2 രാജാക്കന്മാർ 17:5-18

2 രാജാക്കന്മാർ 17:5-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അശ്ശൂർരാജാവ് രാജ്യത്ത് എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്ന് അതിനെ മൂന്നു സംവത്സരം നിരോധിച്ചു. ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ച് യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻനദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ച് മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു. യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു, കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാ പട്ടണങ്ങളിലും പൂജാഗിരികൾ പണിതു. അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻകീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകല പൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു. ഈ കാര്യം ചെയ്യരുത് എന്ന് യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു. എന്നാൽ യഹോവ സകല പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദായോടും: നിങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം നിങ്ങൾക്ക് അയച്ചുതന്നതുമായ ന്യായപ്രമാണത്തിനൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു. എങ്കിലും അവർ കേൾക്കാതെ, തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു, അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുത് എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെത്തന്നെ അവർ പിന്തുടർന്നു. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെയൊക്കെയും ഉപേക്ഷിച്ചുകളഞ്ഞു; തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ച് അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിച്ച് ബാലിനെയും സേവിച്ചുപോന്നു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ച് പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കേണ്ടതിന് അവന് അനിഷ്ടമായുള്ളതു ചെയ്‍വാൻ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

2 രാജാക്കന്മാർ 17:5-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേൽ ആക്രമിച്ചു ശമര്യയിൽ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വർഷം നീണ്ടുനിന്നു. ഹോശേയരാജാവിന്റെ വാഴ്ചയുടെ ഒമ്പതാം വർഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേൽജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോർനദീതീരത്തും മേദ്യപട്ടണങ്ങളിലും പാർപ്പിച്ചു. ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്റെ അടിമത്തത്തിൽനിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഇസ്രായേൽജനം പാപംചെയ്തു. അന്യദേവന്മാരെ അവർ ആരാധിച്ചു. സർവേശ്വരൻ ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ ഏർപ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവർ നടന്നു. ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്തു. കാവൽഗോപുരംമുതൽ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവർ പൂജാഗിരികൾ നിർമ്മിച്ചു. അവർ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തിരുന്നതുപോലെ അവർ പൂജാഗിരികളിലെല്ലാം ധൂപാർപ്പണം നടത്തി. അവർ ദുഷ്കൃത്യങ്ങൾ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു. ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ആരാധിച്ചു. സർവേശ്വരൻ തന്റെ ദീർഘദർശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുർമാർഗങ്ങളിൽനിന്ന് വിട്ടുതിരിയുകയും ചെയ്യണം. എന്നാൽ അവർ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സർവേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂർവപിതാക്കന്മാരെപ്പോലെ അവർ ദുശ്ശാഠ്യക്കാരായിരുന്നു. അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങൾ അവർ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവർ അവഗണിച്ചു. വ്യർഥവിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ഫലമായി അവരും വ്യർഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സർവേശ്വരൻ കല്പിച്ചിരുന്നെങ്കിലും അവർ അവരെപ്പോലെ വർത്തിച്ചു. അവർ തങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങൾക്ക് ആരാധിക്കാൻവേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങൾ വാർത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവർ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാൽദേവനെയും അവർ ആരാധിച്ചു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഹോമിച്ചു. അവർ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സർവേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികൾ ചെയ്ത് അവർ അവിടുത്തെ പ്രകോപിപ്പിച്ചു. അതുകൊണ്ട് അവിടുന്ന് ഇസ്രായേൽജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു.

2 രാജാക്കന്മാർ 17:5-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ അശ്ശൂർ രാജാവ് യിസ്രയേൽ ദേശത്ത് പ്രവേശിച്ച് ശമര്യയിൽ വന്ന് അതിനെ മൂന്നു വര്‍ഷം ഉപരോധിച്ചു. ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർ രാജാവ് ശമര്യ പട്ടണം പിടിച്ചടക്കി യിസ്രായേൽ ജനത്തെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി; അവരെ ഹലഹിലും, ഗോസാൻ നദീതീരത്തിലെ ഹാബോരിലും, മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. യിസ്രായേൽ മക്കൾ അവരെ മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കൈക്കീഴിൽനിന്ന് വിടുവിച്ച് അവിടെനിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് അന്യദൈവങ്ങളെ ഭജിക്കുകയും യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞിരുന്ന ചട്ടങ്ങളും അവ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളും അനുസരിച്ചുനടക്കുകയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു. യിസ്രായേൽ മക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്തു കാവൽ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ അവരുടെ എല്ലാ പട്ടണങ്ങളിലും പൂജാഗിരികൾ പണിതു. അവർ എല്ലാ ഉയർന്ന കുന്നുകളിലും പച്ചവൃക്ഷങ്ങളുടെ കീഴിലും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. യഹോവ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം ദോഷമായ കാര്യങ്ങൾ പ്രവർത്തിച്ചു. “ഈ കാര്യം ചെയ്യരുത്” എന്നു യഹോവ വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ സേവിച്ചു. എന്നാൽ യഹോവ പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് കല്പിച്ചതും എന്‍റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം നിങ്ങൾക്ക് നൽകിയതുമായ ന്യായപ്രമാണപ്രകാരം എന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ച് നടപ്പിൻ” എന്നു സാക്ഷിച്ചു. എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു, അവന്‍റെ ചട്ടങ്ങളും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമവും അവൻ അവരോട് സാക്ഷിച്ച സാക്ഷ്യങ്ങളും നിരസിച്ചുകളഞ്ഞു; അവർ വ്യാജം പിന്തുടർന്ന് വ്യർത്ഥരായിത്തീർന്നു; ‘അവരെപ്പോലെ പ്രർത്തിക്കരുത്’ എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജനതകളെ തന്നെ അവർ അനുകരിച്ചു. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ ഉപേക്ഷിച്ചുകളഞ്ഞ് തങ്ങൾക്ക് രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിക്കുകയും അശേരാപ്രതിഷ്ഠ ഉണ്ടാക്കുകയും ചെയ്തു; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിക്കയും ബാലിനെ സേവിക്കുകയും ചെയ്തുപോന്നു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു; പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കയും, അവന് അനിഷ്ടമായതു ചെയ്‌വാൻ തങ്ങളെത്തന്നെ വിറ്റുകളയുകയും ചെയ്തു. അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

2 രാജാക്കന്മാർ 17:5-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു. ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമര്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു. അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു. ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു. എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു. എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു, അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‌വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു. അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

2 രാജാക്കന്മാർ 17:5-18 സമകാലിക മലയാളവിവർത്തനം (MCV)

അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു. ഹോശേയയുടെ ഭരണത്തിന്റെ ഒൻപതാംവർഷത്തിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ചടക്കുകയും ഇസ്രായേല്യരെ തടവുകാരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹം അവരെ ഹലഹിലും ഗോസാൻ നദീതീരത്ത് ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. ഈ സംഭവങ്ങൾക്കെല്ലാം കാരണം ഇതായിരുന്നു: തങ്ങളെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഇസ്രായേൽ പാപംചെയ്തു. അവർ അന്യദേവന്മാരെ ആരാധിക്കുകയും തങ്ങളുടെ മുൻപിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ നടപ്പാക്കിയ ആചാരങ്ങളും പിൻതുടർന്നു. തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ തെറ്റായ കാര്യങ്ങൾ ഇസ്രായേല്യർ രഹസ്യമായി ചെയ്തു; അവരുടെ പട്ടണങ്ങളിലെല്ലാം—കാവൽഗോപുരംമുതൽ കെട്ടുറപ്പുള്ള നഗരങ്ങൾവരെ—അവർ തങ്ങൾക്കായി ക്ഷേത്രങ്ങൾ ഉണ്ടാക്കി. ഓരോ ഉയർന്ന കുന്നിൻമുകളിലും ഇലതൂർന്ന മരത്തിൻകീഴിലും അവർ ആചാരസ്തൂപങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. അവരുടെമുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ രാഷ്ട്രങ്ങൾ ചെയ്തിരുന്നതുപോലെ അവർ ഓരോ ക്ഷേത്രത്തിലും ധൂപാർച്ചന നടത്തി. അവർ ദുഷ്ടത പ്രവർത്തിച്ച് യഹോവയുടെ കോപം ജ്വലിപ്പിച്ചു. “നിങ്ങൾ അതു ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ വിഗ്രഹങ്ങളെ ആരാധിച്ചു. “നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി. എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു. യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു. അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു.