2 കൊരിന്ത്യർ 3:14-18

2 കൊരിന്ത്യർ 3:14-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു. മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

2 കൊരിന്ത്യർ 3:14-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനത്തിന്റെ മനസ്സ് നിർജീവമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇന്നും പഴയ ഉടമ്പടിയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ടു മറയ്‍ക്കപ്പെടുന്നു. ഒരുവൻ ക്രിസ്തുവിനോടു ചേരുമ്പോൾ മാത്രമേ മൂടുപടം നീങ്ങുന്നുള്ളൂ. ഇന്നുപോലും മോശയുടെ നിയമസംഹിത വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് മൂടുപടത്താൽ ആവരണം ചെയ്യപ്പെടുന്നു. എന്നാൽ ‘കർത്താവിന്റെ അടുക്കലേക്കു തിരിഞ്ഞപ്പോൾ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാൻ കഴിയും. ‘കർത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്. അനാവരണം ചെയ്ത മുഖത്തോടുകൂടി നാമെല്ലാവരും കർത്താവിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നു. ആത്മാവാകുന്ന കർത്താവിൽനിന്നു വരുന്ന തേജസ്സുമൂലം, നാം തേജസ്സിൽ ഉത്തരോത്തരം വളർന്ന് തന്റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.

2 കൊരിന്ത്യർ 3:14-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ അവരുടെ മനസ്സ് കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോയി. മോശെയുടെ പുസ്തകം വായിക്കുമ്പോഴൊക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു. കർത്താവ് ആത്മാവാകുന്നു; കർത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ നാം എല്ലാവരും, മൂടുപടം നീങ്ങിയ മുഖത്തോടുകൂടെ കണ്ണാടിയിലെന്നപോലെ കർത്താവിന്‍റെ തേജസ്സ് പ്രതിബിംബിക്കുന്നവരായി, ആത്മാവാകുന്ന കർത്താവിൽനിന്നെന്നപോലെ, തേജസ്സിൽ നിന്ന് തേജസ്സിലേക്ക് അതേ പ്രതിബിംബമായി രൂപാന്തരപ്പെടുന്നു.

2 കൊരിന്ത്യർ 3:14-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു. മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

2 കൊരിന്ത്യർ 3:14-18 സമകാലിക മലയാളവിവർത്തനം (MCV)

ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്. ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു. എന്നാൽ, ഒരു വ്യക്തി കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു. കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സ് കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.