2 കൊരിന്ത്യർ 12:11-21

2 കൊരിന്ത്യർ 12:11-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണസഹിഷ്ണുതയിലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ. ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്ക് ഏതൊന്നിൽ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ. ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു. മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടത്. ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എങ്കിലും ഉപായിയാകയാൽ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും. ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞാൻ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ? ഇത്രനേരം ഞങ്ങൾ നിങ്ങളോടു പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർധനയ്ക്കായിട്ടത്രേ. ഞാൻ വരുമ്പോൾ ഞാൻ ഇച്ഛിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കാത്തവിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പ്, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപം ചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.

2 കൊരിന്ത്യർ 12:11-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ ഒരു ഭോഷനായിത്തീർന്നു! പക്ഷേ നിങ്ങൾ അതിന് എന്നെ നിർബന്ധിച്ചു. നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാൻ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാൾ ഒരു വിധത്തിലും കുറഞ്ഞവനല്ല. ഞാൻ ഒരു അപ്പോസ്തോലനാണ് എന്നു തെളിയിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും വിസ്മയാവഹമായ പ്രവർത്തനങ്ങളും ഏറ്റവും സഹിഷ്ണുതയോടുകൂടി നിങ്ങളുടെ ഇടയിൽ നടത്തിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിനുവേണ്ടി നിങ്ങളെ ഞാൻ ഭാരപ്പെടുത്തിയിട്ടില്ല എന്നതൊഴികെ ഇതര സഭകളെക്കാൾ നിങ്ങൾക്കു കുറവു വന്നിട്ടുള്ളത് എന്താണ്? ഈ അപരാധം നിങ്ങൾ സദയം ക്ഷമിക്കുക! ഇതാ മൂന്നാം പ്രാവശ്യവും നിങ്ങളെ സന്ദർശിക്കുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു- ഞാൻ നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകുകയില്ല. നിങ്ങളുടെ പണമല്ല നിങ്ങളെയാണ് എനിക്കു വേണ്ടത്. മക്കൾ മാതാപിതാക്കൾക്കല്ല, മാതാപിതാക്കൾ മക്കൾക്കാണല്ലോ കൊടുക്കേണ്ടത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഞാൻ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്? ഞാൻ നിങ്ങൾക്ക് ഒരു ഭാരമായിരുന്നില്ല എന്നുള്ളത് നിങ്ങൾ സമ്മതിക്കും. എന്നാൽ ഞാൻ തന്ത്രശാലിയാണെന്നും വ്യാജങ്ങൾകൊണ്ടു നിങ്ങളെ വഞ്ചിച്ചു എന്നും ചിലർ പറയുമായിരിക്കും. അതെങ്ങനെയാണ്? ഞാൻ നിങ്ങളുടെ അടുക്കൽ അയച്ച ദൂതന്മാർ മുഖേന നിങ്ങളുടെ വക വല്ലതും വഞ്ചിച്ചെടുത്തുവോ? തീത്തോസിനോടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ അഭ്യർഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്റെ കൂടെ അയയ്‍ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങൾ പറയുമോ? ഒരേ ലക്ഷ്യവും മാർഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവർത്തിച്ചത്? ഇതുവരെയും ഞങ്ങളെത്തന്നെ ന്യായീകരിക്കുവാൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു എന്ന് ഒരുവേള നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ദൈവമുമ്പാകെ ഞങ്ങൾ എങ്ങനെ സംസാരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നുവോ അങ്ങനെയാണു ഞങ്ങൾ സംസാരിക്കുന്നത്. പ്രിയ സ്നേഹിതരേ, നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണു ഞങ്ങൾ ചെയ്യുന്നതെല്ലാം. ഞാൻ അവിടെയെത്തുമ്പോൾ ഞാൻ ഇച്ഛിക്കുന്നതിൽനിന്നു വ്യത്യസ്തമായ വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കുന്ന വിധത്തിൽ അല്ലാതെ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാർഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്റെ ഭയം. അടുത്ത തവണ ഞാൻ വരുമ്പോൾ നിങ്ങളുടെ മുമ്പിൽവച്ച് എന്റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാർഗികമായ നടപടികൾ, വിഷയാസക്തി, ലൈംഗികമായ പാപങ്ങൾ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.

2 കൊരിന്ത്യർ 12:11-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; എന്തെന്നാൽ, ഞാൻ ഒന്നുമല്ല എങ്കിലും, അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. യഥാർത്ഥ അപ്പൊസ്തലൻ്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടു. ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളേക്കാൾ നിങ്ങളെ ഏതുകാര്യത്തിൽ കുറവുള്ളവരാക്കി? ഈ അന്യായം ക്ഷമിച്ചുകൊള്ളുവിൻ. ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവയ്ക്കേണ്ടത്. ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? എന്നാൽ, ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്നു നിങ്ങൾ പറയുമായിരിക്കും. ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെയെങ്കിലുംകൊണ്ട് നിങ്ങളെ ചൂഷണം ചെയ്തെടുത്തുവോ? ഞാൻ തീത്തൊസിനെ ഉത്സാഹിപ്പിച്ച്, ആ സഹോദരനെയും അവന്‍റെ കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളെ ചൂഷണം ചെയ്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ? ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്നു നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർദ്ധനയ്ക്കായിട്ടത്രേ. ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്ത വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും, പിണക്കം, അസൂയ, കോപം, പക, ഏഷണി, പരദൂഷണം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ ഭയപ്പെടുന്നു. ഞാൻ വീണ്ടും വരുമ്പോൾ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും, മുമ്പ് പാപംചെയ്യുകയും തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ചെയ്യാത്ത പലരെയും ചൊല്ലി വിലപിക്കുവാനും ഇടയാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.

2 കൊരിന്ത്യർ 12:11-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ. ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്കു ഏതൊന്നിൽ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ. ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; നിങ്ങൾക്കു ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടതു. ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എങ്കിലും ഉപായിയാകയാൽ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങൾ പറയുമായിരിക്കും. ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞാൻ തീതൊസിനെ പ്രബോധിപ്പിച്ചു, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീതൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നതു അതേ ആത്മാവിൽ അല്ലയോ? അതേ കാൽചുവടുകളിൽ അല്ലയോ? ഇത്രനേരം ഞങ്ങൾ നിങ്ങളോടു പ്രതിവാദിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നതു; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവർദ്ധനെക്കായിട്ടത്രേ. ഞാൻ വരുമ്പോൾ ഞാൻ ഇച്ഛിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.

2 കൊരിന്ത്യർ 12:11-21 സമകാലിക മലയാളവിവർത്തനം (MCV)

ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല. എന്നിൽ അപ്പൊസ്തലന്റെ ലക്ഷണങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും മഹാസഹിഷ്ണുതയോടുകൂടി നിങ്ങളുടെ മധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നല്ലോ. ഞാൻ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരമായിത്തീർന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഞാൻ കുറവു വരുത്തിയിട്ടുള്ളത്? ഈ തെറ്റ് എന്നോടു ക്ഷമിച്ചാലും! ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്. അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്? അതെന്തായാലും ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയില്ല; എന്നിട്ടും നിങ്ങൾ കരുതുന്നത് ഞാൻ കൗശലക്കാരനായി നിങ്ങളെ വഞ്ചിച്ചെന്നോ? നിങ്ങളുടെ അടുക്കൽ അയച്ച ആരിൽക്കൂടെയെങ്കിലും ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ? ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്? ഞങ്ങൾ ഇത്രവരെ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നു എന്നാണോ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്? എന്നാൽ അങ്ങനെയല്ല വാസ്തവത്തിൽ പ്രിയസ്നേഹിതരേ, ക്രിസ്തുവിൽ നിങ്ങളുടെ ആത്മികോന്നതി ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഇതെല്ലാം ദൈവത്തിനുമുമ്പാകെ സംസാരിക്കുന്നത്. ഞാൻ വരുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു; ഈർഷ്യ, ശണ്ഠ, ക്രോധം, സ്വാർഥമോഹം, ഭിന്നത, അപവാദം, ഏഷണി, അഹങ്കാരം, കലഹം എന്നിവ നിങ്ങളുടെ മധ്യത്തിൽ ഉണ്ടായിരിക്കുമോയെന്നും എനിക്ക് ആശങ്കയുണ്ട്. ഞാൻ വീണ്ടും വരുമ്പോൾ പാപംചെയ്തിട്ടു, തങ്ങൾ ഏർപ്പെട്ടിരുന്ന അശുദ്ധി, ലൈംഗികാധർമം, വ്യഭിചാരം എന്നിവയെപ്പറ്റി അനുതപിക്കാത്ത പലരെ പിന്നെയും കണ്ട്, ലജ്ജിതനായി, ദൈവസന്നിധിയിൽ ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.