2 ദിനവൃത്താന്തം 6:32-42

2 ദിനവൃത്താന്തം 6:32-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം- നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർഥിച്ചാൽ നീ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവച്ച്: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥനയ്ക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

2 ദിനവൃത്താന്തം 6:32-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവർത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തിൽവന്നു പ്രാർഥിച്ചാൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവന്റെ അപേക്ഷകൾ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാൻ പണിതിരിക്കുന്നതെന്നും അവർ അറിയട്ടെ. “അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ പോകുമ്പോൾ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിച്ചാൽ, അവിടുന്ന് അവരുടെ പ്രാർഥനയും അപേക്ഷകളും സ്വർഗത്തിൽനിന്നു കേട്ട് അവർക്ക് വിജയം നല്‌കണമേ. “അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കൾ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് അവർ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും ആ പ്രവാസദേശത്ത് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാർഥിക്കുകയും ചെയ്താൽ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ. “എന്റെ ദൈവമേ, ഇപ്പോൾ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാർഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ. ദൈവമായ സർവേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ. സർവേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാർ അവിടുത്തെ നന്മയിൽ സന്തോഷിക്കുകയും ചെയ്യട്ടെ. സർവേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനിൽനിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓർക്കണമേ.”

2 ദിനവൃത്താന്തം 6:32-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“അവിടുത്തെ ജനമായ യിസ്രായേലിൽ ഉൾപ്പെടാ‍ത്ത അന്യജനത അങ്ങേയുടെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും അറിഞ്ഞ് ദൂരദേശത്തുനിന്നു വന്ന് പ്രാർത്ഥിച്ചാൽ അങ്ങ് അങ്ങേയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജനങ്ങളും യിസ്രായേൽജനത്തേ പോലെ അങ്ങേയുടെ നാമത്തെ അറിഞ്ഞ് അങ്ങയെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അങ്ങയുടെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറിയുകയും ചെയ്യേണ്ടതിന് ആ പരദേശികൾ അങ്ങയോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. അങ്ങ് അങ്ങയുടെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ, അങ്ങ് തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർത്ഥിച്ചാൽ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ. അവർ അങ്ങയോട് പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - അങ്ങ് അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കുകയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്താൽ പ്രവാസദേശത്തുവച്ച് അവർ സുബോധം വന്നിട്ട് തങ്ങളുടെ ഹൃദയത്തിൽനിന്ന്: “ഞങ്ങൾ പാപംചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അങ്ങയോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങിലേക്കു തിരിഞ്ഞ് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും തെരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് അങ്ങ് അവരുടെ പ്രാർത്ഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്ത് അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോൾ എന്‍റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ. “ആകയാൽ യഹോവയായ ദൈവമേ, അങ്ങും അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റ് അങ്ങേയുടെ വിശ്രമസ്ഥലത്തേക്ക് വരേണമേ; യഹോവയായ ദൈവമേ, അങ്ങേയുടെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും അങ്ങേയുടെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, അങ്ങേയുടെ അഭിഷിക്തന്‍റെ മുഖം ത്യജിച്ചുകളയരുതേ; അങ്ങേയുടെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.“

2 ദിനവൃത്താന്തം 6:32-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം - നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

2 ദിനവൃത്താന്തം 6:32-42 സമകാലിക മലയാളവിവർത്തനം (MCV)

“അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ! “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ! “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. “ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ! “യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകത്തിലേക്ക്. യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതവൃന്ദം രക്ഷയുടെ വസ്ത്രം അണിയട്ടെ! അങ്ങയുടെ വിശ്വസ്തർ അവിടത്തെ നന്മയിൽ ആഹ്ലാദിക്കട്ടെ! യഹോവയായ ദൈവമേ, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ! അവിടത്തെ ദാസനായ ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട അചഞ്ചലസ്നേഹത്തെ ഓർക്കണമേ!”