2 കൊരിന്ത്യർ 2:1-4

2 കൊരിന്ത്യർ 2:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നത് ദുഃഖത്തോടെ ആകരുത് എന്നു ഞാൻ നിർണയിച്ചു. ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നത് ആർ? ഞാൻ ഇതുതന്നെ എഴുതിയത് ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നുവച്ചും എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയുംകുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.

2 കൊരിന്ത്യർ 2:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വീണ്ടും സന്ദർശിച്ചു നിങ്ങൾക്കു മനോവേദന ഉണ്ടാക്കരുതെന്നു ഞങ്ങൾ നിശ്ചയിച്ചു. ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നെ സമാശ്വസിപ്പിക്കുന്നതിന് ഞാൻ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ മറ്റാരാണുള്ളത്? ഞാൻ വരുമ്പോൾ എനിക്കു സന്തോഷം നല്‌കേണ്ടവർ എന്നെ ദുഃഖിപ്പിക്കാതിരിക്കുവാൻവേണ്ടിയാണു ഞാൻ ആ കത്തെഴുതിയത്. എന്തെന്നാൽ ഞാൻ സന്തോഷിക്കുമ്പോൾ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്.

2 കൊരിന്ത്യർ 2:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നത് ദുഃഖത്തോടെ ആകരുത് എന്നു ഞാൻ സ്വയം തീരുമാനിച്ചു. ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു? ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും, എന്‍റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ച് ഉറപ്പുള്ളതുകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.

2 കൊരിന്ത്യർ 2:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിർണ്ണയിച്ചു. ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ? ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.

2 കൊരിന്ത്യർ 2:1-4 സമകാലിക മലയാളവിവർത്തനം (MCV)

വേദനയുണ്ടാക്കുന്ന മറ്റൊരു സന്ദർശനത്തിനായി നിങ്ങളുടെ അടുക്കൽ വരരുതെന്നു ഞാൻ തീരുമാനിച്ചു. ഞാൻ നിങ്ങളെ വേദനിപ്പിച്ചാൽ, ഞാൻ വേദനിപ്പിച്ച നിങ്ങൾതന്നെയല്ലാതെ എന്നെ ആശ്വസിപ്പിക്കാൻ മറ്റാരാണുള്ളത്? എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്. മഹാദുഃഖത്തോടും ഹൃദയനുറുക്കത്തോടും വളരെ കണ്ണുനീരോടുംകൂടെയാണു ഞാൻ നിങ്ങൾക്ക് അത് എഴുതിയത്. അതിന്റെ ഉദ്ദേശ്യമോ നിങ്ങളെ ദുഃഖിപ്പിക്കുക എന്നതല്ല മറിച്ച്, എനിക്കു നിങ്ങളോടുള്ള സ്നേഹം എത്ര ആഴമേറിയത് എന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരിക എന്നതാണ്.