2 കൊരിന്ത്യർ 13:1-10

2 കൊരിന്ത്യർ 13:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്: “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാകും”. ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു. ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻതന്നെ. ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടുകൂടെ ദൈവശക്തിയാൽ നിങ്ങൾക്കുവേണ്ടി ജീവിക്കുന്നു. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്‍വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ? ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങൾ പ്രാർഥിക്കുന്നു. അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു.

2 കൊരിന്ത്യർ 13:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളെ സന്ദർശിക്കുവാൻ ഞാൻ വരുന്നത് ഇതു മൂന്നാംതവണയാണ്. ‘ഏതു കുറ്റാരോപണവും മൂന്നോ അല്ലെങ്കിൽ കുറഞ്ഞത് രണ്ടോ സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥിരീകരിക്കേണ്ടത്’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. മുമ്പ് പാപം ചെയ്തവർക്കും മറ്റുള്ള എല്ലാവർക്കും ഞാൻ നല്‌കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവർത്തിക്കുന്നു; രണ്ടാമത്തെ സന്ദർശനവേളയിൽ ഞാൻ നേരിട്ട് ആ മുന്നറിയിപ്പു നല്‌കി. ഇപ്പോൾ അകലെയിരുന്നുകൊണ്ടാണ് അത് ആവർത്തിക്കുന്നത്. ഞാൻ വീണ്ടും വരുമ്പോൾ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുർബലനായിട്ടല്ല; പിന്നെയോ തന്റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തിൽ പ്രകടമാക്കിക്കൊണ്ടത്രേ. തന്റെ ബലഹീനതയിൽ അവിടുന്നു കുരിശിൽ മരിച്ചു. എന്നാൽ ദൈവത്തിന്റെ ശക്തിയാൽ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയിൽ പങ്കുകാരായ ഞങ്ങൾ നിങ്ങളോടിടപെടുമ്പോൾ ദൈവത്തിന്റെ ശക്തിയാൽ അവിടുത്തോടുകൂടി ജീവിക്കും. നിങ്ങൾ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങൾ അറിയുന്നില്ലേ? -ഇല്ലെങ്കിൽ നിങ്ങൾ പൂർണമായും പരാജയമടഞ്ഞിരിക്കുന്നു. ഞങ്ങൾ പരാജയപ്പെട്ടില്ലെന്നു നിങ്ങൾക്കറിയാം എന്നാണ് എന്റെ വിശ്വാസം. നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാൽത്തന്നെയും, നിങ്ങൾ നന്മ പ്രവർത്തിക്കണം. സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാൻ ഞങ്ങൾക്കു സാധ്യമല്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരുമാകുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ പൂർണത പ്രാപിക്കുവാൻ ഞങ്ങൾ പ്രാർഥിക്കുന്നു. അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാൻ ഇതെഴുതുന്നത്; ഞാൻ വരുമ്പോൾ കർത്താവ് എനിക്കു നല്‌കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കർക്കശമായി പെരുമാറുവാൻ ഇടയാകരുതല്ലോ. എനിക്കു നല്‌കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയർത്തുവാനുള്ളതാകുന്നു.

2 കൊരിന്ത്യർ 13:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത് “രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യത്താൽ ഏത് കാര്യവും ഉറപ്പാക്കപ്പെടും” ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു. ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ. ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ? എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.

2 കൊരിന്ത്യർ 13:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും” ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു. ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന്നു നിങ്ങൾ തുമ്പു അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നേ. ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിന്നത്രേ. സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.

2 കൊരിന്ത്യർ 13:1-10 സമകാലിക മലയാളവിവർത്തനം (MCV)

ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.” ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്! ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു. നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന. സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു. കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്.