത്തിനു സദൃശമായ ഒരു നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ദേശത്തേക്കുതന്നെ. എന്നാൽ നിങ്ങൾ മരിക്കുകയില്ല; ജീവിക്കും. ‘സർവേശ്വരൻ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കുന്ന ഹിസ്ക്കീയായുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്. ഏതെങ്കിലും ദേവൻ അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു തന്റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ? ഹമാത്തിന്റെയും അർപ്പാദിന്റെയും ദേവന്മാർ എവിടെ? സെഫർവയീം, ഹേനാ, ഇവ്വാ എന്നിവയുടെ ദേവന്മാരും എവിടെ? ശമര്യയെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടോ? ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാൻ സർവേശ്വരനു കഴിയുമോ?” എന്നാൽ ജനം നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം ഒരു മറുപടിയും പറയരുതെന്നായിരുന്നു രാജകല്പന. അപ്പോൾ കൊട്ടാരവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീം, കൊട്ടാരം കാര്യസ്ഥനായ ശെബ്ന, ആസാഫിന്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹ് എന്നിവർ തങ്ങളുടെ വസ്ത്രം കീറി; അവർ ഹിസ്ക്കീയായുടെ അടുക്കൽ വന്നു റബ്-ശാക്കെ പറഞ്ഞതെല്ലാം അദ്ദേഹത്തെ അറിയിച്ചു.
2 രാജാക്കന്മാർ 18:13-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്‍റെ പതിനാലാം ആണ്ടിൽ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചടക്കി. അപ്പോൾ യെഹൂദാ രാജാവായ ഹിസ്ക്കീയാവ് ലാഖീശിൽ ആയിരുന്ന അശ്ശൂർരാജാവിന്‍റെ അടുക്കൽ ആളയച്ചു: “ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ട് മടങ്ങിപ്പോകേണം; നീ എനിക്ക് കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം” എന്നു അറിയിച്ചു. അശ്ശൂർ രാജാവ് യെഹൂദാ രാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു പൊന്നും പിഴ കല്പിച്ചു. ഹിസ്ക്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉള്ള വെള്ളിയെല്ലാം അവനു കൊടുത്തു. ആ കാലത്ത് യെഹൂദാ രാജാവായ ഹിസ്ക്കീയാവ് യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടിളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും ഇളക്കിയെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു. എങ്കിലും അശ്ശൂർ രാജാവ് തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്ന് ഒരു വലിയ സൈന്യവുമായി ഹിസ്കീയാരാജാവിന്‍റെ അടുക്കൽ യെരൂശലേമിന്‍റെ നേരെ അയച്ചു; അവർ പുറപ്പെട്ടു യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കരികെയുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു. അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും അവരുടെ അടുക്കൽ പുറത്തു ചെന്നു. റബ്-ശാക്കേ അവരോട് മഹാരാജാവായ അശ്ശൂർ രാജാവിന്‍റെ കൽപ്പനപ്രകാരം ഹിസ്കീയാവിനോട് അറിയിക്കാനായി പറഞ്ഞതെന്തെന്നാൽ: “നിന്‍റെ ആശ്രയം എന്തിലാകുന്നു? യുദ്ധത്തിന് വേണ്ട ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നത് വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്? ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അത് ഒരുവൻ ഊന്നുവടിയാക്കിയാൽ അവന്‍റെ ഉള്ളം കയ്യിൽ തറച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു. അല്ല, നിങ്ങൾ എന്നോട്, ‘ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു’ എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും ‘യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ’ എന്നു കല്പിച്ചത്. ആകട്ടെ; എന്റെ യജമാനനായ അശ്ശൂർ രാജാവുമായി വാതു കെട്ടുക വാക്കു കൊടുക്കുക; നിനക്കു മതിയായ കുതിരച്ചേവകർ ഉണ്ടെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരകളെ തരാം. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും പരാജയപ്പെടുത്തി മടക്കി അയക്കും? രഥങ്ങൾക്കും കുതിരച്ചേവകർക്കുമായി നീ മിസ്രയീമിനെ ആശ്രയിക്കുന്നുവല്ലോ. ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടു വന്നിരിക്കുന്നത്? യഹോവ എന്നോട്: ‘ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടു ചെന്നു അതിനെ നശിപ്പിക്ക’ എന്നു കല്പിച്ചിരിക്കുന്നു.” അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോട് യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്നു പറഞ്ഞു. റബ്-ശാക്കേ അവരോട്: “നിന്റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്‌വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്നു പറഞ്ഞു. അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: “മഹാരാജാവായ അശ്ശൂർ രാജാവിന്‍റെ വാക്കു കേൾക്കുവിൻ. രാജാവ് ഇപ്രകാരം കല്പിക്കുന്നു, ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ അവനു കഴിയുകയില്ല. ‘യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർ രാജാവിന്‍റെ കയ്യിൽ ഏല്പിക്കയില്ല’ എന്നു പറഞ്ഞ് ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്. ഹിസ്കീയാവിന് നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർ രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധിചെയ്ത് എന്‍റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊൾവിൻ. പിന്നെ ഞാൻ വന്ന് നിങ്ങളുടെ ദേശത്തേപ്പോലെ ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; ‘യഹോവ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്. ചുറ്റുമുള്ള ജനതകളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്‍റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ? ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ? ആ ദേശങ്ങളിലെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ? എങ്കിൽ യഹോവ യെരൂശലേമിനെ എന്‍റെ കയ്യിൽനിന്നും വിടുവിക്കുമോ?” എന്നാൽ ജനം മിണ്ടാതിരുന്നു; അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു. ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽവന്ന് റബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു.
2 രാജാക്കന്മാർ 18:13-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂർരാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു. ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു. ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തയച്ചു. എങ്കിലും അശ്ശൂർരാജാവു തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവർ പുറപ്പെട്ടു യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു. അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു. റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: മഹാരാജാവായ അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു? യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു? ചതെഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേൽ ഒരുത്തൻ ഊന്നിയാൽ അതു അവന്റെ ഉള്ളംകയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു. അല്ല, നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു. ആകട്ടെ എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാൻ കഴിയുമെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു. അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു. റബ്-ശാക്കേ അവരോടു: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു. അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ. രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ അവന്നു കഴികയില്ല. യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു. ഹിസ്കീയാവിന്നു നിങ്ങൾ ചെവികൊടുക്കരുതു; അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ. പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു. ജാതികളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ? ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ? യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകലദേവന്മാരിലുംവെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ? എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു. ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
2 രാജാക്കന്മാർ 18:13-37 സമകാലിക മലയാളവിവർത്തനം (MCV)
ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി. അതിനാൽ യെഹൂദാരാജാവായ ഹിസ്കിയാവ് ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുത്തേക്ക് ഈ സന്ദേശം കൊടുത്തയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി; എന്നിൽനിന്നു പിൻവാങ്ങണമേ! അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്തായാലും ഞാൻ തന്നുകൊള്ളാം.” അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കിയാവിന് മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു സ്വർണവും പിഴയിട്ടു. അങ്ങനെ യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയെല്ലാം ഹിസ്കിയാവ് അദ്ദേഹത്തിനു കൊടുത്തു. യെഹൂദാരാജാവായ ഹിസ്കിയാവ് യഹോവയുടെ ആലയത്തിലെ കതകുകളും കട്ടിളകളും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു. ഈ സമയത്ത് അദ്ദേഹം അതെല്ലാം ഇളക്കിയെടുത്തു. ആ സ്വർണമെല്ലാം അദ്ദേഹം അശ്ശൂർരാജാവിനു കൊടുത്തയച്ചു. എങ്കിലും അശ്ശൂർരാജാവ് തന്റെ സർവസൈന്യാധിപനെയും ഉദ്യോഗസ്ഥമേധാവിയെയും യുദ്ധക്കളത്തിലെ അധിപനെയും ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. അവർ ജെറുശലേമിലേക്കുവന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു. അവർ യെഹൂദാരാജാവിനെ വിളിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അവരുടെ അടുത്തേക്കുചെന്നു. യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക: “ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്? നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്? നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ. പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ജെറുശലേമിൽ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ? “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം. രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും? അതുമാത്രമോ? യഹോവയുടെ അനുവാദം കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ” അപ്പോൾ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!” എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?” പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക! രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല. ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ. “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം. പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക്, ഒലിവു മരങ്ങളും തേനുമുള്ള ഒരു നാട്ടിലേക്ക്—കൂട്ടിക്കൊണ്ടുപോകും. അതിനാൽ നിങ്ങൾ മരണത്തെയല്ല, ജീവനെത്തന്നെ തെരഞ്ഞെടുക്കുക. “ ‘യഹോവ നമ്മെ വിടുവിക്കും,’ എന്ന് ഹിസ്കിയാവു പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴി തെറ്റിക്കുകയാണെന്നു കരുതണം. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്. ഏതെങ്കിലും നാട്ടിലെ ദൈവം എന്നെങ്കിലും അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് തന്റെ നാടിനെ രക്ഷിച്ചിട്ടുണ്ടോ? ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ? ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?” “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല. പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.