2 കൊരിന്ത്യർ 1:8-10

2 കൊരിന്ത്യർ 1:8-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങൾക്കുണ്ടായ ക്ലേശങ്ങൾ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടെ ശേഷിക്കുമെന്ന് ഓർത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങൾക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങൾ. ഞങ്ങൾ വധിക്കപ്പെടുമെന്നു വിചാരിച്ചതാണ്. എന്നാൽ ഈ പീഡനങ്ങളിൽകൂടിയെല്ലാം ഞങ്ങൾ കടന്നുപോന്നതുകൊണ്ട്, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽത്തന്നെയാണ് ആശ്രയിക്കേണ്ടതെന്നു ഞങ്ങൾക്കു ബോധ്യമായി. ഇങ്ങനെയുള്ള മാരകമായ വിപത്തുകളിൽനിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു; ഇനി രക്ഷിക്കുകയും ചെയ്യും; രക്ഷിക്കുമെന്നുള്ള ഞങ്ങളുടെ പ്രത്യാശ ദൈവത്തിൽ സമർപ്പിച്ചുമിരിക്കുന്നു.

2 കൊരിന്ത്യർ 1:8-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു. വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയം വച്ചു. ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു.

2 കൊരിന്ത്യർ 1:8-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു. ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.

2 കൊരിന്ത്യർ 1:8-10 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും.