2 രാജാക്കന്മാർ 11:1-20
2 രാജാക്കന്മാർ 11:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെയൊക്കെയും നശിപ്പിച്ചു. എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല. അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു. ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്ത്; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവച്ചു സത്യം ചെയ്യിച്ചിട്ട് അവർക്കു രാജകുമാരനെ കാണിച്ച് അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ ചെയ്യേണ്ടുന്ന കാര്യമാവിത്: ശബ്ബത്തിൽ തവണ മാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും മൂന്നിൽ ഒരു ഭാഗം സൂർ പടിവാതിൽക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിൻപുറത്തുള്ള പടിവാതിൽക്കലും കാവൽനില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനയ്ക്കു കിടങ്ങുപോലെ കാവലായിരിക്കേണം. ശബ്ബത്തിൽ തവണ മാറി പോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം. നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. പുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്കു കൊടുത്തു. അകമ്പടികളൊക്കെയും കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റുംനിന്നു. അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവനു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി: രാജാവേ, ജയജയ എന്ന് ആർത്തു. അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു. ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു. അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽക്കൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്ന് അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു. അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവച്ചു കൊന്നുകളഞ്ഞു. അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവയ്ക്കും രാജാവിനും ജനത്തിനും മധ്യേയും രാജാവിനും ജനത്തിനും മധ്യേയും നിയമം ചെയ്തു. പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു. അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി അകമ്പടികളുടെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവൻ രാജാസനം പ്രാപിച്ചു. ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവർ രാജധാനിക്കരികെവച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 11:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹസ്യായുടെ അമ്മ അഥല്യാ തന്റെ മകന്റെ മരണവാർത്ത കേട്ട് രാജകുടുംബാംഗങ്ങളെയെല്ലാം വധിച്ചു. എന്നാൽ അഹസ്യായുടെ സഹോദരിയും യെഹോരാംരാജാവിന്റെ പുത്രിയുമായ യെഹോശേബ വധിക്കപ്പെടാൻ പോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യായുടെ പുത്രൻ യോവാശിനെയും ധാത്രിയെയും അഥല്യാ കാണാതെ കിടപ്പറയിൽ ഒളിപ്പിച്ചു. അതുകൊണ്ട് അവൻ കൊല്ലപ്പെട്ടില്ല. ആറു വർഷം അവൻ സർവേശ്വരന്റെ ആലയത്തിൽ ധാത്രിയോടുകൂടി ഒളിവിൽ പാർത്തു; അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു. ഏഴാം വർഷം യെഹോയാദ പുരോഹിതൻ കാര്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ സർവേശ്വരന്റെ ആലയത്തിലേക്കു വിളിച്ചുവരുത്തി; അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം രാജകുമാരനെ അവർക്കു കാണിച്ചുകൊടുത്തു. യെഹോയാദ അവർക്ക് ഈ കല്പന നല്‌കി: “ശബത്തിൽ തവണ മാറിവരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം കൊട്ടാരം കാക്കണം; മൂന്നിൽ ഒരു ഭാഗം സൂർ പടിവാതില്‌ക്കലും മൂന്നിൽ ഒരു ഭാഗം അംഗരക്ഷകരുടെ പുറകിലുള്ള പടിവാതില്‌ക്കലും നില്‌ക്കണം; തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങൾ ആയുധധാരികളായി സർവേശ്വരന്റെ ആലയത്തിൽ രാജാവിനെ സംരക്ഷിക്കാൻ എപ്പോഴും ഉണ്ടായിരിക്കണം. നിങ്ങൾ ഓരോരുത്തനും ആയുധധാരികളായി രാജാവിനു കാവൽ നില്‌ക്കേണ്ടതാണ്. നിങ്ങളെ സമീപിക്കുന്നവൻ ആരായാലും അവനെ കൊന്നുകളയണം. രാജാവിനോടൊത്ത് നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം.” യെഹോയാദ പുരോഹിതൻ കല്പിച്ചതുപോലെ കാവൽപ്പടയാളികളുടെ നായകന്മാർ പ്രവർത്തിച്ചു. തവണ മാറി വരുന്നവരും പോകുന്നവരുമായ തങ്ങളുടെ ആളുകളെ അവർ പുരോഹിതന്റെ അടുക്കൽ കൊണ്ടുവന്നു. സർവേശ്വരന്റെ ആലയത്തിൽ സൂക്ഷിച്ചിരുന്ന ദാവീദ്‍രാജാവിന്റെ കുന്തങ്ങളും പരിചകളും പുരോഹിതൻ അവരെ ഏല്പിച്ചു. അംഗരക്ഷകർ ആയുധധാരികളായി തെക്കുവശംമുതൽ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റും നിലയുറപ്പിച്ചു. പിന്നീട് യെഹോയാദ പുരോഹിതൻ യോവാശ് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടമണിയിച്ചു. രാജാവ് അനുഷ്ഠിക്കേണ്ട കാര്യങ്ങൾ അടങ്ങിയ സാക്ഷ്യപുസ്‍തകം നല്‌കി. പിന്നീടവർ കുമാരനെ രാജാവായി പ്രഖ്യാപിച്ച് അഭിഷേകം ചെയ്തു. “രാജാവ് നീണാൾ വാഴട്ടെ” അവർ ആർത്തുവിളിച്ചു. കാവൽഭടന്മാരുടെയും ജനങ്ങളുടെയും ആർപ്പുവിളി കേട്ട് അഥല്യാരാജ്ഞി സർവേശ്വരന്റെ ആലയത്തിലെത്തി; ആചാരപ്രകാരം തൂണിന്റെ അടുക്കൽ രാജാവ് നില്‌ക്കുന്നത് അഥല്യാ കണ്ടു. കാവൽപ്പടയാളികളുടെ നായകന്മാരും കാഹളം ഊതുന്നവരും രാജാവിന്റെ അടുക്കൽ ഉണ്ടായിരുന്നു. ജനമെല്ലാം ഉല്ലാസഭരിതരായി കാഹളം മുഴക്കി. അപ്പോൾ അഥല്യാരാജ്ഞി വസ്ത്രം കീറി “രാജദ്രോഹം” “രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു. യെഹോയാദ പുരോഹിതൻ കാവൽസേനാനായകന്മാരോടു കല്പിച്ചു: “സൈന്യനിരകൾക്കിടയിലൂടെ അവളെ പുറത്തു കൊണ്ടുപോകുവിൻ; അവളെ ആരെങ്കിലും അനുഗമിച്ചാൽ അവനെ വധിക്കണം. സർവേശ്വരന്റെ ആലയത്തിൽവച്ച് അവളെ കൊല്ലരുത്.” അവർ രാജ്ഞിയെ പിടിച്ചുകൊണ്ടുപോയി, കൊട്ടാരത്തിന്റെ കുതിരവാതില്‌ക്കൽ വച്ചു വധിച്ചു. യോവാശ്‍രാജാവും ജനങ്ങളും സർവേശ്വരന്റെ ജനമായിരിക്കുമെന്നു യെഹോയാദ പുരോഹിതൻ ജനങ്ങളെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. രാജാവും ജനങ്ങളും തമ്മിലും ഉടമ്പടിയുണ്ടാക്കി. പിന്നീട് ജനങ്ങളെല്ലാം ബാൽക്ഷേത്രത്തിൽ ചെന്ന് അതു തകർത്തുകളഞ്ഞു. ബലിപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കയും ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചുതന്നെ വധിക്കുകയും ചെയ്തു. പിന്നീട് യെഹോയാദ പുരോഹിതൻ സർവേശ്വരന്റെ ആലയം സൂക്ഷിക്കുന്നതിനു കാവല്‌ക്കാരെ ഏർപ്പെടുത്തി. അദ്ദേഹം കാവൽപടനായകന്മാരുടെയും കാര്യരുടെയും അംഗരക്ഷകരുടെയും സർവജനങ്ങളുടെയും അകമ്പടിയോടുകൂടി രാജാവിനെ സർവേശ്വരന്റെ ആലയത്തിൽനിന്ന് കാവല്‌ക്കാരുടെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോവാശ് രാജസിംഹാസനത്തിൽ ഇരുന്നു; ജനമെല്ലാം സന്തോഷിച്ചു. കൊട്ടാരത്തിൽ വച്ച് അഥല്യാ വധിക്കപ്പെട്ടതോടെ നഗരം ശാന്തമായി.
2 രാജാക്കന്മാർ 11:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു. എന്നാൽ യെഹോരാം രാജാവിന്‍റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല. അഥല്യാ വാഴ്ച നടത്തിയ ആറു വര്‍ഷം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവച്ചു സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു. അവരോട് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്‍റെ പിന്നിലുള്ള പടിവാതില്‍ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ രാജധാനിയ്ക്കു കിടങ്ങുപോലെ കാവലായിരിക്കേണം. ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടുകൂട്ടം രാജാവിനുവേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം. നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; സംരക്ഷണവലയത്തിനകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.” യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാ പുരോഹിതന്‍റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. പുരോഹിതൻ ദാവീദ് രാജാവിന്‍റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു. അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു. പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകം അവനു കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്നു ആർത്തു. അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു. ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്നു പറഞ്ഞു. അപ്പോൾ യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്നു അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു. അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവച്ചു കൊന്നുകളഞ്ഞു. അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു, യെഹോയാദാ രാജാവിനും ജനത്തിനുംവേണ്ടി ഉടമ്പടിചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു. പിന്നെ ദേശത്തെ ജനമെല്ലാം ബാല്‍ ക്ഷേത്രത്തിൽ ചെന്നു അത് ഇടിച്ച് ബാലിന്‍റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു. അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു. ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.
2 രാജാക്കന്മാർ 11:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു. എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല. അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു. ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവർക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം. ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം. നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. പുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്കു കൊടുത്തു. അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു. അവൻ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു. അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു. ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു. അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു. അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു. അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു. പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു. അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു. ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 11:1-20 സമകാലിക മലയാളവിവർത്തനം (MCV)
തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ അവർ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല. ആ കുഞ്ഞ് അതിന്റെ ധാത്രിയോടൊപ്പം യഹോവയുടെ ആലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ആളയച്ച് ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും തന്റെ അടുത്ത് യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി. അദ്ദേഹം അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. യഹോവയുടെ ആലയത്തിൽവെച്ച് അവരെക്കൊണ്ടു ശപഥംചെയ്യിച്ചു. പിന്നെ അദ്ദേഹം രാജാവിന്റെ മകനെ അവർക്കു കാണിച്ചുകൊടുത്തു. അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്. ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം. അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.” പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി. ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും പരിചകളും യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് സൈന്യാധിപന്മാരുടെ കൈവശം കൊടുത്തു. കൊട്ടാരം കാവൽക്കാർ, ഓരോരുത്തനും കൈയിൽ അവനവന്റെ ആയുധവുമായി, ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരന്നു. യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് യെഹോയാദാ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട് കൈയടിച്ച്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു. കൊട്ടാരം കാവൽക്കാരും ജനങ്ങളും ഉയർത്തിയ ആരവം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ ജനങ്ങളുടെ അടുത്തേക്കുവന്നു. അവൾ നോക്കി. ആചാരമനുസരിച്ച് അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞു. സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരോട് യെഹോയാദാപുരോഹിതൻ: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്” എന്ന് ആജ്ഞാപിച്ചു. അതിനാൽ കുതിരകൾ കൊട്ടാരവളപ്പിലേക്കു കടക്കുന്ന വാതിൽക്കൽ അവൾ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു. തങ്ങൾ യഹോവയുടെ ജനമായിരിക്കുമെന്ന് യഹോവയുമായി ഒരു ഉടമ്പടി രാജാവിനെയും ജനങ്ങളെയുംകൊണ്ട് യെഹോയാദാ ചെയ്യിച്ചു. രാജാവും ജനങ്ങളുംതമ്മിലും ഇതുപോലെ ഒരു ഉടമ്പടി അദ്ദേഹം ചെയ്യിച്ചു. ദേശത്തെ ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ ഉടച്ചു കഷണങ്ങളാക്കി. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു. അതിനുശേഷം യെഹോയാദാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കാവൽക്കാരെ നിയോഗിച്ചു. അദ്ദേഹം ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും ദേശത്തെ സകലജനത്തെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവർ കൂട്ടമായിച്ചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നിറക്കി കാവൽക്കാരുടെ കവാടംവഴിയായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി. ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ രാജകൊട്ടാരത്തിൽവെച്ചു വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.