2 രാജാക്കന്മാർ 1:9-17
2 രാജാക്കന്മാർ 1:9-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരുവനെയും അവന്റെ അമ്പത് ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോട്: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു. ഏലീയാവ് അമ്പതു പേർക്ക് അധിപതിയായവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു. അവൻ അമ്പതു പേർക്ക് അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോട്: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു. ഏലീയാവ് അവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു. മൂന്നാമതും അവൻ അമ്പതു പേർക്ക് അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതു പേർക്ക് അധിപതിയായവൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ. ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതു പേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടു പേരെയും അവരുടെ അമ്പതീത് ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്ന് അപേക്ഷിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോട്: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു. അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും. ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
2 രാജാക്കന്മാർ 1:9-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവർ ചെന്നപ്പോൾ ഏലിയാ മലമുകളിൽ ഇരിക്കുകയായിരുന്നു. പടനായകൻ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.” ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തൽക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു. വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. ഏലിയാ പ്രതിവചിച്ചു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു. രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാൾ ഏലിയായുടെ മുമ്പിൽ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ. എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ. അപ്പോൾ സർവേശ്വരന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്റെ അടുക്കൽ ചെന്നു. ഏലിയാ രാജാവിനോടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാൻ ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയിൽനിന്ന് എഴുന്നേല്‌ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.” ഏലിയായിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരൻ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്റെ പുത്രനുമായ യെഹോരാമിന്റെ രണ്ടാം ഭരണവർഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്.
2 രാജാക്കന്മാർ 1:9-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉടനെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരു പടനായകനെ അവന്‍റെ അമ്പത് പടയാളികളുമായി ഏലീയാവിന്‍റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. ഏലീയാവ് പടനായകനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു പടയാളികളേയും ദഹിപ്പിക്കട്ടെ” എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ രാജാവ് മറ്റൊരു പടനായകനെയും അവന്‍റെ അമ്പത് ആളുകളെയും വീണ്ടും ഏലീയാവിന്‍റെ അടുക്കൽ അയച്ചു; അവനും അവനോട്: “ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. ഏലീയാവ് അവനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്‍റെ അമ്പത് ആളുകളെയും ദഹിപ്പിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു. മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്‍റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്‍റെയും നിന്‍റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ. ആകാശത്തുനിന്നു തീ ഇറങ്ങി എനിക്കു മുമ്പേ വന്ന രണ്ടു പടനായകന്മാരേയും അവരുടെ പടയാളികളേയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ ജീവനെ ആദരിക്കണമേ.” അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു. ഏലിയാവ് അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും.” ഏലീയാവ് പറഞ്ഞ യഹോവയുടെ വചനപ്രകാരം അഹസ്യാവ് മരിച്ചുപോയി; അവനു മകനില്ലായ്കയാൽ യെഹോരാം അവനു പകരം രാജാവായി. യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ ഇതു സംഭവിച്ചു.
2 രാജാക്കന്മാർ 1:9-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ രാജാവു അമ്പതുപേർക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു. ഏലീയാവു അമ്പതുപേർക്കു അധിപതിയായവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു. അവൻ അമ്പതുപേർക്കു അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു. ഏലീയാവു അവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു. മൂന്നാമതും അവൻ അമ്പതുപേർക്കു അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേർക്കു അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ. ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും. ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
2 രാജാക്കന്മാർ 1:9-17 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ഏലിയാവ് ആ സേനാധിപനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ, ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്നു പറഞ്ഞു. ഉടൻതന്നെ, ആകാശത്തിൽനിന്നും അഗ്നിയിറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു. രാജാവ് വീണ്ടും മറ്റൊരു സൈന്യാധിപനെയും അദ്ദേഹത്തോടൊപ്പം അൻപതു പടയാളികളെയും അയച്ചു. സൈന്യാധിപൻ ഏലിയാവിനോട്: “ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപ്പനയാണ്; വേഗം ഇറങ്ങിവരൂ!” എന്നു പറഞ്ഞു. “ഞാൻ ഒരു ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്ന് ഏലിയാവ് അവരോടു പറഞ്ഞു. ഉടനെ, യഹോവയുടെ അഗ്നി ആകാശത്തുനിന്ന് ഇറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു. രാജാവ് മൂന്നാമതും ഒരു സൈന്യാധിപനെ അദ്ദേഹത്തിന്റെ അൻപതു പടയാളികളോടൊപ്പം അയച്ചു. എന്നാൽ അദ്ദേഹം ഏലിയാവിന്റെ അടുക്കൽ കയറിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ നമസ്കരിച്ചു: “ദൈവപുരുഷാ! അങ്ങയുടെ ദാസന്മാരായ എന്റെയും ഈ അൻപതു പേരുടെയും ജീവനെ അവിടന്ന് ആദരിക്കണമേ! ആകാശത്തുനിന്നും തീയിറക്കി ആദ്യത്തെ രണ്ടു സൈന്യാധിപന്മാരെയും അവരുടെ പടയാളികളെയും അങ്ങു ദഹിപ്പിച്ചുകളഞ്ഞുവല്ലോ! എന്നാൽ, ഇപ്പോൾ അങ്ങ് എന്റെ ജീവനെ ആദരിക്കണമേ!” എന്നു യാചിച്ചു. അപ്പോൾ, യഹോവയുടെ ദൂതൻ ഏലിയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടതില്ല!” എന്നു പറഞ്ഞു. അതിനാൽ, ഏലിയാവ് എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം രാജാവിന്റെ അടുത്തേക്കുപോയി. ഏലിയാവ് രാജാവിനോടു പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ ആലോചന ചോദിക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കലേക്ക് അങ്ങു ദൂതന്മാരെ അയച്ചത്? ഇപ്രകാരം ചെയ്തതിനാൽ, അങ്ങ് കിടക്കുന്ന കിടക്കയിൽനിന്നു എഴുന്നേൽക്കുകയില്ല; അങ്ങു തീർച്ചയായും മരിക്കും!” ഏലിയാവ് അറിയിച്ച യഹോവയുടെ വചനപ്രകാരം അഹസ്യാവു മരിച്ചുപോയി. അഹസ്യാവിനു പുത്രന്മാരില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ സഹോദരനായ യോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാമിന്റെ രണ്ടാംവർഷത്തിൽ അഹസ്യാവിനു പകരം രാജ്യത്തിന്റെ ഭരണമേറ്റെടുത്തു.