2 കൊരിന്ത്യർ 4:13-18

2 കൊരിന്ത്യർ 4:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

“ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു, അതുകൊണ്ടു സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടുകൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്ന് ഞങ്ങൾ അറിയുന്നു. കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രം വർധിപ്പിക്കേണ്ടതിനു സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നു. അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.

2 കൊരിന്ത്യർ 4:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

‘ഞാൻ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്റെ ആത്മാവിൽ സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിർപ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇവയെല്ലാം നിങ്ങൾക്കുവേണ്ടിയാണു സംഭവിക്കുന്നത്. ദൈവകൃപ കൂടുതൽ കൂടുതൽ ആളുകൾക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്റെ മഹത്ത്വം കൂടുതൽ പ്രകാശിതമാകുംവിധം അവർ സ്തോത്രം അർപ്പിക്കേണ്ടതാണല്ലോ. ഇക്കാരണത്താൽ ഞങ്ങൾ ഒരിക്കലും അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യൻ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങൾ നിസ്സാരമാണ്. ഞങ്ങൾ ദൃശ്യമായ കാര്യങ്ങളിലല്ല, അദൃശ്യമായ കാര്യങ്ങളിലാണു ശ്രദ്ധ ഊന്നുന്നത്. കാണുന്നത് താത്ക്കാലികം; കാണാത്തതോ ശാശ്വതം.

2 കൊരിന്ത്യർ 4:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് വിശ്വാസത്തിന്‍റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിർത്തും എന്നു ഞങ്ങൾ അറിയുന്നു. കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്‍റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്. അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ, ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപ്പോകുന്നു എങ്കിലും, ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിൻ്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.

2 കൊരിന്ത്യർ 4:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

“ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു. കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു. അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.

2 കൊരിന്ത്യർ 4:13-18 സമകാലിക മലയാളവിവർത്തനം (MCV)

“ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു: വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ. അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.