2 ദിനവൃത്താന്തം 33:10-16

2 ദിനവൃത്താന്തം 33:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരേ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർഥിച്ചു. അവൻ അവന്റെ പ്രാർഥന കൈക്കൊണ്ട് അവന്റെ യാചന കേട്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിനു തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്നു മനശ്ശെക്കു ബോധ്യമായി. അതിന്റെശേഷം അവൻ ഗീഹോനു പടിഞ്ഞാറു താഴ്‌വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന് ഒരു പുറമതിൽ പണിതു; അവൻ അത് ഓഫേലിനു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകല ബലിപീഠങ്ങളെയും നീക്കി നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദായോടു കല്പിച്ചു.

2 ദിനവൃത്താന്തം 33:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മനശ്ശെയ്‍ക്കും ജനത്തിനും മുന്നറിയിപ്പു നല്‌കിയെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല. അതുകൊണ്ട് സർവേശ്വരൻ അസ്സീറിയാരാജാവിന്റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാൻ കൊണ്ടുവന്നു; അവർ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ഈ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ സർവേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാർഥിച്ചു. അവിടുന്നു അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളുകയും യെരൂശലേമിലേക്ക്, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. സർവേശ്വരനാണ് യഥാർഥ ദൈവം എന്നു മനശ്ശെ മനസ്സിലാക്കി. പിന്നീട് മനശ്ശെ ഗീഹോനു പടിഞ്ഞാറുള്ള താഴ്‌വരമുതൽ മത്സ്യകവാടംവരെ ഓഫേലിനു ചുറ്റും ദാവീദിന്റെ നഗരത്തിനു വളരെ ഉയരമുള്ള ഒരു പുറംമതിൽ നിർമ്മിച്ചു; യെഹൂദ്യയിലെ സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ നിയമിക്കുകയും ചെയ്തു. അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽനിന്ന് അന്യദേവന്മാരെയും താൻ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയം സ്ഥാപിച്ചിരുന്ന പർവതത്തിലും യെരൂശലേമിന്റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അദ്ദേഹം സർവേശ്വരന്റെ യാഗപീഠം പുതുക്കിപ്പണിത് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ യെഹൂദ്യരോടു കല്പിച്ചു.

2 ദിനവൃത്താന്തം 33:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ മനശ്ശെയോടും അവന്‍റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. ആകയാൽ യഹോവ അശ്ശൂർരാജാവിന്‍റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി. കഷ്ടതയിൽ ആയപ്പോൾ അവൻ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു. അവൻ അവന്‍റെ പ്രാർത്ഥനയും യാചനയും കൈക്കൊണ്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്‍റെ രാജത്വത്തിലേക്ക് തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്നു മനശ്ശെക്കു ബോധ്യമായി. അതിനുശേഷം അവൻ ഗീഹോന് പടിഞ്ഞാറുള്ള താഴ്വരയിൽ, മീൻവാതിലിന്‍റെ പ്രവേശനംവരെ, ദാവീദിന്‍റെ നഗരത്തിന് പുറത്തായി ഒരു മതിൽ പണിതു; അവൻ അത് ഓഫേലിനു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്‍റെ ദൈവമായ യഹോവയെ സേവിക്കുവാൻ യെഹൂദയോടു കല്പിച്ചു.

2 ദിനവൃത്താന്തം 33:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു. അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി. അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറുതാഴ്‌വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു.

2 ദിനവൃത്താന്തം 33:10-16 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല. അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു. അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി. അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു.