2 രാജാക്കന്മാർ 1:1-9
2 രാജാക്കന്മാർ 1:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽക്കൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്ന് അവരോടു കല്പിച്ചു. എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചത്: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റ് ചെന്ന് അവരോട്: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ പോകുന്നത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി. ദൂതന്മാർ മടങ്ങി വന്നാറെ അവൻ അവരോട്: നിങ്ങൾ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞത്: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോട്: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ അയയ്ക്കുന്നത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്ന് അവനോടു പറവിൻ എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു. അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു. പിന്നെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരുവനെയും അവന്റെ അമ്പത് ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോട്: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആഹാബിന്റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി. ശമര്യയിൽ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താൻ രക്ഷപെടുമോ എന്നറിയാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അയാൾ ദൂതന്മാരെ അയച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അരുളപ്പാട് ചോദിക്കുന്നത്” എന്നു ശമര്യാരാജാവിന്റെ ദൂതന്മാരുടെ അടുക്കൽ ചെന്നു ചോദിക്കണം. “രോഗക്കിടക്കയിൽനിന്നു നീ ഇനി എഴുന്നേല്‌ക്കുകയില്ല; നീ തീർച്ചയായും മരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു. ദൂതന്മാർ മടങ്ങി എത്തിയപ്പോൾ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾ ഇത്രവേഗം മടങ്ങിവന്നു?” അവർ പറഞ്ഞു: “ഞങ്ങൾ വഴിയിൽവച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാൾ പറഞ്ഞു. ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കൽ അരുളപ്പാട് ചോദിക്കാൻ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയിൽനിന്ന് അങ്ങ് എഴുന്നേല്‌ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.” രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു?” അവർ പറഞ്ഞു: “അയാൾ രോമവസ്ത്രവും അരയ്‍ക്കു തോൽവാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു. രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവർ ചെന്നപ്പോൾ ഏലിയാ മലമുകളിൽ ഇരിക്കുകയായിരുന്നു. പടനായകൻ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.”
2 രാജാക്കന്മാർ 1:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽക്കൂടി താഴെ വീണു മുറിവേറ്റു; “ഈ മുറിവുണങ്ങി എനിക്കു സൗഖ്യം വരുമോ?“ എന്നു എക്രോനിലെ ദേവനായ ബേൽ-സെബൂബിനോടു ചെന്നു ചോദിക്കുവാൻ അവൻ ദൂതന്മാരെ അയച്ചു. എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവിനോടു കല്പിച്ചത്: “നീ ശമര്യാരാജാവിന്‍റെ ദൂതന്മാരെ എതിരേറ്റുചെന്ന് അവരോട്: ‘യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ പോകുന്നത്? ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു‘” എന്നു പറയുക. അങ്ങനെ ഏലീയാവ് പോയി. ദൂതന്മാർ വേഗത്തിൽ മടങ്ങിവന്നപ്പോൾ അവൻ അവരോട്: “നിങ്ങൾ എക്രോനിലേക്കു പോകാതെ മടങ്ങിവന്നത് എന്ത്?” എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞത്: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കുവാൻ അയക്കുന്നത്? ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു’ എന്നു അവനോടു പറയുവിൻ” എന്നു പറഞ്ഞു. അവൻ അവരോട്: “നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കുകൾ പറഞ്ഞ മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു?” എന്നു ചോദിച്ചു. “അയാൾ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറ് കെട്ടിയ ആളായിരുന്നു” എന്നു അവർ അവനോടു പറഞ്ഞു. “അവൻ തിശ്ബ്യനായ ഏലീയാവ് തന്നെ” എന്നു അവൻ പറഞ്ഞു. ഉടനെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരു പടനായകനെ അവന്‍റെ അമ്പത് പടയാളികളുമായി ഏലീയാവിന്‍റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. അഹസ്യാവു ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു. എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി. ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു. അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു. അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു. അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവൻ പറഞ്ഞു. പിന്നെ രാജാവു അമ്പതുപേർക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 1:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽരാജാവായ ആഹാബിന്റെ മരണശേഷം മോവാബ്യർ ഇസ്രായേലിനെതിരേ മത്സരിച്ചു. അഹസ്യാവിന് ശമര്യയിലെ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ ജനാലയിലൂടെ വീണു ഗുരുതരമായ മുറിവേറ്റിരുന്നു. അതിനാൽ, അദ്ദേഹം സന്ദേശവാഹകരെ വിളിച്ച്: “ഈ മുറിവുണങ്ങി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് പോയി അന്വേഷിക്കുക” എന്നു കൽപ്പിച്ചു. എന്നാൽ, യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയാവിനോടു കൽപ്പിച്ചു: “നീ ചെന്നു ശമര്യാരാജാവിന്റെ സന്ദേശവാഹകരെ കണ്ടുമുട്ടി അവരോട്: ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കാൻ യാത്രയാകുന്നത്,’ എന്നു ചോദിക്കുക. അതുകൊണ്ട്, ‘കിടക്കുന്ന കിടക്കയിൽനിന്ന് നീ എഴുന്നേൽക്കുകയില്ല, നീ തീർച്ചയായും മരിക്കും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നറിയിക്കുക.” അതനുസരിച്ച് ഏലിയാവ് ഈ സന്ദേശം അറിയിക്കുന്നതിനായി പുറപ്പെട്ടു. സന്ദേശവാഹകർ മടങ്ങിവന്നപ്പോൾ രാജാവ് അവരോട്: “നിങ്ങൾ ഇത്രവേഗം തിരിച്ചുവന്നതെന്ത്?” എന്നു ചോദിച്ചു. അവർ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ വഴിയിൽ ഞങ്ങളെ കണ്ടുമുട്ടി, അയാൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് അദ്ദേഹത്തോടു പറയുക: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നീ അരുളപ്പാടു കേൾക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുത്തേക്ക് സന്ദേശവാഹകരെ അയയ്ക്കുന്നത്? അതിനാൽ, നീ കിടക്കുന്ന കിടക്കയിൽനിന്ന് എഴുന്നേൽക്കുകയില്ല; നീ തീർച്ചയായും മരിക്കും.” ’ ” രാജാവ് അവരോട്, “നിങ്ങളുടെ അടുക്കൽവന്ന് ഇക്കാര്യം പറഞ്ഞ ആ മനുഷ്യൻ എങ്ങനെയുള്ള ആളാണ്?” എന്നു ചോദിച്ചു. “അദ്ദേഹം രോമംകൊണ്ടുള്ള വസ്ത്രംധരിച്ചും അരയിൽ തുകൽ അരപ്പട്ടയും കെട്ടിയ ഒരാളായിരുന്നു,” എന്ന് അവർ മറുപടി നൽകി. “അതു തിശ്ബ്യനായ ഏലിയാവുതന്നെ” എന്നു രാജാവു പറഞ്ഞു. പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു.