2 കൊരിന്ത്യർ 1:12-16

2 കൊരിന്ത്യർ 1:12-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോട്, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യംതന്നെ ഞങ്ങളുടെ പ്രശംസ. നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നില്ല; നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് നിങ്ങൾ ഞങ്ങളെ ഏറെക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്ന് ഞാൻ ആശിക്കുന്നു. ഇങ്ങനെ ഉറച്ചിട്ടു നിങ്ങൾക്കു രണ്ടാമത് ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവച്ചു മുമ്പേ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.

2 കൊരിന്ത്യർ 1:12-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാർഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങൾ അഭിമാനം കൊള്ളുന്നത്. നിങ്ങൾക്കു വായിച്ചു മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഞങ്ങൾ എഴുതുന്നുള്ളൂ. ഇപ്പോൾ നിങ്ങൾ അപൂർണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങൾ ഞങ്ങളെ സമ്പൂർണമായി മനസ്സിലാക്കുമെന്നും, ഞങ്ങൾ നിങ്ങളിൽ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കർത്താവിന്റെ ദിവസത്തിൽ നിങ്ങൾക്കു ഞങ്ങളിൽ അഭിമാനംകൊള്ളുവാൻ കഴിയുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു. ഇതെല്ലാം എനിക്കു നിശ്ചയമുണ്ടായിരുന്നതുകൊണ്ട് മാസിഡോണിയയിലേക്കു പോകുന്ന വഴി നിങ്ങളെ സന്ദർശിക്കാമെന്നും അവിടെനിന്നു തിരിച്ചു വരുന്നവഴി നിങ്ങളെ കണ്ട് നിങ്ങളുടെ സഹായത്തോടുകൂടി യെഹൂദ്യയിലേക്കു പോകാമെന്നുമായിരുന്നു ഞാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ നിങ്ങളെ രണ്ടു പ്രാവശ്യം കാണാമെന്നും നിങ്ങൾക്ക് ഇരട്ടിയായ ദൈവാനുഗ്രഹം ലഭിക്കുമെന്നും ഞാൻ കരുതി.

2 കൊരിന്ത്യർ 1:12-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ. നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല; നമ്മുടെ കർത്താവായ യേശുവിന്‍റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നതുപോലെ, പൂർണ്ണമായി ഗ്രഹിക്കും എന്നു ഞാൻ ഉറച്ചിരിക്കുന്നു. അതുകൊണ്ട് ഈ ഉറപ്പിൽ രണ്ടു അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകേണ്ടതിനായി, മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.

2 കൊരിന്ത്യർ 1:12-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ. നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല; നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു. ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.

2 കൊരിന്ത്യർ 1:12-16 സമകാലിക മലയാളവിവർത്തനം (MCV)

ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്. നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല. മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും. ഈ ആത്മവിശ്വാസത്തോടെയാണ് ഞാൻ മുമ്പുതന്നെ നിങ്ങളെ സന്ദർശിക്കണമെന്നും അങ്ങനെ നിങ്ങൾക്കു രണ്ടാമതും പ്രയോജനം ഉണ്ടാകണമെന്നും ഉദ്ദേശിച്ചത്. മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.