2 കൊരിന്ത്യർ 3:1-3

2 കൊരിന്ത്യർ 3:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിക്കുവാൻ തുടങ്ങുന്നുവോ? അല്ല, ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശക്കത്ത് തരുവാനോ നിങ്ങളിൽനിന്നു വാങ്ങുവാനോ ഞങ്ങൾക്ക് ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി, സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ കത്ത് നിങ്ങൾ തന്നെ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്‍റെ കത്തായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു.

2 കൊരിന്ത്യർ 3:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.

2 കൊരിന്ത്യർ 3:1-3 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം? നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്. അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്” നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.