2 കൊരിന്ത്യർ 3:1-9
2 കൊരിന്ത്യർ 3:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്ക് ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾതന്നെ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽതന്നെ എഴുതിയിരിക്കുന്നത്. ഈ വിധം ഉറപ്പ് ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ട്. ഞങ്ങളിൽനിന്നു തന്നെ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ. അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കംവരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്ക് അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
2 കൊരിന്ത്യർ 3:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുവാൻ തുടങ്ങുകയാണോ? നിങ്ങളുടെ പേർക്കോ, നിങ്ങളിൽനിന്നോ മറ്റുചിലർക്കെന്നപോലെ, ഞങ്ങൾക്ക് ശുപാർശക്കത്തുകൾ ആവശ്യമുണ്ടോ? എല്ലാവരും അറിയേണ്ടതിനും വായിക്കേണ്ടതിനും ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ട സാക്ഷ്യപത്രം നിങ്ങൾതന്നെയാണ്. നിങ്ങൾ ക്രിസ്തുവിന്റെ കത്താകുന്നു എന്നുള്ളതു സ്പഷ്ടം. അത് മഷികൊണ്ടല്ല ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനാലാണ് എഴുതപ്പെട്ടത്. കല്പലകകളില്ല, മനുഷ്യഹൃദയങ്ങളിൽത്തന്നെ അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ക്രിസ്തു മുഖേന ഇക്കാര്യത്തിൽ ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്. തനിയെ ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രാപ്തി ഞങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞങ്ങൾക്കുള്ള പ്രാപ്തി ദൈവത്തിൽനിന്നു ലഭിക്കുന്നതാണ്. പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാനുള്ള പ്രാപ്തി ദൈവം ഞങ്ങൾക്കു നല്‌കി. ആ ഉടമ്പടി അക്ഷരങ്ങൾകൊണ്ട് എഴുതപ്പെട്ടതല്ല, ആത്മാവിനാലുള്ളതാകുന്നു. എഴുതപ്പെട്ട നിയമം മരണത്തിലേക്കു നയിക്കുന്നു. എന്നാൽ ആത്മാവു ജീവൻ പ്രദാനം ചെയ്യുന്നു. കല്പലകകളിൽ അക്ഷരങ്ങളിൽ എഴുതിയ നിയമസംഹിത നല്‌കിയപ്പോൾ ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്‍ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേൽജനത്തിന് അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുവാൻ കഴിയാതവണ്ണം അത് അത്രയ്‍ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കിൽ, ആത്മാവിന്റെ പ്രവർത്തനം എത്രയധികം തേജോമയമായിരിക്കും! ശിക്ഷാവിധി വരുത്തുന്ന വ്യവസ്ഥ തേജസ്സുള്ളതായിരുന്നെങ്കിൽ രക്ഷയിലേക്കു നയിക്കുന്ന പ്രവർത്തനം എത്രയധികം തേജസ്സുള്ളതായിരിക്കും!
2 കൊരിന്ത്യർ 3:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിക്കുവാൻ തുടങ്ങുന്നുവോ? അല്ല, ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശക്കത്ത് തരുവാനോ നിങ്ങളിൽനിന്നു വാങ്ങുവാനോ ഞങ്ങൾക്ക് ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി, സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ കത്ത് നിങ്ങൾ തന്നെ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്‍റെ കത്തായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു. ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട്. ഞങ്ങളിൽനിന്ന് തന്നെ വരുന്നതുപോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; എന്നാൽ ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ. അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിൻ്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രെ; എന്തെന്നാൽ, അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്‍റെ ശുശ്രൂഷ, മങ്ങിപ്പോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽ മക്കൾക്ക് അവന്‍റെ മുഖത്ത് നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
2 കൊരിന്ത്യർ 3:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു. ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ. അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
2 കൊരിന്ത്യർ 3:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം? നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്. അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്” നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്. യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്. ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്ന് വരുന്നു. അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു. അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും. കുറ്റക്കാരനെന്നു വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും!