2 കൊരിന്ത്യർ 2:3-11
2 കൊരിന്ത്യർ 2:3-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഇതുതന്നെ എഴുതിയത് ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നുവച്ചും എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയുംകുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ. ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ -ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ- നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു. അവനു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നെ വേണ്ടത്. അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്ന് പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയത്. നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു. സാത്താൻ നമ്മെ തോല്പിക്കരുത്; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
2 കൊരിന്ത്യർ 2:3-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വരുമ്പോൾ എനിക്കു സന്തോഷം നല്‌കേണ്ടവർ എന്നെ ദുഃഖിപ്പിക്കാതിരിക്കുവാൻവേണ്ടിയാണു ഞാൻ ആ കത്തെഴുതിയത്. എന്തെന്നാൽ ഞാൻ സന്തോഷിക്കുമ്പോൾ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്. ദുഃഖിപ്പിച്ചവൻ എന്നെയല്ല, നിങ്ങളെ എല്ലാവരെയുമാണ് ഒരളവിൽ ദുഃഖിപ്പിച്ചത്- അയാളെ കൂടുതൽ വേദനിപ്പിക്കരുതല്ലോ. നിങ്ങളിൽ ഭൂരിപക്ഷം പേർ അയാൾക്കു നല്‌കിയ ശിക്ഷ ധാരാളം മതി. ഏതായാലും അയാൾ നിലയില്ലാത്ത ദുഃഖത്തിൽ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങൾ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹം വീണ്ടും ഉറപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്റെ നിർദേശങ്ങൾ അനുസരിക്കുവാൻ നിങ്ങൾ എപ്പോഴും സന്നദ്ധരാണോ എന്നു പരീക്ഷിക്കുന്നതിനാണ് ഞാൻ അങ്ങനെ എഴുതിയത്. നിങ്ങൾ ക്ഷമിച്ച ഏതൊരുവനോടും ഞാനും ക്ഷമിക്കുന്നു; ഞാൻ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കിൽ, നിങ്ങളെ പ്രതി ക്രിസ്തുവിന്റെ സാന്നിധ്യത്തിലത്രേ അപ്രകാരം ചെയ്തത്. ഇത് സാത്താൻ നമ്മെ അടിമപ്പെടുത്താതിരിക്കുന്നതിനാണ്. സാത്താന്റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
2 കൊരിന്ത്യർ 2:3-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും, എന്‍റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ച് ഉറപ്പുള്ളതുകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ. ഒരുവൻ എന്‍റെ ദുഃഖത്തിന് കാരണമായി എങ്കിൽ അവൻ എന്നെയല്ല ഒരളവിൽ (ഞാൻ പരുഷമായി ഏറെ പറയരുതല്ലോ) നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവനു മതി. മറിച്ച്, അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും അത്രേ വേണ്ടത്. അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവനു ഉറപ്പിച്ചുകൊടുക്കുവാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനായിരുന്നു ഞാൻ എഴുതിയത്. നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിൽ ക്ഷമിച്ചിരിക്കുന്നു. സാത്താൻ നമ്മിൽ നിന്ന് നേട്ടം ഉണ്ടാക്കാതിരിക്കേണ്ടതിനു തന്നെ; എന്തെന്നാൽ, അവന്‍റെ തന്ത്രങ്ങളെ പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
2 കൊരിന്ത്യർ 2:3-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ. ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു. അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു. അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു. നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു. സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
2 കൊരിന്ത്യർ 2:3-11 സമകാലിക മലയാളവിവർത്തനം (MCV)
എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്. മഹാദുഃഖത്തോടും ഹൃദയനുറുക്കത്തോടും വളരെ കണ്ണുനീരോടുംകൂടെയാണു ഞാൻ നിങ്ങൾക്ക് അത് എഴുതിയത്. അതിന്റെ ഉദ്ദേശ്യമോ നിങ്ങളെ ദുഃഖിപ്പിക്കുക എന്നതല്ല മറിച്ച്, എനിക്കു നിങ്ങളോടുള്ള സ്നേഹം എത്ര ആഴമേറിയത് എന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരിക എന്നതാണ്. നിങ്ങളിലൊരുവൻ എനിക്കു സങ്കടമുണ്ടാക്കുന്നെങ്കിൽ അയാൾ എന്നെയല്ല, ഞാൻ കണക്കിലേറെ പറയരുതല്ലോ, ഒരളവുവരെ നിങ്ങൾക്ക് എല്ലാവർക്കുമാണ് സങ്കടം വരുത്തിയിരിക്കുന്നത്. ഭൂരിപക്ഷംപേർ അവനു നൽകിക്കഴിഞ്ഞ ശിക്ഷ ധാരാളംമതി. ഇനി, അയാൾ അസഹനീയമായ ദുഃഖത്തിൽ വീണുപോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണു വേണ്ടത്. അങ്ങനെ, അവനോടുള്ള സ്നേഹം നിങ്ങൾ വീണ്ടും ഉറപ്പിച്ചുകൊടുക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരണം പാലിക്കുമോ എന്നു പരീക്ഷിച്ചറിയേണ്ടതിനാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു—ക്ഷമിക്കപ്പെടാനായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ—നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ സന്നിധിയിലാണ് ഞാൻ അത് ക്ഷമിച്ചിരിക്കുന്നത്. സാത്താൻ നമ്മെ വഞ്ചിക്കാൻ അവസരം നൽകരുത്. നാം അവന്റെ കുതന്ത്രങ്ങൾ അറിയാത്തവർ അല്ലല്ലോ?